സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം മൂന്ന് കഴിഞ്ഞിരുന്നു. അവൻ ബാഗുകളും കവറുകളും എല്ലാം തൂക്കി സ്റ്റാൻഡിലേക്ക് നടന്നു. മൂന്നരയോടെ തന്നെ അവന് പോകാൻ ഉള്ള ബസ്സ് വന്നു. ആര്യൻ അതിൽ കയറി യാത്ര ആയി.
മന്ദാരക്കടവിൽ ബസ്സ് വന്നു നിന്നപ്പോൾ ആര്യൻ ആദ്യമായി അവിടെ വന്നു ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ഒരു മാനസികാവസ്ഥ ആയിരുന്നില്ല അവന് ഇപ്പോൾ ഉണ്ടായിരുന്നത്. അവൻ വളരെ സന്തോഷത്തോട് കൂടി തന്നെ ബസ്സിൽ നിന്നും തൻ്റെ സ്വന്തം നാടെന്ന പോലെ അവിടെ ഇറങ്ങി.
ആദ്യം തന്നെ അവൻ കുട്ടച്ചൻ്റെ കടയിലേക്ക് കയറി. ആര്യനെ കണ്ടതും കുട്ടച്ചൻ വളരെ സന്തോഷത്തോടെ അവനെ അകത്തേക്ക് വരവേറ്റു.
“ആഹാ എത്തിയോ…വാ…വാ…എങ്ങനെയുണ്ടായിരുന്നു യാത്ര ഒക്കെ…”
“കുഴപ്പമില്ലായിരുന്നു കുട്ടച്ചാ…എവിടെ ചന്ദ്രിക ചേച്ചി?”
“ഞാൻ ഇവിടെയുണ്ടെടാ…വരുവാ…” അകത്ത് നിന്നും ആര്യൻ്റെ ചോദ്യം കേട്ട ചന്ദ്രിക വിളിച്ച് പറഞ്ഞു.
“ഹാ…അതേ വരുമ്പോ ഒരു ചായ കൂടി എടുത്തോ…” ആര്യൻ അതിന് മറുപടി കൊടുത്തു.
“അത് നീ പ്രത്യേകം പറയണ്ടല്ലോ…കൊണ്ടുവരുവാ…”
“ഹാ ശരി…”
“പിന്നെ അമ്മയൊക്കെ സുഖം ആയിട്ടിരിക്കുന്നോ…”
“സുഖമായിരിക്കുന്നു കുട്ടച്ചാ…”
അപ്പോഴേക്കും ചന്ദ്രിക ചായയുമായി അവനടുത്തേക്ക് വന്നു. ആര്യനെ കണ്ട അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. ആര്യൻ അവളുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിക്കാൻ തുടങ്ങി.
“നീ വല്ലതും കഴിച്ചായിരുന്നോ?” ചോദ്യം ചന്ദ്രികയുടെ ആയിരുന്നു.
“ഹാ ചേച്ചി ഉച്ചക്ക് ടൗണിൽ നിന്നും കഴിച്ചു.”
“അമ്മ എന്ത് പറയുന്നു…”
“സുഖം…നിങ്ങളെ എല്ലാവരെയും അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞു.”
“ആഹാ…ഞങ്ങളെ പറ്റി ഒക്കെ നീ പറഞ്ഞോ…”
“കൊള്ളാം അതെന്തൊരു ചോദ്യമാ ചേച്ചി…നിങ്ങളെ പറ്റി ഒക്കെ ഞാൻ പറയാതെ ഇരിക്കുമോ…എല്ലാവരെയും പറ്റി നല്ലപോലെ പറഞ്ഞിട്ടുണ്ട്…”
ചന്ദ്രിക അതിന് മറുപടിയായി ഒരു പുഞ്ചിരി വിടർത്തി. ആര്യൻ കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ചിട്ട് അവരോട് യാത്ര പറഞ്ഞിറങ്ങി.