രാജി ഒന്ന് തലയുയർത്തി നോക്കി. അവളുടെ വിരിഞ്ഞ നെറ്റിയെയും ഇടതുകണ്ണിനേയും മറച്ചുകൊണ്ട് മുടിയിഴകൾ അലസമായ് വീണുകിടന്നു. ചുണ്ടിന്റെ ഒരു മൂലയില്‍ നിന്ന് ഈത്തയൊലിച്ചിരുന്നു. കൺപോളകൾ പാതി മാത്രം തുറന്നിരുന്നു. ഉറക്കം വിട്ടുപോയിട്ടില്ല. മുഖത്തുനിന്നും മുടിയൊതുക്കി ഈത്തയും തുടച്ച് അവൾ ജ്യോതിയോടൊപ്പം കയറിക്കിടന്നു.
അവൾക്കു വേണ്ടി ജ്യോതി ഒതുങ്ങിക്കിടന്ന് സ്ഥലമുണ്ടാക്കി കൊടുത്തു. ആ സിംഗിൾ കോട്ടിൽ രണ്ടു പേർക്ക് ചരിഞ്ഞ് കിടക്കാനേ സാധിക്കുമായിരുന്നുള്ളൂ. മുഖാമുഖം നോക്കി അവര്‍ അങ്ങനെ കിടന്നു. രാജി ഇപ്പോഴും പാതി ഉറക്കത്തിലാണ്. പുറത്തെ മഴയുടെ ശബ്ദത്തിൽ അകത്ത് കറങ്ങുന്ന സീലിങ്ങ് ഫാനിന്റെ ഒച്ച മുങ്ങിപ്പോയി. രാജി ജ്യോതിയുടെ നെറ്റിയിലും കവിളിലും തൊട്ടുനോക്കി. അവളുടെ വിരൽത്തുമ്പിൽ ജ്യോതി വിക്സിന്റെ മണമറിഞ്ഞു.
“പനി പോയല്ലോ…!!”
രാജി ആകെ കുഴഞ്ഞ്കൊണ്ട് പറഞ്ഞു. പിന്നെ ഉറക്കത്തിലേക്ക് കടന്നു. മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ടില്ലായിരുന്നു. അവിടെ അവരുടെ ശ്വാസങ്ങൾ ഒരു വിരൽക്കനം മാത്രം അകലത്തിൽ നിൽക്കുന്ന ചുണ്ടുകൾക്കിടയിൽ കെട്ടുപിണഞ്ഞു. ചുണ്ടുകള്‍ ഒരല്പം മുന്നോട്ടുന്തിയാൽ രാജിയുടെ ചുണ്ടുകളിൽ ചുംബനമെഴുതാം. ജ്യോതിയുടെ മനസ്സ് അതിന് വേണ്ടി അന്നേരം കൊതിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിനവൾ മുതിർന്നില്ല.
ഇത്രയൊക്കെ സംഭവിച്ചിട്ടും അനുവാദമില്ലാതെ രാജിയുടെ ദേഹത്ത് തൊടാൻ ജ്യോതി ഇഷ്ടപ്പെട്ടിരുന്നില്ല. ചുണ്ടില്‍ ചുംബിച്ചില്ലെങ്കിലെന്താ, കവിളിൽ ചുംബിച്ചിട്ടില്ലേ… നെറ്റിയില്‍ ചുംബിച്ചിട്ടില്ലേ, ശിരസ്സില്‍ ചുംബിച്ചിട്ടില്ലേ… അതുകൊണ്ട് സാരമില്ല. ഇതുവരെ കഴിഞ്ഞ ചുംബനങ്ങളെല്ലാം അടച്ചിട്ട ഏതോ വാതിലിലെ മുട്ടിവിളികളാണെന്ന് ജ്യോതിക്ക് തോന്നി.
കതകൊന്ന് തുറക്കുമെന്നുള്ള പ്രതീക്ഷയുടെ മുട്ടിവിളികൾ. സ്വപ്നങ്ങളില്‍ ഓടാമ്പലിളകുന്ന ശബ്ദം… കണ്ണുകൾ തുറന്നു. നേരം വെളുത്തിരിക്കുന്നു. രാജിയുടെ മുഖം തന്റെ കഴുത്തിൽ പൂഴ്ന്ന് കിടക്കുന്നത് ജ്യോതി അറിഞ്ഞു. ആ കൈകള്‍ അവളെ ചുറ്റിപ്പിടിച്ചിരുന്നു. രാജിയുടെ ശ്വാസം ജ്യോതിയുടെ കഴുത്തിൽ ഇക്കിളിയാക്കി. അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് രാജിയുടെ മൂർദ്ധാവിൽ ഒരു മുത്തം കൊടുത്ത ശേഷം എഴുന്നേറ്റു പോയി.
അന്ന് ഫൈസ കോളേജില്‍ വന്നിരുന്നില്ല. പിന്നീടുള്ള പല ദിവസങ്ങളിലും അവളുണ്ടായിരുന്നില്ല. വരുന്ന ദിവസങ്ങളിലാണെങ്കിലും കഴിവതും അവൾ ജ്യോതിയെ ഒഴിഞ്ഞുമാറി നടന്നു. ദൂരെ നിന്ന് കഷ്ടപ്പെട്ട് വരുത്തിതീർക്കുന്ന ചിരികൾ, അല്ലെങ്കില്‍ ഒരു മൂളൽ, ഒറ്റവാക്കിലുള്ള ചില മറുപടികള്‍…. അവരുടെ സംഭാഷണങ്ങൾ അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ.