“ആഹാ…”
“നല്ല തണുപ്പുണ്ടല്ലേ?”
“മ്മ്…അതേ.”
പിന്നെ കുറച്ച് നേരം അവർ ഒന്നും സംസാരിക്കാതെ നടന്നു.
“നീ എന്താ ഒന്നും മിണ്ടാത്തെ?”
“ഏയ് ഒന്നുമില്ല…എന്തേ?”
“ഒരുനിമിഷം പോലും നീ മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ. എന്താ പറ്റിയത്?”
“ഒന്നും പറ്റിയില്ല ചേച്ചി.”
“ഇന്നലത്തെ കാര്യം ആലോചിച്ചാണെങ്കിൽ അത് മറന്നേക്ക്…എപ്പോഴും സംസാരിക്കുന്ന നിന്നെയാ എനിക്കിഷ്ടം.”
“സംസാരിക്കാൻ പെട്ടെന്ന് ഒന്നും കിട്ടാത്തതുപോലെ…മൊത്തത്തിൽ ഒരു ശൂന്യാവസ്ഥ.”
ശാലിനി അവിടെ നിന്നുകൊണ്ട് അവൻ്റെ കൈയിൽ പിടിച്ച് അവനെയും നിർത്തി. അവൾ അവളുടെ കൈ എടുത്ത് അവൻ്റെ കവിളിൽ വച്ചുകൊണ്ട് അവനെ നോക്കി നിന്നു.
“നിനക്ക് വിഷമം ഉണ്ടെന്ന് എനിക്കറിയാം…പക്ഷേ ആ സംഭവം നീ മറക്കണം…ഞാൻ കാരണം നിൻ്റെ മനസ്സ് വേദനിക്കാൻ പാടില്ലാ.”
“ചേച്ചി കാരണം ഒന്നുമല്ലാ എല്ലാം ഞാൻ കാരണം തന്നെയല്ലേ…”
“അങ്ങനെയൊരു തോന്നൽ വേണ്ട…എനിക്കും അത് സങ്കടം ആകും…അതുകൊണ്ട് എല്ലാം മറന്ന് പഴയത് പോലെ ആകാമെങ്കിൽ മാത്രം നീ ഇവിടുന്നങ്ങോട്ട് എൻ്റെ കൂടെ വന്നാൽ മതി…”
“മ്മ്…” ആര്യൻ തല കുനിച്ചുകൊണ്ട് മൂളി.
“മുഖത്തേക്ക് നോക്ക്…പറ മറക്കില്ലേ എല്ലാം?”
“ശരി ചേച്ചി…മറക്കാം…” അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“എങ്കിൽ ഇനിയൊന്നു ചിരിച്ചെ…”
അവൻ ശാലിനിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. ശാലിനി അവൻ്റെ കവിളിൽ ഒന്നുകൂടി തഴുകിയ ശേഷം വീണ്ടും നടന്നു. ഒപ്പം അവനും.
അവർ കുളത്തിൽ എത്തി ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ചന്ദ്രികയും വന്നു. ഇന്നലെ എപ്പോ പോയി എന്ന് ചന്ദ്രിക തിരക്കിയെങ്കിലും ശാലിനി ചന്ദ്രികയോട് ഇന്നലെ നടന്ന കാര്യങ്ങളെ പറ്റിയൊന്നും പറഞ്ഞില്ല. അവർ മൂവരും ഒരേ സമയം തന്നെ അലക്കും കുളിയുമൊക്കെ കഴിഞ്ഞ് അവിടെ നിന്നും തിരിച്ചു കയറി. ചന്ദ്രിക ചേച്ചിയോട് ആര്യൻ ഊണിൻ്റെ കാര്യം മറക്കണ്ട എന്ന് പറഞ്ഞിട്ട് അവൻ ശാലിനിയോടൊപ്പം വീട്ടിലേക്ക് നടന്നു.