“ചേച്ചീ…”
പെട്ടെന്നുള്ള അവൻ്റെ വിളിയിൽ ലിയ അവളുടെ ദൃഷ്ടി അവൻ്റെ കൈകളിൽ നിന്നും മാറ്റി ആര്യൻ്റെ മുഖത്തേക്ക് നോക്കി.
“മ്മ്…എന്താടാ?”
“എന്താ ആലോചിക്കുന്നത്?”
“ഏയ് ഒന്നുമില്ലടാ…നീ വീട്ടിൽ ചെല്ലുമ്പോൾ എത്ര മണി ആകും?”
“അറിയില്ലാ…വണ്ടി ഒക്കെ കിട്ടുന്നത് പോലെ…എന്തായാലും ഒരു പതിനൊന്നു മണി കഴിയുമായിരിക്കും.”
“ഒരു രാത്രി കിടക്കാൻ വേണ്ടിയിട്ട് മാത്രം എന്തിനാ നീ പോണത് നാളെ തന്നെ വരാൻ ആണെങ്കിൽ?”
“കിടക്കാൻ വേണ്ടി മാത്രം അല്ലല്ലോ ചേച്ചീ…അമ്മയെ ഒന്ന് കാണണം അത്ര തന്നെ…” ആര്യൻ്റെ മുഖം വീണ്ടും വാടി.
“അതെനിക്കറിയാം ടാ…നിൻ്റെ ഈ യാത്രയുടെ ദുരിതം അറിയാവുന്നകൊണ്ട് പറഞ്ഞു പോയതാ…നീ കാര്യമാക്കേണ്ട…”
“ഏയ് ഇല്ല ചേച്ചി എനിക്ക് മനസ്സിലായി…”
“മ്മ്…അപ്പോ രാത്രിയിലെ ആഹാരം…?”
“ഓ…ഒന്ന് വീട്ടിൽ എത്തി കിട്ടിയാൽ മതി വിശപ്പൊന്നും ഒരു പ്രശ്നമേ അല്ലാ…പിന്നെ ചന്ദ്രിക ചേച്ചി കുറച്ച് വടയും പഴംപൊരിയും തന്നിട്ടുണ്ട് വിശന്നാൽ അത് കഴിക്കാം…”
“മ്മ്…നിനക്ക് മൊബൈൽ ഫോൺ ഉണ്ടോ?”
“എനിക്കോ…ഒന്ന് പോയെ ചേച്ചി അതിനുള്ള പൈസ ഉണ്ടായിരുന്നേൽ ഞാൻ ആരായിരുന്നേനേം…അല്ലാ എന്തിനാ ഇപ്പോ എനിക്ക് മൊബൈൽ ഉണ്ടോന്ന് അന്വേഷിച്ചത്…”
“നീ ചെന്നിട്ട് ഒന്ന് വിളിച്ചു പറയാൻ വേണ്ടി…എത്തിയോ ഇല്ലിയോ എന്നൊന്ന് അറിയണ്ടേ എനിക്ക്…”
“അതോർത്ത് ചേച്ചി പേടിക്കേണ്ട…അതൊക്കെ ഞാൻ എത്തിക്കോളും എങ്ങനെയെങ്കിലും…”
“എന്നാലും എൻ്റെ ഒരു സമാധാനത്തിന്…”
“എന്തായാലും ഞാൻ എത്തുമ്പോൾ ചേച്ചി ചിലപ്പോ രണ്ട് ഉറക്കം കഴിഞ്ഞിട്ടുണ്ടാകും അതുകൊണ്ട് ഞാൻ വിളിച്ച് ഉറക്കം കളയാൻ ഉദ്ദേശിക്കുന്നില്ല ഫോൺ ഉണ്ടെങ്കിൽ തന്നെ…ഇനി ചേച്ചിക്ക് ഉറക്കം പോയാലും കുഴപ്പം ഇല്ലെന്നാണെങ്കിൽ വീട്ടിൽ എത്തി ലാൻഡ് ഫോണിൽ നിന്നും വിളിക്കാം ഞാൻ…എന്തേ…?”
“ഹാ അതായാലും മതി എങ്കിൽ…”
“ഒന്ന് പോയെ ചേച്ചി…അതേ എന്നെ തിങ്കളാഴ്ച ഓഫീസിൽ ചേച്ചി എന്തായാലും കണ്ടിരിക്കും അത് ഞാൻ തരുന്ന വാക്കാ പോരെ…”
“അയ്യോ മതിയേ…ഹോ ഇങ്ങനൊരു ചെറുക്കൻ…”