*******************************
തിരുവനന്തപുരത്തു, നീരജയും കിച്ചുവും എത്തിയിട്ട് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞിരിക്കുന്നു, ഒരു ബെഡ്റൂമും ഹാളും കിച്ചനും ഉള്ള കുഞ്ഞു ഫ്ലാറ്റിൽ ജീവിതത്തെ എങ്ങനെ ചുറ്റിപ്പിടിക്കണം എന്ന ചിന്തയുമായി കിച്ചുവും, മുന്നോട്ടുള്ള ജീവിതത്തെ എങ്ങനെ സ്വീകരിക്കണം എന്നിപ്പോഴും അറിയാതെ നീരജയും നീങ്ങിക്കൊണ്ടിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ചെറിയ ചില മാറ്റങ്ങൾ ഉണ്ടായതല്ലാതെ നീരജ ഇപ്പോഴും അവന്റെ ഭാര്യയാണെന്നു സ്വയം അംഗീകരിച്ചിട്ടില്ലായിരുന്നു.…
അവന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം ഒരു കുറവുമില്ലാതെ നോക്കി ഇപ്പോഴും ഒരു ഏടത്തിയുടെ ഉടയാടകൾ മനസ്സിനൊപ്പം കൂട്ടി ചേർത്തു ജീവിക്കുന്ന അവൾക്ക് അന്നത്തെ സംഗമത്തിന് ശേഷം കുറ്റബോധം മാത്രമാണ് നിറഞ്ഞത്, കിച്ചുവിനോടുള്ള പ്രണയത്തെ പോലും മൂടികളഞ്ഞ കുറ്റബോധം അവളെ കാർന്നു തിന്നുന്നുണ്ടായിരുന്നു.
കിച്ചുവിന്റെ ക്ലാസ് തുടങ്ങിയതും മൂന്നാഴ്ചയ്ക്കപ്പുറം നീരജയ്ക്ക് ഒരു എം ൻ സി യിൽ ജോലി കിട്ടിയതും ജീവിതത്തിന്റെ ചലനത്തിന് വേഗത കൂട്ടിയിരുന്നു. ഫ്ളാറ്റിലെ ഒറ്റപ്പെടലിൽ നീരജയ്ക്ക് വീണ്ടും കിച്ചു കൂട്ടായി മാറി. താൻ ആയിട്ട് നീരജയ്ക്ക് ഇനിയും സങ്കടം വരാൻ പാടില്ല എന്ന് തോന്നിയ കിച്ചു പിന്നീട് അവളെ നോട്ടം കൊണ്ടു പോലും നോവിക്കാതിരിക്കാനെ ശ്രെമിച്ചുള്ളൂ…
പക്ഷെ ഫ്ളാറ്റിലെ ഒറ്റപ്പെടലിൽ തമ്മിൽ മിണ്ടാൻ തങ്ങൾക്ക് വേറാരും ഇല്ല എന്ന തോന്നലിൽ അവർ തന്നെ വെച്ച ഉടമ്പടി പഴയ ഏട്ടത്തിയും അനിയനും ആയില്ലെങ്കിലും പഴയ കൂട്ട് വേണം എന്ന് രണ്ടു പേർക്കും തോന്നിയപ്പോൾ പണ്ടത്തെ ചിരിയും കളിയും അവരിലേക്ക് തിരികെ വരാൻ ഒരു മാസം മാത്രമേ വേണ്ടി വന്നുള്ളൂ, തന്റെ പ്രണയം കിച്ചു ഉള്ളിൽ ഒളിപ്പിക്കാൻ പാട് പെട്ടപ്പോൾ നീരജയുടെ ഉള്ളിൽ ഏതോ കോണിൽ പൂട്ടിയിട്ട പ്രണയം വെളിച്ചം നോക്കി നിലവിളിച്ചു.
തിരുവനന്തപുരത്തെ രണ്ടു മാസക്കാലത്തിന് ശേഷമുള്ള മഴക്കാർ കൊണ്ട് മാനം മൂടിയ ഒരു മടിയൻ ഞായറാഴ്‌ച.
“കിച്ചൂട്ടാ……മോളിൽ ഇട്ടിരിക്കുന്ന തുണി ഒക്കെ എടുത്തുകൊണ്ടു വരുവോ,…”
അടുപ്പിൽ എണ്ണ കിനിഞ്ഞു തുടങ്ങിയ ചിക്കൻ കറിക്ക് മേലേ ഒന്നൂടെ ഇളക്കി കുരുമുളക് ഉടച്ചത് വിതറി നീരജ ഹാളിൽ ടി വി കണ്ടുകൊണ്ടിരുന്ന കിച്ചുവിനോട് വിളിച്ചു പറഞ്ഞു. അവിടെ നിന്ന് മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവളുടെ പുരികം ഒന്നു വളഞ്ഞു പൊങ്ങി.