“ഒന്നുമില്ല ഇന്നെനിക്ക് വരാൻ തോന്നുന്നില്ല അത്രതന്നെ…എനിക്ക് ദേഷ്യം വരുന്നതിന് മുന്നേ നീ വേഗം പോയെ…”
“അയ്യോ ഞാൻ പോയ്ക്കോളാമേ…വരാൻ വയ്യാത്ത ആളെ എടുത്തോണ്ട് പോകാൻ ഒന്നും എനിക്ക് പറ്റില്ലപ്പാ…ചന്ദ്രിക ചേച്ചിയോട് എന്നാ പറയും ഞാൻ…”
“ചേച്ചിക്ക് അറിയാം നീ ഒന്നും പറയാനും ചോദിക്കാനും നിൽക്കണ്ട…”
“ഓ ആയിക്കോട്ടെ…ശരി എന്നാൽ…ഞാൻ പോവാ…”
ആര്യൻ അവിടെ നിന്നും നടന്നു. അവൻ ഗേറ്റ് കടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ ശാലിനി അവനെ നോക്കി കൈ വീശി. അത് കണ്ട ആര്യൻ “ഹും…” എന്ന് പറഞ്ഞുകൊണ്ട് നീരസം പ്രകടിപ്പിച്ച് നടന്നു. അവൻ്റെ ആ പ്രവർത്തി കണ്ട് ചിരിച്ചുകൊണ്ട് ശാലിനി അകത്തേക്ക് കയറി വാതിലടച്ചു.
“എന്നാലും ചേച്ചി എന്തായിരിക്കും വരാത്തത്?…അയ്യോ ഇനി അമ്മൂട്ടിക്ക് എന്തെങ്കിലും അസുഖം?… ഏയ് അതൊന്നുമാവില്ല…ഇനി അതാണെങ്കിൽ തന്നെ എന്നോട് എന്താ പറയാതെ ഇരിക്കാൻ?…അപ്പോ അതാവില്ല കാര്യം…ചന്ദ്രിക ചേച്ചിക്ക് അറിയാമെന്നല്ലേ പറഞ്ഞത്…ചിലപ്പോ ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവും…എന്തായാലും ചേച്ചിയോട് ചോദിച്ചു നോക്കാം…” എന്നിങ്ങനെ പല ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ സ്വയം പിറുപിറുത്തുകൊണ്ട് ആര്യൻ കുളത്തിലേക്ക് നടന്നു.
കുളത്തിലെത്തിയ ആര്യൻ അവൻ കൊണ്ടുവന്ന ബക്കറ്റ് പടവിൽ വച്ചിട്ട് വസ്ത്രങ്ങൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. എല്ലാം അഴിച്ച് തോർത്തും ഉടുത്തു നിന്നപ്പോഴേക്കും ചന്ദ്രിക വന്നു. ഉടനെ തന്നെ അവൻ അവളുടെ അരികിലേക്ക് പോയി ഒരു കാല് മുകളിലെ പടിയിലേക്ക് കയറ്റി വച്ചുകൊണ്ട് കൈ നടുവിന് താങ്ങി തൻ്റെ സംശയം ചോദിക്കാൻ തുടങ്ങി.
“ചേച്ചീ…ശാലിനി ചേച്ചി ഇന്നലെ ചേച്ചിയോട് എന്തെങ്കിലും പറഞ്ഞായിരുന്നോ…എന്തെങ്കിലും പറഞ്ഞായിരുന്നോ…?”
“ഇല്ലടാ…എന്നോടൊന്നും പറഞ്ഞില്ലല്ലോ…എന്താ എന്ത് പറ്റി?”
“ഹാ അതുതന്നാ പ്രശ്നം…ഇപ്പോഴും ഒന്നും പറയുന്നില്ല…”
“ങേ…ഹാ നീ നിന്ന് മണിച്ചിത്രത്താഴിലെ ദാസപ്പൻ കളിക്കാതെ കാര്യം പറയടാ ചെക്കാ…”
“ഞാൻ വിളിക്കാൻ ചെന്നപ്പോ ചേച്ചി എഴുന്നേറ്റിട്ടില്ല…വരുന്നുണ്ടോന്ന് ചോദിച്ചപ്പോൾ അതില്ല…പനിയുണ്ടോന്ന് ചോദിച്ചപ്പോൾ അതുമില്ല…എങ്കിൽ കാര്യം പറയാൻ പറഞ്ഞപ്പോൾ എന്നോട് ചാടിക്കടിക്കാൻ വരുന്ന പോലെ…ചേച്ചിയോട് ഒന്നും പറയാനും ചോദിക്കാനും നിൽക്കണ്ട ചേച്ചിക്ക് അറിയാമെന്നും…എന്താ പറ്റിയതെന്ന് യാതൊരു പിടിയുമില്ല…”