നിറഞ്ഞ പുഞ്ചിരിയോടെ ആ കൈവെള്ളയിൽ ഫൈസ ഒരിക്കൽ കുടെ ചുണ്ടുകളമർത്തി. അന്നേരം വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. രണ്ടാളും വിട്ടുമാറി. ജ്യോതി പോയി വാതിൽ തുറന്നു. കൂട്ടുകാരികളാണ്. വീണ്ടും കല്ല്യാണവീടിന്റെ തിരക്കുകളിലേക്ക് ജ്യോതി മറഞ്ഞു. മണവാട്ടിപ്പെണ്ണിന്റെ നാണവും മുഖത്ത് വാരിത്തേച്ച് ഫൈസയും തിരക്കിലായി. പിന്നെ ഓഡിറ്റോറിയത്തിൽ ഫൈസയുടെ വാപ്പ അവളുടെ കൈ പിടിച്ച് പുതിയാപ്ലയുടെ കയ്യിൽ കൊടുക്കുന്നത് ആൾക്കൂട്ടത്തിന്റെ ഏറ്റവും പിന്നില്‍ നിന്ന് ജ്യോതി നോക്കിനിന്നു. പിടിച്ചുകൊടുത്ത കൈകൾക്ക് മേലിരുന്ന തൂവാലയിൽ കാറ്റ് തഴുകി. ഫൈസ ഇനിയില്ലെന്ന തിരിച്ചറിവ് അന്നേരം, ആ ഒരു നിമിഷം ജ്യോതിയുടെ ഉള്ളില്‍ വന്നു. അവൾ പോകുന്നു… പോകട്ടെ… അവൾക്ക് നല്ലത് മാത്രം വരട്ടെ… അന്നേരം കാർമേഘങ്ങൾ ആകാശത്ത് ചിത്രം വരക്കുകയായിരുന്നു. ഇടക്കിടെ മിന്നല്‍ ആകാശത്തെ പലതായ് പകുത്തു. ഫൈസ പടിയിറങ്ങി പോകുമ്പോള്‍ ജ്യോതിയുടെ കണ്ണും നിറഞ്ഞിരുന്നു! കയറ്റിയിട്ട ഗ്ലാസ്സിന്റെ ചില്ലിലൂടെ അവൾ തനിക്ക് നേരെ നനവുള്ളൊരു നോട്ടവും പുഞ്ചിരിയും നീട്ടിയത് ജ്യോതി കണ്ടു. പിന്നെ അവൾ മറഞ്ഞുപോയി. ആത്മാവിന്റെ ഒരു തുണ്ടും കൊണ്ട് അവൾ എന്നന്നേക്കുമായി പോയിരിക്കുന്നു…!
‘അത് നീ കൊണ്ടുപോയ്ക്കോളൂ… നിനക്ക് തരാന്‍ എന്റെ കയ്യിലുള്ള ഒരേയൊരു പ്രാർത്ഥനയാണത്…!!’
കോരിച്ചൊരിയുന്ന മഴയില്‍ നിന്നാണ് ജ്യോതി വീട്ടിലേക്ക് ഓടിക്കയറിയത്. ആകെ നനഞ്ഞു കുതിര്‍ന്ന് അവൾ മുറിയിലേക്ക് കടന്നു. ജ്യോതിയെ കണ്ടപ്പോള്‍ രാജി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഓടിവന്നു. ഹാങ്ങറിൽ നിന്ന് ഒരു ടർക്കിയെടുത്ത് അവൾ ജ്യോതിയുടെ തല തോർത്താൻ തുടങ്ങി.
“എവിടെയെങ്കിലും കേറി നിന്നിട്ട് മഴ മാറുമ്പൊ വന്നാല്‍ പോരായിരുന്നോ നിനക്ക്…നനഞ്ഞാ അപ്പൊ പനി പിടിക്കണ ആളാ… ഇനീം പനി പിടിച്ചാലുണ്ടല്ലോ…!”
ജ്യോതി രാജിയുടെ കണ്ണുകളിൽ നോക്കിനിന്നു. പിന്നെ ചുണ്ടുകളിലേക്ക് നോട്ടം നീണ്ടു. സുന്ദരമായ കൊന്ത്രൻപല്ലുകൾ… അല്പം വിണ്ടുകീറിയ ചുണ്ടുകള്‍… ഗോലിമണികൾ പോലുള്ള കണ്ണുകൾ… ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിന്റെ കേന്ദ്രബിന്ദുവായ അവളുടെ മാറിലെ തവിട്ടുപുള്ളി….
‘ഇല്ല…. ഇവളെ നഷ്ടപെടാൻ പാടില്ല. ഫൈസ പോയത് പോലെ ഇവളേയും വിടാന്‍ പാടില്ല. ചേർത്ത് നിർത്തണം… ഈ ജീവിതകാലം മുഴുവന്‍ ചേർത്ത് നിർത്തണം.’
തികച്ചും യാന്ത്രികമായി ജ്യോതി പറഞ്ഞു,