താൻ ഈ നാട്ടിൽ വന്നിട്ട് ഏഴ് ദിനങ്ങൾ അതായത് ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു എന്ന് ആര്യന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ അവൻ ഈ നാട്ടിൽ വന്നിട്ട് വെറും ഒരു ആഴ്‌ച്ചയെ ആയുള്ളൂ എന്ന് അവനോട് അടുപ്പമുള്ളവർക്ക് തിരിച്ചും വിശ്വസിക്കാനായില്ല. എങ്ങനെ അവനോട് ഇത്ര പെട്ടെന്ന് തങ്ങൾ ഇത്രയും അടുത്തു എന്ന ചോദ്യം അവരിൽ പലരിലും ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചു.
ശനിയാഴ്ച്ച വെളുപ്പിനെ പതിവ് പോലെ തന്നെ ആര്യൻ ശാലിനിയെ വിളിക്കാൻ വീട്ടിൽ ചെന്നു. വെളിയിൽ വെട്ടം കാണാത്തതിനാൽ ഇനി എഴുന്നേറ്റിട്ടുണ്ടാവില്ലെ എന്ന് ആര്യൻ സംശയിച്ചു. വാതിലിന് രണ്ട് മുട്ടിയിട്ടും തുറക്കാത്തതിനാൽ അവൻ കോളിംഗ് ബെൽ അടിച്ചു. എന്നിട്ടും ഒരനക്കവും ഉണ്ടായില്ല. ഇനി പനിയോ മറ്റോ ആവും എന്ന് കരുതി ആര്യൻ അവിടെ നിന്നും തിരിഞ്ഞു നടന്നു.
രണ്ടടി മുന്നോട്ട് വെച്ചതും പുറത്തെ ലൈറ്റ് പ്രകാശിച്ചു. ആര്യൻ അവിടെ നിന്നു. വാതിലിൻ്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ടുകൊണ്ട് അവൻ വീണ്ടും തിരിഞ്ഞു നടന്നു.
ഉറക്കച്ചടവോടുകൂടി ശാലിനി വാതിലും തുറന്ന് തിണ്ണയിലേക്ക് ഇറങ്ങി വന്ന് കണ്ണുകൾ തിരുമി ആ ഇളം വെളിച്ചത്തിൽ ആര്യനെ നോക്കി നിന്നു.
“എന്താ ചേച്ചി ഉറക്കമായിരുന്നോ?”
“അതേടാ…”
“അങ്ങനെ വരാൻ വഴിയില്ലല്ലോ…വെളുപ്പിനെ ആരും അങ്ങനെ കിടന്നുറങ്ങിപ്പോകാറില്ല എന്ന് എന്നോട് കുറച്ച് ദിവസങ്ങൾ മുന്നേ ആരോ പറഞ്ഞതുപോലെ…” ആര്യൻ കളിയാക്കി പറഞ്ഞു.
“ടാ ടാ…നീ എന്നെ ആക്കുവാണോ അല്ലിയോ എന്ന് ഈ ഉറക്കപ്പിച്ചിലും എനിക്ക് മനസ്സിലാകും കേട്ടോ…”
“ഹഹ…എന്തോ പറ്റി…ഞാൻ കരുതി വല്ല പനിയും പിടിച്ച് കിടക്കുവായിരിക്കുമെന്ന്…പോകാൻ തുടങ്ങുവായിരുന്നു ഞാൻ…വരുന്നില്ലേ?”
“ഇല്ലെടാ…നീ പൊയ്ക്കോ.”
“അതെന്തു പറ്റി?”
“അത്…ഏയ് ഒന്നുമില്ല…”
“ഒന്നുമില്ലാതെ ഒന്നും ആവില്ല…എന്താ പനിയുണ്ടോ നോക്കട്ടെ…”
ആര്യൻ തിണ്ണപ്പടിയിലേക്ക് കയറി നിന്നുകൊണ്ട് ശാലിനിയുടെ നെറ്റിയിലും വലത്തേ കവിളിന് തൊട്ടു താഴെയായും അവൻ്റെ വലതുകൈയുടെ പുറം ഭാഗം കൊണ്ട് തൊട്ടു നോക്കി.
“ഏയ് പനിയോ ചൂടോ ഒന്നുമില്ലല്ലോ…പിന്നെന്താ പറ്റിയത്?”