“ഉറപ്പാണേ കുഴപ്പം ഇല്ലല്ലോ…”
“ഒരു കുഴപ്പവും ഇല്ലാ…”
ലിയ അവിടെ നിന്നും എഴുന്നേറ്റു. ആര്യൻ അവൾക്ക് ഇറങ്ങാൻ വേണ്ടി സീറ്റിന് പുറത്തേക്ക് കാലുകൾ നീക്കി ചരിഞ്ഞിരുന്ന ശേഷം അവിടെ നിന്ന അമ്മയോട് അകത്തേക്ക് കയറി ഇരുന്നുകൊള്ളാൻ പറഞ്ഞു. അവർ അകത്തേക്ക് കയറിയ ശേഷം ആര്യൻ വീണ്ടും പഴയത് പോലെ തന്നെ ഇരുന്നു.
ലിയ അവൻ്റെ തൊട്ടരികിൽ തന്നെ നിന്നു. ആര്യൻ അവളെ നോക്കി ഒന്നുകൂടി ‘ഇരുന്നോ ഞാൻ നിന്നോളാം’ എന്ന് ആംഗ്യം കാണിച്ചെങ്കിലും അവൾ അത് നിരസിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.
ഒരു രണ്ട് സ്റ്റോപ്പുകൂടി കഴിഞ്ഞപ്പോൾ സ്റ്റാൻഡിലേക്ക് പോകാൻ ഉള്ള ആളുകളുടെ എണ്ണം കൂടി. വണ്ടിയിൽ ഇപ്പോൾ നല്ല തിരക്കും അനുഭവപ്പെട്ടു തുടങ്ങി. ലിയക്ക് സ്വാഭാവികമായും ആര്യൻ്റെ അരികിൽ നിന്നും കുറച്ച് മുന്നിലേക്ക് നീങ്ങി നിൽക്കേണ്ടി വന്നു. അത് അവളിൽ ഒരു ചെറിയ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഓരോ പ്രാവശ്യവും മുന്നിലേക്ക് നീങ്ങുമ്പോൾ അവൾ തിരിഞ്ഞ് ആര്യനെ നോക്കുന്ന ആ നോട്ടത്തിൽ നിന്നും അവന് മനസ്സിലായി.
ലിയ ആദ്യം ആര്യന് അഭിമുഖം ശരീരം മുഴുവൻ തിരിഞ്ഞാണ് നിന്നിരുന്നതെങ്കിൽ ഇപ്പോൾ ബസ്സിലെ തിരക്ക് കാരണം നേരെ തന്നെ നിൽക്കേണ്ടി വന്നു. അവൾ പറഞ്ഞ സ്റ്റോപ്പെത്താൻ ഇനിയും പത്തുപതിനഞ്ച് മിനുട്ടുകളോളം ഉണ്ടെന്ന് വാച്ചിലേക്ക് നോക്കിയ ആര്യൻ മനസ്സിലാക്കി.
ലിയ ഇപ്പോൾ ആര്യൻ ഇരിക്കുന്ന സീറ്റിൽ നിന്നും ഒരു സീറ്റ് അകലത്തിൽ ആണ് നിൽക്കുന്നത്. ഓരോ നൂറ് മീറ്ററിലും ബസ്സ് നിർത്തി ആളുകൾ കയറുന്ന പോലെ ആര്യന് തോന്നി. മാത്രവുമല്ല ലിയയുടെ പിന്നിൽ നിൽക്കുന്ന ആൾ അവളോട് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നതുപോലെയും അവൻ കാണപ്പെട്ടു. അത് ലിയയിലും ഒരു ഇഷ്ടക്കേട് തോന്നിക്കുന്നുണ്ടെന്ന് അവളുടെ ശരീര ഭാഷയിൽ നിന്നും ആര്യൻ വായിച്ചെടുത്തു.
ബസ്സിലെ തിരക്ക് കൂടുന്നതിനനുസരിച്ച് അയാളുടെ ലിയയോടുള്ള സമീപനവും എന്തോ പന്തികേടുള്ളതായി ആര്യന് തോന്നി. അയാൾ മുഖം അവളുടെ മുടിയിലേക്കും അവളുടെ കഴുത്തിന് അരികിലേക്കും അടുപ്പിക്കുകയും ഗന്ധം വലിച്ചെടുക്കുകയും ഒക്കെ ചെയ്യുന്നത് പോലെ ലിയക്ക് അനുഭവപ്പെട്ടു. ഒന്ന് തിരിഞ്ഞ് ആര്യനെ നോക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി വണ്ടിയിലെ തിരക്ക്.