ഒരേയൊരാൾ 4 [ഹരി]

Posted by

ഫൈസ പറഞ്ഞു.

” ഏഹ്! ”

ജ്യോതി ആശ്ചര്യപ്പെട്ടു.

ഫൈസ തുടര്‍ന്നു.

” സത്യാടീ… ഞാനെപ്പഴും കല്ല്യാണം കഴിക്കണം കഴിക്കണം എന്നൊക്കെ ചുമ്മാ ഒരു തമാശക്ക് പറഞ്ഞിരുന്നതാണ്. എനിക്ക് ഇത്ര പെട്ടെന്ന് കല്ല്യാണം കഴിക്കാന്‍ താത്പര്യമൊന്നും ഉണ്ടായിട്ടില്ല. നിങ്ങൾടെയൊക്കെ കൂടെ കുറേ നാൾ കൂടെ അടിച്ചുപൊളിച്ച് ജീവിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. വീട്ടില്‍ ഒരുപാട് ആലോചനകൾ വന്നിരുന്നു.

അന്നൊക്കെ ഞാനതെല്ലാം കഷ്ടപ്പെട്ട് മുടക്കുകയായിരുന്നു. പിന്നെ ഇപ്പൊ, എനിക്ക് എന്റെ മനസ് എന്റെ കയ്യില്‍ നിൽക്കില്ലാന്ന് തോന്നിയപ്പോ… കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതുകൊണ്ട് ഇത്തവണ വന്ന ആലോചനയ്ക്ക് ഞാന്‍ സമ്മതം പറഞ്ഞു. ഉപ്പാക്കും ഉമ്മാക്കുമൊക്കെ ഭയങ്കര അത്ഭുതമായിരുന്നു.

അവരുടെ സന്തോഷം കാണണമായിരുന്നു(ഫൈസ ഒന്ന് ചിരിച്ചു). ആ സന്തോഷം മതിയെനിക്ക്. അന്ന നടന്നതെല്ലാം പുറത്തറിഞ്ഞാൽ അതെല്ലാം പോകും. നിന്റെ വായിൽ നിന്ന് അത് പുറത്തു പോകരുത് ജ്യോതി. ദയവുചെയ്ത് ചേച്ചിയും ഇതൊന്നും ആരോടും പറയരുത്. ”

ജ്യോതിക്ക് ഒന്ന് കരയണമെന്ന് തോന്നി. താന്‍ കാരണം തന്റെ കൂട്ടുകാരിയുടെ ജീവിതം മാറിമറിഞ്ഞു എന്ന തിരിച്ചറിവ് അവളുടെ മനസ്സില്‍ നഖങ്ങളാഴ്ത്തുന്നുണ്ടായിരുന്നു. എങ്ങനെയോ ധൈര്യം സംഭരിച്ച് ജ്യോതി പറഞ്ഞു,

” എനിക്ക് നിന്നോട് പ്രശ്നമൊന്നൂല്ല ഫൈസ. നീയെന്റെ ഫ്രണ്ടല്ലേ… നിനക്ക് ദോഷം വരുന്നതൊന്നും ഞാന്‍ ചെയ്യില്ല. ആരോടും ഞാന്‍ ഒന്നും പറയില്ല. ആരും ഒന്നുമറിയണ്ട”.

രാജി ഒന്നും മിണ്ടാതെ ഇവരുടെ സംസാരം കേട്ടിരുന്നു. മൂന്നുപേരും അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ജ്യോതിയുടെയും ഫൈസയുടെയും ചായ പകുതിയിലധികവും ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നു. കടയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്നേ ഫൈസ പറഞ്ഞു,

” ജ്യോതി, ഞാന്‍ പഠിത്തം നിർത്താണ്. കല്ല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഷെഫീഖിന്റെ കൂടെ ഖത്തറിലേക്ക് പോവും. അവരോടൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നീയിപ്പൊ അറിയിക്കണ്ട. അവരോടെല്ലാം ഞാന്‍ പിന്നെ പറഞ്ഞോളാം”.

ഫൈസയുടെ കണ്ണുകൾ അന്നേരം നിറഞ്ഞിരുന്നു. പിടിക്കുന്ന നെഞ്ചുമായി നിൽക്കുന്ന ജ്യോതിക്ക് ഒന്ന് മൂളുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. പിന്നെ യാത്ര പറയാന്‍ നിൽക്കാതെ അവർ നടന്നകന്നു. അന്നേരം അടുത്ത മഴയ്ക്ക് ആകാശത്ത് പന്തലൊരുങ്ങിയിരുന്നു.

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. രാജി കുട നിവർത്തി. ജ്യോതി പക്ഷെ മഴയെ അവഗണിച്ചു കൊണ്ട് നടത്തം തുടര്‍ന്നു. രാജി കുടയും കൊണ്ട് ഓടി അവളുടെ ഒപ്പമെത്തി. ഒരു കൈ അവളുടെ തോളത്തിട്ട് കുടയും ചൂടി ഇരുവരും നടന്നു. ഇത്രയും നേരമായിട്ടും ജ്യോതി ഒന്നും മിണ്ടാത്തത് രാജിയെ ആശങ്കപ്പെടുത്തുന്നുണ്ടായിരുന്നു. ഫൈസയെ കണ്ടുപിരിഞ്ഞപ്പോൾ തുടങ്ങിയ മൗനമാണ്.

Leave a Reply

Your email address will not be published. Required fields are marked *