അവൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായ ശാലിനി അവനെ നോക്കി പുരികം ഉയർത്തി.
“ചേട്ടന് ഒരുമ്മ തന്നേ ഇനി…”
“ഉമ്മാ…” അമ്മു അവൻ്റെ കവിളിൽ അമർത്തി ഒരു സ്നേഹ ചുംബനം നൽകി. ആര്യൻ തിരിച്ചും അവൾക്കൊരു ഉമ്മ കൊടുത്ത ശേഷം അവളോട് അതുകൊണ്ടുപോയി കഴിച്ചോളാൻ പറഞ്ഞു. അമ്മു ആ പൊതിയുമായി അകത്തേക്കോടി.
“അമ്മൂട്ടിക്ക് മാത്രമേ ഉള്ളോ പൊതിയും മിഠായിയും ഒക്കെ…”
“ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ അതിന്…എന്തെങ്കിലും വേണമായിരുന്നോ?”
“ഓ എനിക്കൊന്നും വേണ്ടേ…”
“ശാലിനിക്കുട്ടിക്ക് കുശുമ്പ് കുത്തിയോ…” ആര്യൻ കൊഞ്ചിക്കൊണ്ട് അവളെ ചോദിച്ച് ചൊടുപ്പിക്കാൻ ശ്രമിച്ചു.
“പോടാ അവിടുന്ന്…ഹഹഹ…” പക്ഷേ ശാലിനിക്ക് അവൻ്റെ ആ പറച്ചിൽ കേട്ട് ചിരി പോട്ടുകയാണ് ഉണ്ടായത്.
“അമ്മ എവിടെ…?”
“അമ്മ വിളക്ക് കത്തിക്കാൻ വേണ്ടി കുളിക്കുന്നു…”
“ആഹാ…കഴിയാൻ താമസിക്കുമോ?”
“ഏയ് ഇല്ലെടാ ഇപ്പോ ഇറങ്ങും…നിനക്ക് എന്താ പോയിട്ട് ഇത്ര അത്യാവശം…?”
“ചെന്നിട്ട് വേണം ഇനി എന്തെങ്കിലും ഉണ്ടാക്കാൻ…വൈകിട്ട് പട്ടിണി കിടക്കാൻ പറ്റില്ലാലോ…”
“എങ്കിൽ ഇന്നിനി ഒന്നും ഉണ്ടാക്കേണ്ട ഇവിടുന്ന് കഴിക്കാം…”
“ഏയ് അത് വേണ്ട ചേച്ചി ഞാൻ എന്തെങ്കിലും ഉണ്ടാക്കിക്കോളാം…”
“മര്യാദക്ക് ഇരുന്നോണം അവിടെ…” ശാലിനിയുടെ ആ പറച്ചിൽ ഒരു ആജ്ഞ പോലെ കേട്ടുകൊണ്ട് ആര്യൻ ഒന്നും മിണ്ടാതെ ചുണ്ടിൽ വിരലുകൾ വച്ചുകൊണ്ട് അവളുടെ മുന്നിൽ തല കുമ്പിട്ടിരുന്നു.
അത് കണ്ട് വീണ്ടും ചിരി വന്ന ശാലിനി അമ്മയുടെ വിളി കേട്ട് അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
ആ സമയം അമ്മൂട്ടി വീണ്ടും അവൻ്റെ അടുത്തേക്ക് ഓടി വന്നിട്ട് അവനോട് വാ തുറക്കാൻ പറഞ്ഞു. ആര്യൻ വാ തുറന്നതും അമ്മു ഒരു മിട്ടായി എടുത്ത് ആര്യൻ്റെ വായിൽ വച്ചുകൊടുത്തു.
“അമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടോ മിട്ടായി…?” ആര്യൻ ചവച്ചിറക്കിക്കൊണ്ട് ചോദിച്ചു.
“ആം…ഇഷ്ടായി…”
“എല്ലാം ഇപ്പോ തന്നെ തിന്നു തീർക്കണ്ടാ കേട്ടോ…”