“അല്ലാ ചേച്ചിക്ക് മൊബൈൽ ഉണ്ടോ?”
“മ്മ് ഉണ്ട്…ദാ നോക്ക്…”
ലിയ അവളുടെ ബാഗിൽ നിന്നും ഒരു നോക്കിയ ഫോൺ എടുത്ത ശേഷം ആര്യന് നേരെ നീട്ടി.
“ആഹാ ഇതൊക്കെ കൈയിൽ വെച്ചിട്ടാണോ…പക്ഷേ ചേച്ചി ഇത് ഒരു തവണ പോലും ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ…”
“ഞാൻ അത് അങ്ങനെ എപ്പോഴും എടുക്കാറൊന്നുമില്ലെടാ…വൈകിയാൽ മാത്രം എവിടെയാണെന്ന് ചോദിക്കാൻ അമ്മയോ അച്ഛനോ വിളിക്കും അത്ര തന്നെ അല്ലാതെ ഞാൻ ഇതിൽ നിന്നും ആരെ വിളിക്കാനാ…”
“അത് ശരി…എന്തായാലും ഞാൻ ഒന്ന് നോക്കട്ടെ…”
“എന്ത്?”
“അല്ലാ ചേച്ചിക്ക് വിളിക്കാൻ വേണ്ടി ഞാൻ ഒരു ഫോൺ എടുക്കുന്ന കാര്യം നോക്കട്ടെ എന്ന് പറഞ്ഞതാ…” ആര്യൻ കളിയാക്കി പറഞ്ഞു.
“പോടാ അവിടുന്ന്…” ലിയ അവൻ്റെ കൈയിൽ മെല്ലെ അടിച്ചിട്ട് ഫോൺ തിരികെ വാങ്ങി ബാഗിൽ വച്ചു.
ബസ്സ് ആളുകളെ കയറ്റിയും ഇറക്കിയും മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. വണ്ടിയിൽ ആളുകൾ കൂടി കൂടി വന്നു. അവർ കയറിയപ്പോൾ കുറച്ച് സീറ്റുകൾ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും ആളുകൾ നിൽക്കുന്ന അവസ്ഥ വരെ ആയി. ആര്യനും ലിയയും പരസ്പരം തോളുകൾ ചേർത്ത് വെച്ച് ഇരുന്നുകൊണ്ട് തന്നെ യാത്ര തുടർന്നു.
വണ്ടി കുറച്ച് നേരം കൂടി മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ ആര്യൻ്റെ അരികിലായി പ്രായമുള്ള ഒരു അമ്മ വന്നു നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു.
“ചേച്ചി ഈ ബാഗ് ഒന്ന് പിടിച്ചേക്ക്…”
ആര്യൻ അവൻ്റെ ബാഗ് കൈയിൽ എടുത്തുകൊണ്ട് ലിയയോട് പറഞ്ഞു.
“എന്താടാ നീ എവിടെ പോവാ?”
“ദേ ഈ അമ്മ ഇവിടെ ഇരുന്നോട്ടെ ഞാൻ നിന്നോളാം ഇനി…”
ആര്യൻ അവൻ്റെ അരികിൽ നിൽക്കുന്ന അമ്മയെ നോക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
“എങ്കിൽ ഒരു കാര്യം ചെയ്യ് ഞാൻ എഴുന്നേൽക്കാം നീ ഇവിടെ ഇരുന്നോ…”
“ഏയ് അത് വേണ്ട ചേച്ചി ചേച്ചി ഇവിടെ ഇരുന്നോ…”
“അത് കുഴപ്പം ഇല്ലെടാ…എന്തായാലും പത്തിരുപത് മിനുട്ടിനുള്ളിൽ എൻ്റെ സ്റ്റോപ്പ് എത്തും…നിനക്ക് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉള്ളതല്ലേ ഇപ്പോഴേ നിന്ന് ക്ഷീണിക്കണ്ടാ…ഞാൻ നിന്നോളാം…”