അവിടുന്ന് നേരെ അവൻ വീട്ടിലേക്ക് പോയ ശേഷം സാധനങ്ങൾ എല്ലാം ഹാളിൽ വെച്ചിട്ട് ആദ്യം തന്നെ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് വസ്ത്രം ധരിച്ച ശേഷം ബാഗ് തുറന്ന് സാധനങ്ങൾ ഓരോന്നായി പുറത്തെടുത്ത് അതാത് സ്ഥാനങ്ങളിൽ കൊണ്ടുപോയി വെച്ചു.
അതിന് ശേഷം അവൻ തോമാച്ചൻ്റെ വീട്ടിലേക്ക് പോയി. ബെൽ അടിച്ചപ്പോൾ പതിവിനു വിപരീതമായി തോമാച്ചൻ ആണ് ഇത്തവണ വാതിൽ തുറന്നത്. അയാൾ അവനെ കണ്ടതും അകത്തേക്ക് ക്ഷണിച്ചു.
നാട്ടിൽ പോയതിനെ പറ്റിയുള്ള വിശേഷങ്ങൾ എല്ലാം തോമാച്ചൻ അവനോട് ചോദിച്ചറിഞ്ഞു. കുറച്ച് മിനുട്ടുകൾക്ക് ശേഷം തലയിൽ ഒരു തോർത്ത് ചുറ്റി സാരിയിൽ മോളി അകത്ത് നിന്നും കുളി കഴിഞ്ഞ് ഇറങ്ങി വന്നു. ആര്യനെ കണ്ടതും അവളുടെ കണ്ണുകൾ പ്രകാശിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. മോളിയും അവരോടൊപ്പം അവിടെ വന്നിരുന്ന് അവൻ്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ഒരു പതിനഞ്ചു മിനുട്ടിന് ശേഷം ആര്യൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ കയറി ഒരു പൊതി എടുത്തുകൊണ്ട് അടുത്തതായി ശാലിനിയുടെ വീട്ടിലേക്ക് നടന്നു.
ബെൽ അടിക്കുന്നതിന് മുന്നേ തന്നെ ശാലിനി അവനെ കണ്ട് പുറത്തേക്കിറങ്ങി വന്നു.
“ആഹാ വന്നായിരുന്നോ നീ…കയറി വാ…”
“ഞാൻ കുളിയും ജപവും ഒക്കെ കഴിഞ്ഞ് ഇറങ്ങാൻ വേണ്ടി വെയിറ്റ് ചെയ്തതാ…നാലര ആയപ്പോ എത്തി.”
“അത് ശരി…”
ആര്യൻ അവളുടെ ഒപ്പം അകത്തേക്ക് കയറി ഹാളിൽ ഇരുന്നു. ആര്യൻ്റെ ശബ്ദം കേട്ടതും അമ്മു അകത്ത് നിന്നും ഓടി വന്നു.
“ആഹാ വാ വാ…ദാ അമ്മൂട്ടി എന്നോട് പറഞ്ഞ സാധനം…” ആര്യൻ അവൻ്റെ കൈയിൽ ഇരുന്ന പൊതി അവളുടെ നേരെ നീട്ടി.
“എന്താടാ അത്?” ശാലിനി അവനോട് ചോദിച്ചു.
“കുറച്ച് മിഠായിയും ചോക്കലേറ്റുമാ…”
“ഹായ്…” അമ്മു സന്തോഷത്തോടെ അവനെ നോക്കി അത് വാങ്ങി.
“അവൾ എന്തെങ്കിലും വട്ട് പറഞ്ഞെന്ന് കരുതി നീ ഇതൊക്കെ വാങ്ങണമായിരുന്നോ…”
“ഓ പിന്നെ മിട്ടായി വേണമെന്ന് പറയുന്നത് വട്ടല്ലേ…മോള് അമ്മ പറയണേ ഒന്നും കാര്യമാക്കേണ്ട കേട്ടോ അമ്മയുടെ മൂഡ് ശരിയല്ലാ അതാ…” ആര്യൻ അമ്മുവിനെയും ശാലിനിയെയും മാറി മാറി നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.