കടയിലേക്ക് കയറി കുട്ടച്ചനോടും അവൻ നാട്ടിൽ പോകുവാണെന്ന വിവരം പറഞ്ഞു. ശേഷം പുറകിലൂടെ ചെന്ന് അടുക്കള വഴി കയറി ചന്ദ്രികയോടും അവൻ യാത്ര പറഞ്ഞു.
പോകുന്നതിന് മുൻപ് ചന്ദ്രിക ഒരു പൊതി എടുത്ത് അവൻ്റെ കൈയിൽ കൊടുത്തിട്ട് ഇത് വച്ചോളാൻ പറഞ്ഞു.
“എന്താ ചേച്ചി ഇത്…”
“കുറച്ച് പഴംപൊരിയും ഉഴുന്നുവടയും…”
“എന്തിനാ ചേച്ചി ഇതൊക്കെ?”
“ഇരിക്കട്ടെ കുറേ ദൂരം യാത്ര ചെയ്യാൻ ഉള്ളതല്ലേ എപ്പോഴാ ഇനി ചെല്ലുക എന്ന് വച്ചാ…”
“മ്മ്…” അവൻ അവളെ ഒന്ന് വശം ചേർത്ത് കെട്ടിപ്പിടിച്ചു.
“പോയിട്ട് വാ…” ചന്ദ്രിക അവൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
ആര്യൻ അവിടെ നിന്നും ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഇത്രയൊക്കെ തന്നെ ഇവർ സ്നേഹിക്കാനും കരുതാനും താൻ ഇവർക്ക് വേണ്ടി എന്താണ് ഈ ഒരു ആഴ്ച കൊണ്ട് ചെയ്തത് എന്ന ചോദ്യം അവൻ്റെ മനസ്സിലും ഉടലെടുത്തു. എല്ലാവരുടെയും സ്നേഹം മനസ്സിൽ നിറച്ചുകൊണ്ട് അവൻ ബസ്സ് വന്നപ്പോൾ അവിടെ നിന്നും വണ്ടി കയറി.
ലിയയും ആര്യനും ഒരു സീറ്റിൽ തന്നെ ഇരുന്നു. ആര്യൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട ലിയ അവനോട് ചോദിക്കാൻ തുടങ്ങി.
“എന്ത് പറ്റി നിനക്ക്?”
“ഏയ് ഒന്നുമില്ല ചേച്ചി…”
“വീട്ടിൽ നിന്നും ഇറങ്ങുന്ന വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ…”
“എനിക്ക് ഇപ്പോഴും കുഴപ്പം ഒന്നും ഇല്ലല്ലോ അതിന്…”
“എന്നിട്ടാണോ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത്…?”
“ചേച്ചിക്ക് തോന്നുന്നതാവും…”
“നീ എപ്പോഴും തമാശ പറഞ്ഞും കളിച്ച് ചിരിച്ചും ഇരിക്കുന്നതുകൊണ്ടുള്ള പ്രശ്നം എന്താണെന്ന് നിനക്ക് അറിയാമോ?”
“എന്താ?”
“നീ പെട്ടെന്ന് സൈലൻ്റ് ആയാൽ നിനക്ക് എന്തോ സങ്കടം ഉണ്ടെന്ന് നിന്നെ അറിയാവുന്ന മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും…”
ആര്യൻ ലിയ പറഞ്ഞത് കേട്ട് അവൾ തന്നെ ഇത്രയൊക്കെ മനസ്സിലാക്കിയോ എന്ന് ആലോചിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.