അയാൾ പോയതിനു ശേഷം ആര്യൻ ലിയയുടെ അരികിലേക്ക് കുറച്ചുകൂടി നീങ്ങി അവരുടെ ഇടയിൽ ചെറിയൊരു ഗ്യാപ്പ് ഇട്ട് നിന്നു. കുറച്ച് നേരത്തേക്ക് അയാളുടെ ശല്യം ഒന്നും ഉണ്ടാവാതിരുന്നതിനാൽ അവളിൽ ഒരൽപ്പം ആശ്വാസം ഉണ്ടായി. എങ്കിലും ലിയ പുറകിൽ നടന്നതൊന്നും അറിയാതെ അവളുടെ വിഷമം അടക്കി പിടിച്ച് അങ്ങനെ തന്നെ നിന്നു.
ഏകദേശം പത്ത് മിനുട്ടുകൾ കൂടി കഴിയാറായപ്പോൾ അടുത്തത് തൻ്റെ സ്റ്റോപ്പ് ആണെന്നും ആര്യനോട് ഒന്ന് പറയാതെ പോലും ഇറങ്ങേണ്ടി വരുമല്ലോ എന്നും ഓർത്തപ്പോൾ അവൾക് ഉള്ളിൽ നല്ല സങ്കടം ഉണ്ടായി. പിന്നിൽ അയാൾ ഇപ്പോഴും നിൽപ്പുണ്ടോ എന്ന പേടിയും സംശയവും നിലനിന്നതിനാൽ അവൾക്ക് തിരിഞ്ഞ് നോക്കാൻ പോലും മനസ്സ് വന്നില്ല.
ഒടുവിൽ എന്തായാലും കുഴപ്പമില്ല ആര്യനെ നോക്കി യാത്ര പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ലിയ അവളുടെ വലതുകൈ മുകളിലേക്ക് ഉയർത്തി കമ്പിയിൽ പിടിച്ചുകൊണ്ട് കൈയുടെ ഇടയിലൂടെ മെല്ലെ പുറകിലേക്ക് തല ചെരിച്ച് അവൻ ഇരുന്നിരുന്ന സീറ്റിലേക്ക് നോക്കി. പക്ഷേ ആര്യനെ അവിടെ കാണാതിരുന്ന അവളുടെ കണ്ണുകളിലും ഹൃദയത്തിലും അതൊരു നൊമ്പരമായി മാറുന്നത് അവളറിഞ്ഞു. തന്നെയാണ് ലിയ ചേച്ചിയുടെ മിഴികൾ പരതുന്നത് എന്ന് അവളുടെ മുഖത്തേക്ക് നോക്കിയ ആര്യന് മനസ്സിലായി.
“ആരെയാ നോക്കുന്നത്…?”
ആര്യനെ കാണാതെ അവനോട് യാത്ര പറയാതെ ബസ്സിൽ നിന്നും ഇറങ്ങേണ്ടി വരുമെന്ന് കരുതി നിന്ന ലിയയുടെ കാതുകളിലേക്ക് വളരെ നേർത്ത സ്വരം ആയിരുന്നെങ്കിലും പരിചയമുള്ള ആ ശബ്ദം കേട്ട് അവൾ അവളുടെ മിഴികൾ പിന്നിൽ നിൽക്കുന്ന ആളിൻ്റെ മുഖത്തേക്ക് പായിച്ചു.
ആര്യനെ കണ്ടതും അവളുടെ മിഴികളിൽ നീർത്തുള്ളികൾ വന്ന് നിറഞ്ഞു. അത് ആര്യനെ കണ്ടതിൻ്റെ സന്തോഷത്തിൽ ആണോ അതോ താൻ ഇത്രയും നേരം അനുഭവിച്ച് നിന്ന സങ്കടത്തിൻ്റെയാണോ എന്ന് ലിയക്ക് തിരിച്ചറിയാൻ സാധിച്ചില്ല. അത് കണ്ട ആര്യൻ അവളുടെ വിഷമം മനസ്സിലാക്കി അവളെ നോക്കി പുഞ്ചിരിച്ചു.
“ഒന്നുമില്ല ഞാൻ ഇവിടെ തന്നെയുണ്ട്…”
ആര്യൻ്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവന് തന്നിൽ എന്തുമാത്രം കരുതൽ ഉണ്ടെന്നും തന്നെ എത്രത്തോളം മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാൻ. ഒരു പുഞ്ചിരിയോടോപ്പം അവളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി അശ്രുക്കൾ പൊഴിഞ്ഞത് ആര്യൻ്റെ ശ്രദ്ധയിൽപ്പെട്ടു.