ഒരേയൊരാൾ 4 [ഹരി]

Posted by

രാജി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ ചോദിച്ചു,

” ഇനിയിപ്പോ ഒന്നും നടക്കില്ലല്ലേ…? ”

” ഇല്ല… ”

” സാരല്ല്യ. വിധിച്ചിട്ടില്ലാന്ന് വിചാരിച്ചാല്‍ മതി.”

“മ്….”

“അതിനിയോർത്ത് വിഷമിച്ചിട്ട് കാര്യമൊന്നൂല്ല. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ അവളുടെ കല്ല്യാണാണ്. സന്തോഷത്തോടെ അവളെ യാത്രയാക്കിയിട്ട് വാ.”

“മ്… ”

സംസാരങ്ങൾക്ക് വിരാമമായി. കണ്ണടച്ച് ജ്യോതി ചിന്തകളില്‍ മറഞ്ഞു…. വീണ്ടും നിദ്രയിലാണ്ടു…

മിനുക്കുവെട്ടങ്ങൾ പടർന്നുകയറിയ ഫൈസയുടെ വീട് ആൾത്തിരക്ക് കാരണം ശബ്ദനിബിഢമായിരുന്നു. ദൂരെനിന്ന് തന്നെ ആ ഇരുനിലക്കെട്ടിടം രാത്രിയില്‍ തെളിഞ്ഞുകാണാമായിരുന്നു. ഫൈസയുടെ ഹൽദിയാണ്. അവളുടെ ഉമ്മയും ഉപ്പയുമെല്ലാം ഏറെ സ്നേഹത്തോടെയാണ് ജ്യോതിയേയും കൂട്ടുകാരികളേയും സ്വീകരിച്ചത്. അവർക്ക് മുന്നില്‍ ഒരു ചിരി അഭിനയിച്ച് ജ്യോതി ആ തിരക്കില്‍ അലിഞ്ഞു. അവരുടെ മുഖത്ത് നോക്കാന്‍ പോലും കുറ്റബോധം. വീട്ടുമുറ്റത്ത് കെട്ടിയലങ്കരിച്ച സ്റ്റേജില്‍ മഞ്ഞയണിഞ്ഞ് സുന്ദരിയായി ഫൈസയിരിക്കുന്നുണ്ട്. അവളുടെ മുഖത്ത് മഞ്ഞൾ കൊണ്ടുള്ള വിരൽപ്പാടുകൾ.

അയച്ചിട്ട തട്ടത്തിനകത്ത് തെളിഞ്ഞ ചിരി…. വിരിച്ചുവച്ച കൈവെള്ളയില്‍ വെറ്റില വച്ച് ബന്ധുമിത്രാദികൾ മൈലാഞ്ചി തൊട്ട് കുശലവും കുസൃതിയും പറഞ്ഞിറങ്ങുന്നു. അവിടം മുഴുവന്‍ ബിരിയാണിയുടെ മണം തളംകെട്ടിക്കിടന്നു. സൗമ്യയുടേയും ലീനയുടേയും കൂടെ ആ സ്റ്റേജിലേക്ക് കയറിച്ചെന്നപ്പോൾ തന്നെക്കണ്ട ഫൈസയുടെ മുഖത്ത് വന്ന തീരേ സൂക്ഷ്മമായ ഭാവമാറ്റം ജ്യോതി മാത്രം തിരിച്ചറിഞ്ഞു. മുഖത്ത് ചിരിയുണ്ട്, കണ്ണുകളിൽ പരിഭ്രമം പോലെ എന്തോ ഒന്ന്… സൗമ്യ ഫൈസയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ഇരുവരും ചിരിച്ചു.

പിന്നെ ഒരല്പം മഞ്ഞളെടുത്ത് കവിളിൽ തൊട്ടു. ഇത്തിരി മൈലാഞ്ചി വെറ്റിലയിൽ വരച്ചു. അത് തന്നെ ലീനയും ചെയ്തു. പിന്നെ ജ്യോതി…. മഞ്ഞളെടുത്ത് ഒന്ന് കുനിഞ്ഞ് ഫൈസയുടെ മുഖത്തിന് നേരേ കൈ നീട്ടിയപ്പോൾ അവളുടെ കണ്ണിലേക്ക് ഒന്ന് നോക്കി. ഒരു നീർപ്പാട കെട്ടിക്കിടക്കുന്നു… അരങ്ങുവെട്ടം ആ നനഞ്ഞ കണ്ണില്‍ തിളങ്ങുന്നു… ജ്യോതിയുടെ കണ്ണുകളും നിറഞ്ഞു. കവിളിൽ നിന്ന് കയ്യെടുത്തപ്പോൾ തള്ളവിരൽ ഫൈസയുടെ കീഴിച്ചുണ്ടിൽ ഒന്നുരഞ്ഞു. ഒരിക്കല്‍ കൂടി അതിലൊരു ചുംബനം കൊടുക്കണമെന്ന് ജ്യോതി വല്ലാതെ മോഹിച്ചു. ഈ നോക്കി നിൽക്കുന്ന ലോകത്തിൽ നിന്ന് മുഴുവന്‍ ഒരു നിമിഷം….

Leave a Reply

Your email address will not be published. Required fields are marked *