ആര്യൻ അവൻ്റെ വാച്ചിലേക്കും ഗേറ്റിന് പുറത്ത് നിൽക്കുന്ന ലിയയേയും മാറി മാറി നോക്കിയിട്ട് ചെരുപ്പൂരി അകത്തേക്ക് കയറി.
“ചേട്ടത്തീ…” അകത്തേക്ക് കയറിയ ആര്യൻ മോളിയെ ഹാളിൽ കാണാഞ്ഞിട്ട് വിളിച്ചു.
“ഇവിടെ റൂമിൽ ഉണ്ട് ആര്യാ…ഇങ്ങോട്ട് പോരെ…”
ആര്യൻ മടിച്ച് മടിച്ച് റൂമിലേക്ക് ചെന്നു. മോളി തിരിഞ്ഞ് നിൽക്കുകയാണ്. അവൻ എന്തായിരിക്കും ചേട്ടത്തിയുടെ മനസ്സിൽ എന്ന് ആലോചിച്ച് അവരുടെ അരികിലേക്ക് ചെന്നു. പെട്ടെന്ന് മോളി തിരിഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ്റെ വലതുകൈ പിടിച്ചുയർത്തി.
“ദാ ഇത് വച്ചോളൂ…”
“എന്താ ചേട്ടത്തി ഇത്?” തൻ്റെ കൈയിൽ മോളി വച്ച് തന്ന അഞ്ഞൂറിൻ്റെ രണ്ട് നോട്ടുകൾ നോക്കി ആര്യൻ ചോദിച്ചു.
“ഒരു വഴിക്ക് പോകുകയല്ലെ ഇരിക്കട്ടെ ആവശ്യങ്ങൾ കാണും…”
“വേണ്ട ചേട്ടത്തി…ഇതിൻ്റെയൊന്നും ആവശ്യമില്ല…”
“വേണം…ആവശ്യം വരും…എൻ്റെ ഒരു സന്തോഷത്തിനെങ്കിലും ഇത് വാങ്ങിയേ പറ്റൂ…”
“ചേട്ടത്തീ…അത്…”
“ഒന്നും പറയണ്ട…ഇതിനെ മറ്റൊരു തരത്തിലും ഉള്ള എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ആണെന്ന് കരുതരുത്…സ്വന്തം ചേട്ടത്തിയാ തരുന്നതെന്ന് കരുതിയാൽ മതി…”
“മ്മ്…” ആര്യൻ ആ നോട്ടുകൾ കൈയിൽ ചുരുട്ടി മുറിക്ക് പുറത്തേക്ക് നടന്നു.
പെട്ടെന്ന് അവൻ ഒന്ന് നിന്ന ശേഷം തിരികെ വന്നു മോളിയുടെ നെറുകയിൽ ഒരു ചുംബനം നൽകി. മോളിയും അവൻ്റെ നെറുകയിൽ തിരിച്ചും ഒരു ചുംബനം കൊടുത്തിട്ട് അവനോട് “പോയിട്ട് വാ…” എന്ന് പറഞ്ഞ് യാത്രയാക്കി.
ആര്യൻ അവിടെ നിന്നും ഇറങ്ങി ലിയയുടെ അടുത്തേക്ക് നടന്നു.
“എവിടെയായിരുന്നു?”
“ചേട്ടത്തി ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ…”
“നിൻ്റെ കണ്ണെന്താ കലങ്ങിയിരിക്കുന്നത്?”
“എന്തോ പൊടി വീണെന്ന് തോന്നുന്നു…”
“എവിടെ നോക്കട്ടെ…”
ലിയ അവൻ്റെ കണ്ണുകൾക്ക് താഴെ കൈ പിടിച്ചുകൊണ്ട് നോക്കി.
“ഏയ് ഒന്നും കാണാനില്ല…” അവൾ ഇരുകണ്ണുകളിലും നോക്കിയ ശേഷം പറഞ്ഞു.
“പോയി കാണും…ഇപ്പോ കുഴപ്പമില്ല…”
“മ്മ്…വാ എങ്കിൽ…”