“എന്താ രാജി ഇവിടെ?”
ജ്യോതി ചോദിച്ചു.
രാജി വാതിൽക്കൽ നിന്നും കൂട്ടുകാരികളുടെ നോട്ടങ്ങളിൽ നിന്നും അവളെ മാറ്റിനിർത്തി…
“എന്തായി? പ്രശ്നം വല്ലതുമുണ്ടോ?ഫൈസയെന്താ പറഞ്ഞേ?”
“ഞങ്ങള്‍ സംസാരിച്ചില്ല. അവളുടെ കല്ല്യാണമാണെന്ന് മാത്രം പറഞ്ഞു. മറ്റേതിനെപ്പറ്റിയൊന്നും പറഞ്ഞില്ല. ഞങ്ങൾക്ക് രണ്ടാൾക്കും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതോണ്ട് ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല…”
ജ്യോതി പറഞ്ഞു.
രാജി ജ്യോതിയുടെ കൈത്തണ്ടയിൽ കൈ വച്ചു. തണുപ്പ്. മഴ നനഞ്ഞ നീണ്ട കൈവിരലുകൾക്ക് മനസ്സ് നിറയുന്ന തണുപ്പ്…
” വിഷമിക്കണ്ട. നിങ്ങള്‍ തമ്മില്‍ ഒന്ന് സംസാരിച്ചാൽ തീരുന്ന കാര്യേയുള്ളൂ. നമുക്ക് ശരിയാക്കാം. ”
രാജി പറഞ്ഞു.
ജ്യോതി അതിനൊന്ന് മൂളി. ക്ലാസ് കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് രാജി നടന്നു. നനഞ്ഞ വരാന്തയിലൂടെ ധൃതിയില്‍ അവൾ നടന്നകലുമ്പോൾ ഓർമ്മയിൽ നിന്ന് രാജിയുടെ ശബ്ദത്തില്‍ ആ വരികള്‍ ജ്യോതി കേട്ടു,
‘എനിക്കാകാശമാകുക നീ, എനിക്കാശ്വാസമാകുക നീ…’
ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ തിരക്കിട്ട് ഫൈസയിറങ്ങി. ഇരുവരും ഒരു നോട്ടം കൊരുത്തെങ്കിലും സംഭാഷണങ്ങൾക്ക് നിൽക്കാതെ അവർ പിരിഞ്ഞു. മഴ തോർന്നിരുന്നു. ചെളിപിടിച്ച വഴിയിലൂടെ നടക്കുമ്പോള്‍ കോളേജിന്റെ മുന്നില്‍ രാജിയും ഫൈസയും നിൽക്കുന്നത് ജ്യോതി കണ്ടു. അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. ജ്യോതിയുടെ ഉള്ളില്‍ വീണ്ടും തിരയടിച്ചു. താനെന്തിനാണ് ഇത്രയും ആകുലപ്പെടുന്നതെന്ന് അവൾക്ക് തന്നെ ആശ്ചര്യമായി. എന്നിരുന്നാലും ഉൾപ്പിടപ്പ് കുറയുന്നില്ല. അവരുടെ അടുത്തെത്തിയ ജ്യോതിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
“രണ്ടാളും വാ…”
രാജി ഇരുവർക്കും മുന്നില്‍ നടന്നു. ഫൈസ തലകുമ്പിട്ട് നടക്കുകയാണ്. ചെളിവെള്ളത്തിനൊപ്പം ചില മണൽത്തരികൾ കാൽവിരലുകൾക്കിടയിൽ കയറി ജ്യോതിയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. റോഡിന്റെ ഒരു വശത്തുള്ള ചായക്കടയിലേക്കാണ് രാജി അവരെ കൂട്ടിക്കൊണ്ട് പോയത്. രാജി മൂന്ന് ചായ പറഞ്ഞ് മൂന്നുപേരും കൂടി ഒരു മൂലയില്‍ സ്ഥാനം പിടിച്ചു.
“എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ടാളും അത് വേഗം സംസാരിച്ച് തീർക്കാൻ നോക്ക്യേ”
രാജി പറഞ്ഞു.
“എനിക്കങ്ങനെ പ്രശ്നമൊന്നൂല്ല ചേച്ചി”
ഫൈസ പറഞ്ഞു.
“എന്നോടല്ല ഫൈസ. ഇവളോട് പറ”
ഫൈസ ജ്യോതിയുടെ മുഖത്തേക്ക് നോക്കി. ജ്യോതിയും ആ കണ്ണുകളില്‍ നോക്കിയിരുന്നു.
“അന്നങ്ങനെ പറ്റിപ്പോയി ജ്യോതി. ഞാന്‍ വേണംന്ന് വച്ച് ചെയ്തതല്ല. നാട്ടിലോ വീട്ടിലോ ഒക്കെ അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഞാന്‍ അങ്ങനെ ഒരു പെണ്ണാണെന്ന് ആരെങ്കിലും പറഞ്ഞാലോ…? എനിക്ക് ചിന്തിക്കാന്‍ വയ്യ. ഇതിന് മുമ്പ് എനിക്കങ്ങനെ ഉണ്ടായിട്ടില്ല. എന്നാലും അന്നങ്ങനെ സംഭവിച്ചു. എനിക്കാകെ പേടിയായി. ഞാനിനി അങ്ങനെ ആണെങ്കിലോ? എനിക്കങ്ങനെ ആവണ്ട. അതാ ഞാന്‍ വേഗം കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചത്”.