“ഒരിടത്ത് കൂടെ കയറാൻ ഉണ്ട്…”
“എവിടെ?”
“ശാലിനി ചേച്ചിയുടെ വീട്ടിൽ…”
“എന്നാൽ വേഗം വാ…”
അവർ ശാലിനിയുടെ വീട്ടിലേക്ക് നടന്നു. വീടിന് മുന്നിലെത്തിയ ശേഷം ആര്യൻ അകത്തേക്ക് കയറി. ലിയ ഗേറ്റിൽ തന്നെ നിന്നു.
ആര്യൻ ബെൽ അടിച്ചപ്പോൾ അമ്മ ഇറങ്ങി വന്നു.
“ആഹാ മോനോ…വാ മോനെ കയറി ഇരിക്ക്…”
“ഇല്ലമ്മെ…ഞാൻ നാട്ടിൽ വരെ ഒന്ന് പോകുവാ…ഒന്ന് പറഞ്ഞിട്ട് പോകാൻ വേണ്ടി കയറിയതാണ്…”
“ആണോ…അത് ശരി…ഞാൻ മോളെ വിളിക്കാം.”
“ശാലിനീ…” അമ്മ അകത്തേക്ക് കയറി വിളിച്ചു.
“ദാ അമ്മേ വരുന്നു…” ശാലിനി അകത്ത് നിന്നും വിളിച്ച് പറഞ്ഞത് ആര്യൻ കേട്ടു.
ഉടനെ തന്നെ ശാലിനിയും അമ്മൂട്ടിയും കൂടി വെളിയിലേക്ക് വന്നു.
“ഹാ…നീ നേരത്തേ ഇറങ്ങിയോ?”
“നടക്കുവാ അതുകൊണ്ട് കുറച്ച് നേരത്തെ ഇറങ്ങി…”
“ചേട്ടൻ പോവാ…?” അമ്മൂൻ്റെ ആയിരുന്നു ചോദ്യം.
“ചേട്ടൻ ഒന്ന് വീട് വരെ പോയിട്ട് പെട്ടെന്ന് വരാട്ടോ…”
“ഹമ്മ്…”
“വരുമ്പോ അമ്മൂട്ടിക്ക് എന്താ വാങ്ങിക്കൊണ്ട് വരേണ്ടത്…?”
“മിഠായി…”
“കൊണ്ടുവരാട്ടോ…”
“മ്മ്…”
“എങ്കിൽ ഞാൻ പോയിട്ട് വരാം ചേച്ചീ…”
“ശരിയടാ…അമ്മയോട് ഞങ്ങളെപ്പറ്റിയൊക്കെ പറയണം…അന്വേഷിച്ചൂന്നും പറഞ്ഞേക്ക്…”
“അത് പിന്നെ പ്രത്യേകം പറയണോ ചേച്ചീ…അമ്മേ ഇറങ്ങുവാ എങ്കിൽ…”
“ശരി മോനെ…സൂക്ഷിച്ച് പോയിട്ട് വാ…”
ആര്യൻ അവരോട് എല്ലാവരോടും യാത്ര പറഞ്ഞ് അവിടുന്നും ഇറങ്ങി. പോകുന്ന വഴിയിൽ കണ്ടാൽ അറിയാവുന്ന രണ്ട് മൂന്ന് ആളുകൾ കൂടി അവനോട് സംസാരിക്കുകയും പോയിട്ട് വരാനും ഒക്കെ പറയുന്നത് ലിയ നോക്കി നിന്നു. തനിക്ക് മാത്രമല്ല ഈ നാട്ടിൽ അവനോട് ഇടപഴുകിയിട്ടുള്ള എല്ലാവർക്കും തന്നെ അവനെ വലിയ കാര്യവും സ്നേഹവും ആണെന്ന സത്യം ലിയ മനസ്സിലാക്കി.
അവർ നാലേകാലോടു കൂടി ബസ്സ് സ്റ്റോപ്പിൽ എത്തി. ലിയയെ ബസ്സ് സ്റ്റോപ്പിൽ നിർത്തിയിട്ട് അവൻ കുട്ടച്ചൻ്റെ കടയിലേക്ക് നടന്നു.