“ന്തായീ എളക്കിക്കൊണ്ടിരിക്കണേ? മര്യാദക്ക് ചോറുണ്ണ്…”
“കറിക്കൊന്നും ഒരു രുചിയില്ല. എനിക്കൊട്ടും വിശക്കുണൂല്ല…”
ജ്യോതിയുടെ ശബ്ദത്തില്‍ കഫം കടന്നൽക്കൂട് കൂട്ടിയിരുന്നു.
അമ്മ അവളുടെ നെറ്റിയില്‍ കൈ വച്ചുനോക്കി.
“പനിക്ക്ണ്ട്ലോ… മഴകൊണ്ട് കളിച്ച് നടന്നട്ട്ണ്ടാവും നീ… മനുഷ്യന് പണിയിണ്ടാക്കാനായിട്ട്…. ഒരു കൊട വാങ്ങി തന്നട്ടൊള്ളതല്ലേ. അത് തൊറക്കാനിനി കൂലിക്ക് ആളെ നിർത്തണോ?”
അമ്മയുടെ ചീത്തപറച്ചിൽ ജ്യോതിയെ നന്നേ ചൊടിപ്പിച്ചു. അവൾ കസേരയില്‍ നിന്ന് വേഗത്തിൽ എഴുന്നേറ്റു നിന്ന് പറഞ്ഞു,
” ഞാനാർക്കും പണിയൊന്നൂണ്ടാക്കണില്ല. അസുഖം വന്നാലും മനുഷ്യന് സമാധാനം തരില്ല. ഏതു നേരോം കുറ്റംപറച്ചില് തന്നെ… ”
അവൾ ദേഷ്യത്തോടെ ദ്രുതഗതിയില്‍ റൂമിലേക്ക് നടന്നു. രാജി ഒന്നും മിണ്ടാതെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. മുറിക്കകത്ത് കയറി വാതില്‍ ചാരിയിട്ട് കട്ടിലില്‍ കിടക്കുമ്പോഴും അമ്മ എന്തൊക്കെയോ ഒച്ചവെക്കുന്നത് ജ്യോതിക്ക് കേൾക്കാമായിരുന്നു. അവൾക്ക് സങ്കടം കൂടിക്കൂടി വന്നു. കണ്ണുകൾ അനിയന്ത്രിതമായി നിറയുന്നു. സ്ഥിരമുള്ളത് തന്നെ. അവൾ ഒരു കൈത്തണ്ട വച്ച് മുഖം മറച്ച് കിടന്നു. കരഞ്ഞു കരഞ്ഞ് കൺപോളകൾ കനംവച്ചു. അല്ല…
\അത് കരച്ചിലിന്റെ കനമല്ല. ഉറക്കം വന്നു കയറുന്നതാണ്. ജ്യോതി മയങ്ങിപ്പോയി. എത്ര നേരം കഴിഞ്ഞെന്നറിയില്ല. ജ്യോതി പതിയെ ഉറക്കത്തില്‍ നിന്നുണർന്നു. ഒരു സുഖമുള്ള മണം… എവിടെ നിന്നാണത്? ജ്യോതി മണത്ത് നോക്കി. അത് അവളുടെ ദേഹത്തിൽ നിന്ന് തന്നെയായിരുന്നു…! വിക്സിന്റെ മണം…!
നെറ്റിയിലും കഴുത്തിലും അതിന്റെ നേരിയ പൊള്ളലറിയുന്നുണ്ട്. നനഞ്ഞ തുണിക്കീറൊരെണ്ണം നെറ്റിയിലുണ്ട്. അമ്മ മുറിയിൽ വന്നിരുന്നോ? ജ്യോതി ഒന്ന് തലയുയർത്തി നോക്കി. അമ്മയെ കാണാനില്ല. പാദങ്ങളില്‍ ഒരു കനം തോന്നുന്നു. അവൾ അങ്ങോട്ടേക്ക് നോക്കി. രാജി..!! ജ്യോതിയുടെ പാദങ്ങളിൽ തലചായ്ച്ചുവച്ച് തറയിലിരുന്ന് രാജി ഉറങ്ങുകയാണ്. അവളുടെ ചുണ്ടുകള്‍ ഇടക്ക് തന്റെ വെള്ളിക്കൊലുസ്സിൽ തട്ടുന്നത് ജ്യോതി അറിയുന്നുണ്ടായിരുന്നു.
അവളുടെ ശ്വാസം ആ കണങ്കാലുകളെ ചുറ്റിപ്പിടിക്കുന്നു. രാജിയുടെ മിനുത്ത കവിൾ ജ്യോതിയുടെ പാദത്തില്‍ പതിഞ്ഞിരുന്നു. സമയമെത്രയായെന്ന് ജ്യോതിക്ക് തിട്ടമില്ല. എത്ര നേരമായോ എന്തോ രാജി ഈ ഇരിപ്പ് ഇരുന്നുറങ്ങുന്നു. പാദങ്ങളനക്കാതെ ജ്യോതി എഴുന്നേറ്റിരുന്നു രാജിയുടെ തോളില്‍ തട്ടിവിളിച്ചു.
“രാജി… ഇങ്ങനെ ഇരുന്നുറങ്ങല്ലെ. കട്ടിലില്‍ കേറി കിടക്ക്…”