“ഇതാണോ നിൻ്റെ മുറി?” അവനരികിലേക്ക് വന്നുകൊണ്ട് ലിയ ചോദിച്ചു.
“അതേ…”
“ഞാൻ കയറിക്കോട്ടെ അകത്തേക്ക്?”
“അതിനെന്താ ചേച്ചി വാ…” ആര്യൻ അവൾക്ക് വഴിയൊരുക്കി.
“പുസ്തകം എല്ലാം നീ വായിച്ചതാണോ?”
മേശപ്പുറത്തിരുന്ന പുസ്തകങ്ങളിലേക്ക് നോക്കി ആയിരുന്നു ലിയയുടെ ചോദ്യം.
“വായിച്ചതും വായിച്ചുകൊണ്ടിരിക്കുന്നതും വായിക്കാനുള്ളതും…”
“ആഹാ…”
ലിയ അവിടെ ഇരിക്കുന്ന ചില പുസ്തകങ്ങൾ എടുത്ത് വെറുതെ മറിച്ച് നോക്കിയും പേര് നോക്കിയും അവിടെ തന്നെ വച്ചു.
“ചേച്ചി വായിക്കുമോ?”
“ഏയ് ആ ശീലമില്ല…”
“തുടങ്ങിക്കൂടെ…നമ്മൾ ഒറ്റപ്പെട്ടു എന്ന് തോന്നുന്ന വേളകളിൽ അവ നമ്മുക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല…”
ലിയ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.
“നീ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ ആണോ വായിക്കുന്നത്…?”
“ആദ്യം അങ്ങനെ ആയിരുന്നു തുടങ്ങിയത്…പിന്നെ പിന്നെ അതൊരു ശീലം ആയി…ആ ശീലം ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയതിൽ പിന്നെ എന്താണ് ഒറ്റപ്പെടൽ എന്ന് ഇതുവരെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല…”
അവൾ അതിനും ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി.
“ഇറങ്ങാം നമ്മൾക്ക്…”
“മ്മ്…”
ആര്യൻ അവൻ്റെ ബാഗ് തോളിൽ തൂക്കി ലിയയുടെ ഒപ്പം പുറത്തേക്കിറങ്ങി വാതിൽ പൂട്ടി. സൈക്കിൾ എടുത്ത് മോളി ചേട്ടത്തിയുടെ വീട്ടിൽ കൊണ്ടുപോയി വച്ച ശേഷം ആര്യൻ കോളിംഗ് ബെൽ അമർത്തി.
“ആഹാ…ഇതെവിടേക്കാ ബാഗൊക്കെ തൂക്കി?” വാതിൽ തുറന്നു വന്ന മോളി ആര്യനെ നോക്കി ചോദിച്ചു.
“ഞാൻ നാട്ടിൽ പോകുവാണ് ചേട്ടത്തി…സൈക്കിൾ ഇവിടെ വെച്ചിട്ടുണ്ട് കേട്ടോ…കുഴപ്പമില്ലല്ലോ…”
“എന്ത് കുഴപ്പം…അവിടെ ഇരുന്നോട്ടെ…”
“തോമാച്ചനോട് പറഞ്ഞേക്ക് കേട്ടോ…”
“ഹാ പറഞ്ഞേക്കാം…ആര്യൻ പോയിട്ട് എന്ന് വരും…”
“മിക്കവാറും നാളെ എത്തും അല്ലെങ്കിൽ മറ്റന്നാൾ രാവിലെ…”
“മ്മ്…ശരി…”
“എങ്കിൽ പോട്ടെ ചേട്ടത്തി…”
“അതേ ആര്യാ…ഒന്ന് അകത്തേക്ക് വരുമോ?”
“എന്താ ചേട്ടത്തി?”
“വാ പറയാം…” എന്ന് പറഞ്ഞുകൊണ്ട് മോളി അകത്തേക്ക് കയറി.