“എന്താ പറ്റിയത്…? പറ…”
“ഏയ്…ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളൊക്കെ എന്നെ ഇത്രയും മനസ്സിലാക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം കൊണ്ടുള്ള ഒരു ചെറിയ സങ്കടം അത്രയേയുള്ളൂ…”
“ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് നിനക്ക് ഞങ്ങളോടൊക്കെ സ്നേഹം തോന്നിയില്ലേ…അപ്പോ പിന്നെ ഞങ്ങൾക്ക് തിരിച്ചും അത് തോന്നിക്കൂടെ…”
ആര്യൻ അതിന് മറുപടി ഒന്നും പറയാതെ ലിയയുടെ മടിയിലിരിക്കുന്ന അവളുടെ ഹാൻഡ്ബാഗിനു മുകളിൽ വച്ചിരിക്കുന്ന കൈകളിൽ പതിയെ അവൻ്റെ വലതു കൈ വച്ച് ഒന്ന് അമർത്തിയ ശേഷം ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
പെട്ടെന്ന് ആര്യൻ തൻ്റെ കൈകളിൽ അങ്ങനെ അമർത്തിയപ്പോൾ, അവൻ്റെ കൈയുടെ തണുപ്പ് അവളുടെ കൈയിലേക്ക് പടർന്നപ്പോൾ ലിയയിൽ അതൊരു ചെറിയ കുളിർമ അനുഭവപ്പെടുത്തി. അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ അവളുടെ വലതുകൈ എടുത്ത് അവൻ്റെ കൈയുടെ മുകളിൽ വച്ചുകൊണ്ട് അവൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. അവളുടെ വാക്കുകളും ആ പ്രവർത്തിയും ആര്യനിൽ ഒരൽപ്പം ആശ്വാസം ഉളവാക്കി.
“ഇവിടെ ടിക്കറ്റ്?” കണ്ടക്ടറുടെ ആ ചോദ്യം കേട്ടതും ലിയ പെട്ടെന്ന് അവളുടെ കൈകൾ അവൻ്റെ കൈയിൽ നിന്നും അടർത്തി മാറ്റി.
ആര്യൻ ഒരു ടൗൺ ബസ്സ് സ്റ്റാൻഡിലേക്കുള്ള ടിക്കറ്റ് എടുത്ത ശേഷം അതിൻ്റെ പൈസ കൊടുത്തു. ലിയ സ്ഥിരം പോകുന്നത് കൊണ്ട് സ്ഥല പേരൊന്നും പറയാതെ തന്നെ പൈസ കൊടുത്തപ്പോഴേക്കും കണ്ടക്ടർ ടിക്കറ്റ് കീറി കൊടുത്തു.
“ചേച്ചി സ്റ്റാൻഡിൽ അല്ലേ ഇറങ്ങുന്നത്?”
“അല്ലടാ…എനിക്ക് ടൗൺ വരെ പോകണ്ട…സ്റ്റാൻഡിന് രണ്ട് കിലോമീറ്റർ മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. അവിടുന്ന് ഒരു രണ്ട് മിനുട്ട് നടന്നാൽ വീടെത്തി.”
“ഓഹ് ആണല്ലേ…”
“മ്മ്…”
ലിയ ആര്യൻ്റെ കൈയിലേക്ക് നോക്കി മൂളി. ലിയയുടെ മനസ്സിൽ ആ കണ്ടക്ടർ അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ എന്നൊരു തോന്നൽ ഉണ്ടായി. ആദ്യം ഒരൽപ്പം മടിച്ചിരുന്നെങ്കിലും അവൻ്റെ കൈകളിൽ തൻ്റെ കൈകൾ പിടിച്ച് ഇരുന്നപ്പോൾ അവൾക്ക് അത് മനസ്സിൽ ഒരു സന്തോഷം നൽകിയിരുന്നു. വീണ്ടും അവൻ്റെ കൈകളിൽ പിടിച്ചിരിക്കാൻ ഒരു ആഗ്രഹം അവളിൽ ഉണ്ടായി.