അവൻ കണ്ണുകൾ അടച്ച് തല ചെരിച്ച് “ഒന്നും പേടിക്കണ്ട ഞാനുണ്ട് കൂടെ” എന്ന അർത്ഥത്തിൽ വീണ്ടും അവളെ നോക്കി പുഞ്ചിരിച്ചു. ആര്യൻ ഒന്നും പറയാതെ തന്നെ അവൻ്റെ ആ ആംഗ്യത്തിൽ നിന്നും അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയ ലിയ തിരിഞ്ഞ് നിന്ന് സാരിത്തുമ്പ് കൊണ്ട് കണ്ണുനീർ ഒപ്പി. അവൾ വീണ്ടും പഴയപോലെ തന്നെ അവളുടെ ഇടതു കൈ കമ്പിയിൽ പിടിച്ച് നിന്നു.
തൻ്റെ സ്റ്റോപ്പ് എത്താറായി എന്ന് മനസ്സിലാക്കിയ ലിയ അവളുടെ ഇടതുകൈ പിന്നിലേക്ക് നീക്കി ആര്യൻ്റെ കൈയുടെ മുകളിൽ കൊണ്ടുചെന്ന് മെല്ലെ ഒന്നമർത്തിയ ശേഷം തിരിഞ്ഞുപോലും നോക്കാതെ മുന്നിലേക്ക് നടന്നു നീങ്ങി. അവളുടെ ആ ഒരു കരസ്പർശനത്തിൽ ഉണ്ടായിരുന്നു അവനോടുള്ള സ്നേഹവും നന്ദിയും വിശ്വാസവും എല്ലാം. അത് ആര്യനും തിരിച്ചറിഞ്ഞിരുന്നു.
കണ്ടക്ടർ ബെൽ അടിച്ച ശേഷം ഡ്രൈവർ ബസ്സ് നിർത്തി. തിരക്കിൽ ആളുകളുടെ ഇടയിലൂടെ ലിയ ഇറങ്ങിപ്പോകുന്നത് ആര്യൻ നോക്കിനിന്നു.
എന്നാൽ ഇവരെ രണ്ടുപേരെയും ശ്രദ്ധിച്ചുകൊണ്ട് പുറകിൽ മാറി മൂന്നാമതൊരാൾ കൂടി ആ ബസ്സിൽ നിൽപ്പുണ്ടായിരുന്നു.
അഞ്ച് മിനുട്ടുകൾ കൂടി കഴിഞ്ഞപ്പോഴേക്കും വണ്ടി ബസ്സ് സ്റ്റാൻഡിൽ എത്തി. ആളുകൾ എല്ലാം അവിടെ ഇറങ്ങി. കൂടെ ആര്യനും. അവൻ അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു. കോട്ടയത്തേക്കുള്ള ബസ്സ് ഉടനെ തന്നെ വരുകയും അവൻ അതിൽ കയറി വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു.
************************************************
വീട്ടിൽ ചെന്ന് അമ്മയോടൊപ്പം ഒരു ദിവസം ചിലവഴിച്ച ശേഷം ആര്യൻ ഞായറാഴ്ച രാവിലെ തന്നെ മന്ദാരക്കടവിലേക്ക് തിരിച്ചു.
ഉച്ചയോടെ തന്നെ ടൗണിൽ എത്തിയ ആര്യൻ ആദ്യം കണ്ട ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചിട്ട് അവന് ആവശ്യമായ സാധനങ്ങൾ എല്ലാം ഓരോന്നായി വാങ്ങാൻ കടകൾ തിരഞ്ഞു. ഞായറാഴ്ച ആയിരുന്നതിനാൽ ഭൂരിഭാഗം കടകളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും അവന് വേണ്ട സാധങ്ങൾ എല്ലാം തന്നെ അവൻ ലഭ്യമായ കടകളിൽ നിന്നും വാങ്ങി.