“അത് വിളിക്കും…പക്ഷേ ചേച്ചി അറിയണ്ടാ…അറിഞ്ഞാൽ വിഷമം ആകും…പിന്നെ നീ ഇനി അത് ആലോചിച്ച് വിഷമിക്കേണ്ട നിനക്ക് എൻ്റെ ഈ അനുഭവത്തെ പറ്റി അറിവുണ്ടായിരുന്നില്ലല്ലോ അത് പോട്ടെ…”
“ഹമ്മ്…ചേച്ചി അന്ന് പിന്നെ എങ്ങനെ അവിടുന്ന് അയാളുടെ കൈയിൽ നിന്നും രക്ഷപ്പെട്ടു…പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ടാ കേട്ടോ.”
“ഏയ് ഇല്ലടാ…സത്യം പറഞ്ഞാൽ ഇത് ഞാൻ ആരോടെങ്കിലും പറയുമ്പോൾ എനിക്ക് അത്രയും കൂടി ആശ്വാസം ആകും…അതുകൊണ്ടാ ഞാൻ വീട്ടിൽ പറയാൻ പേടിയായിട്ട് പോലും ചന്ദ്രിക ചേച്ചിയോട് പറഞ്ഞത്…ചേച്ചിയെ എനിക്ക് വിശ്വാസമാണ് അതുപോലെ തന്നെ നിന്നെയും…”
ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വിഷമം ഉള്ളിലൊതുക്കിയവൻ്റെ മുഖത്ത് വിരിയുന്ന ചിരി ചിരിച്ചു.
“അയാളെ ഞാൻ കണ്ടതും ഞാൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി…അയാൾ എൻ്റെ വായ പൊത്താൻ ശ്രമിച്ചപ്പോൾ ഞാൻ അയാളുടെ കൈയിൽ കടിച്ചു…എന്നിട്ട് വീണ്ടും ശബ്ദം ഉണ്ടാക്കി…ആരെങ്കിലും വരുമോ എന്ന് പേടിച്ച് ആയിരിക്കണം അയാൾ എന്നെ കുളത്തിലേക്ക് തള്ളി ഇട്ടിട്ട് അവിടുന്ന് ഓടിക്കളഞ്ഞു…”
“അന്ന് പിന്നെ എന്ത് ധൈര്യത്തിലാണ് ചേച്ചി സുഹറയുടെ വീട്ടിലേക്ക് തുണി വാങ്ങാൻ പോയത്…അയാൾ അവിടെ ഉണ്ടായിരുന്നെങ്കിലോ?”
“നീ കൂടെ ഉണ്ടെന്നുള്ള ധൈര്യത്തിൽ…”
വീണ്ടും ആര്യൻ അവളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു.
“അപ്പോൾ ഞാൻ വരുന്നതിന് മുൻപോ?”
“ഞാൻ ഒറ്റയ്ക്ക് അതിൽപിന്നെ അവിടെ പോയിട്ടില്ല…ഒന്നെങ്കിൽ ഏട്ടൻ ഇവിടെ ഉള്ളപ്പോൾ പോയി വാങ്ങി വരും…അല്ലെങ്കിൽ ചന്ദ്രിക ചേച്ചിയെ കൂട്ടി പോകും.”
“മ്മ്…”
അവർ ശാലിനിയുടെ വീടെത്തി. തിണ്ണയിൽ തന്നെ അമ്മ ഇരിപ്പുണ്ടായിരുന്നു. ആര്യനും ശാലിനിയോടോപ്പം മുറ്റത്തേക്ക് കയറി.
“എവിടെയായിരുന്നു മോളെ…കാണാഞ്ഞപ്പോ ഞാൻ അങ്ങ് പേടിച്ച് പോയി.” അമ്മ ശാലിനിയെ നോക്കി പറഞ്ഞു.
“പോയത് താമസിച്ചല്ലായിരുന്നോ അമ്മേ…തുണി ഒക്കെ അലക്കി കഴിഞ്ഞപ്പോഴേക്കും സമയം പോയി.”
“ഹാ ഏതായാലും മോൻ കൂടെ ഉണ്ടായത് നന്നായി…ഞാൻ ഇവൾ ഒറ്റയ്ക്ക് ആയിരിക്കും എന്ന് വിചാരിച്ചു.” അമ്മ ആര്യനെ നോക്കി പറഞ്ഞു.
“അവൻ കൂടെ തന്നെ ഉണ്ടായിരുന്നു അമ്മേ…അതുകൊണ്ടല്ലേ ഞാൻ ധൈര്യമായിട്ട് പോയത്…” ശാലിനി ആര്യനെ നോക്കി ചിരിച്ചുകൊണ്ട് തിണ്ണയിലേക്ക് കയറി. ആര്യൻ അമ്മയെയും ശാലിനിയെയും നോക്കി അതിന് ചിരിച്ചതെ ഉള്ളൂ.