“ഇനി ഇത് ആരോടും പോയി വിളമ്പാൻ നിൽക്കണ്ട…”
“പിന്നെ എനിക്ക് അതാണല്ലോ ഇവിടെ പണി…ഒന്ന് പോയെ ചേച്ചി…”
“ഹാ ഒന്ന് തമാശിച്ചതാണിഷ്ട്ടാ…”
“മ്മ്…നീ കയറി ഇരിക്ക്…ഞാൻ ചായ ഇടാം…”
“വേണ്ടാ ഞാൻ പോവാ…പിന്നെ ഒരു കാര്യം കൂടി പറയാനാ വന്നത്…ഞാൻ ഇന്ന് നാട്ടിൽ പോകും…”
“മ്മ്…അമ്മയെ കാണാൻ തിടുക്കം ആവുന്നുണ്ടാവും അല്ലേ?”
“അത് പിന്നെ ചോദിക്കാൻ ഉണ്ടോ…അത് മാത്രം അല്ലാ വരുമ്പോൾ കുറേ സാധനങ്ങളും വാങ്ങി വരണം…ഇനി ഉച്ചക്കുള്ളതും കൂടി തനിയെ ഉണ്ടാക്കി തുടങ്ങണം…”
“മ്മ്…നീ പോയിട്ട് എന്ന് വരും?”
“പറ്റുവാണേൽ നാളെ തന്നെ അല്ലെങ്കിൽ മറ്റന്നാൾ രാവിലെ…”
“മ്മ്…ശരി എന്നാൽ…പോകുന്നതിന് മുന്നേ വാ…”
“മ്മ് വരാം…ഞാൻ അങ്ങോട്ട് ചെല്ലട്ടെ…”
ആര്യൻ വീട്ടിലേക്ക് കയറി തുണികൾ വിരിച്ചിട്ട ശേഷം സമയം നോക്കി. ഏഴ് മണി ആകുന്നു. അവൻ കഴിക്കാൻ ആഹാരം ഉണ്ടാക്കി തുടങ്ങി. ഭക്ഷണം കഴിച്ച ശേഷം ഓഫീസിൽ പോകാൻ റെഡി ആയി ആര്യൻ വീട് പൂട്ടി പുറത്തേക്കിറങ്ങി. രണ്ടു മിനിറ്റ് നിന്നപ്പോഴേക്കും ലിയ നടന്നു വന്നു.
അവൾ അവനെ കണ്ട് ചിരിച്ചുകൊണ്ട് നേരെ വന്നു സൈക്കിളിൽ കയറിയിട്ട് “ഹാ വണ്ടി പോട്ടേ…” എന്ന് പറഞ്ഞു. ആര്യൻ ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടാൻ തുടങ്ങി. യാത്രയ്ക്കിടയിൽ ലിയയോടും അവൻ നാട്ടിൽ പോകുന്ന വിവരം പറഞ്ഞു. പോയി വരാൻ അവളും.
ഓഫീസിൽ എത്തിയ ശേഷം ആര്യൻ അന്നത്തേക്കുള്ള കത്തുകൾ സോർട്ട് ചെയ്യുമ്പോൾ ശാലിനിക്ക് ഒരു കത്തുണ്ടെന്ന് അവൻ്റെ കണ്ണിൽ പെട്ടു. ഭർത്താവിൻ്റെ വക ആണെന്ന് അവന് അത് മറിച്ച് നോക്കേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല. അവൻ ഒന്ന് ചിരിച്ചുകൊണ്ട് സഞ്ചിയും എടുത്ത് കത്തുകൾ കൊടുക്കാനായി ഇറങ്ങി.
എല്ലാം കൊടുത്ത ശേഷം അവസാനമാണ് അവൻ ശാലിനിയുടെ വീട്ടിൽ ചെന്നത്. ബെൽ അടിച്ചപ്പോൾ അമ്മൂട്ടി ഇറങ്ങി വന്നു.
“ആഹാ…അമ്മൂട്ടി ഇവിടെ ഉണ്ടായിരുന്നോ…ഓ ഇന്ന് ശനിയാഴ്ച ആണല്ലോ സ്കൂൾ ഇല്ലല്ലോ അല്ലേ…”