“ദെ തള്ളേ….നോക്കിയും കണ്ടും വർത്തമാനം പറയണം…നിങ്ങടെ വീട്ടിലെ പെണ്ണിനെ ഒന്നും കേറിപ്പിടിച്ചതല്ലല്ലോ, ഇതു ഞാൻ മാന്യമായിട്ടു താലികെട്ടി എന്റെ ഭാര്യ ആക്കിയ, എന്റെ പെണ്ണാ. ….അതുകൊണ്ടു അനാവശ്യം പറഞ്ഞാൽ അടിച്ചു ചെവി ഞാൻ പൊളിക്കും പ്രായത്തിന്റെ കനിവൊന്നും എപ്പോഴും കിട്ടിയെന്നു വരില്ല…”
കിച്ചുവിന്റെ ഒച്ച പൊങ്ങിയതും അവരുടെ നാവ് പെട്ടെന്ന് അടഞ്ഞു. അവന്റെ കണ്ണിൽ തിളക്കുന്ന തീ കണ്ട അവർ അവന്റെ വാക്കുകളിലെ ഭീഷണി വെറുതെ അല്ലെന്ന് തിരിച്ചറിഞ്ഞതും പിരിവെട്ടിയ കണക്ക് നിന്നു.
ചുറ്റും കൂടി നിന്നവർ പിറുപിറുക്കുന്നത് കണ്ട കിച്ചു കോപം പൂണ്ട് മിഴികളാൽ ചുറ്റും നോക്കിയതും അതും അടങ്ങി. നീരജ അപ്പോഴും അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു അവനെ ചുറ്റിപ്പിടിച്ചു നിന്നു. അവളെയും കൂട്ടി താഴേക്ക് വന്നു നിന്നപ്പോൾ മാനേജർ അവരുടെ അടുത്തേക്ക് വന്നു.
“സോറി സർ….ഇങ്ങനെയൊരു സീൻ ഇവിടെ വച്ചുണ്ടായതിൽ വീ ആർ എക്‌സ്ട്രീംലി സോറി…”
“കുഴപ്പം ഇല്ല…..പാക്ക് ചെയ്ത ഡ്രസ് എല്ലാം ഒന്നു ബിൽ ചെയ്തു തന്നേക്കാവോ…”
“ഇപ്പൊ തന്നെ റെഡി ആക്കാം സർ…”
ബൈക്കിൽ അവന്റെ പിന്നിൽ ഇരിക്കുമ്പോഴും നീരജയും കിച്ചുവും പരസ്പരം ഒന്നും മിണ്ടിയില്ല…ഒത്തിരി നാളുകൂടി തങ്ങളിലേക്കെതിയ സന്തോഷം നിമിഷനേരം കൊണ്ടു നശിച്ചു പോയതിന്റെ സങ്കടത്തിൽ ആയിരുന്നു അവർ.
ബൈക്ക് മുന്നിൽ നിർത്തിയതും കരഞ്ഞുകൊണ്ട് നീരജ അകത്തേക്ക് ഓടികയറിപ്പോയി.
ബൈക്കിൽ നിന്നും കവറുകളും എടുത്തു കയറുമ്പോൾ അവന്റെ ഹൃദയവും പിടഞ്ഞിരുന്നു. വാതിൽ തുറന്നു അകത്തു കയറുമ്പോഴും അമ്മയെ അവൻ കണ്ടില്ല അയലത്തു നിന്നും എത്തിയിട്ടില്ല എന്നു കിച്ചുവിന് മനസ്സിലായി. എങ്കിലും നീരജയുടെ കണ്ണിൽ പൊടിഞ്ഞ കണ്ണീരും നെഞ്ചിൽ പൊടിഞ്ഞ ചോരയും കുത്തിനോവിച്ചു കൊണ്ടിരുന്ന അവനു സ്വസ്ഥത നഷ്ടപ്പെട്ടതോടെ അവൻ അവളെ തിരഞ്ഞു മുകളിലേക്ക് നടന്നു…
തന്റെ മുറിയിൽ കവറുകൾ വെച്ചിട്ട് നീരജയെ തേടി അവന്റെ കാലുകൾ എത്തി നിന്നത് അവന്റെ ഏട്ടന്റെയും അവളുടെയും മുറി ആയിരുന്നിടത്താണ്. പതിഞ്ഞ തേങ്ങലുകൾ കേട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന നീരജയെ അവൻ കണ്ടു.