അമ്പലത്തില്‍ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ മനസ്സിന് ശക്തിതരാൻ അവൾ ദേവിയോട് മനസ്സുരുകി പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ രാജി തന്നെ നോക്കിനിൽക്കുന്നതാണ് ജ്യോതി കണ്ടത്.
‘ദേവീ, നീയെന്നെ ഇത്ര പെട്ടെന്ന് കൈയ്യൊഴിഞ്ഞോ?’
ജ്യോതി മനസ്സിൽ ചിന്തിച്ചു.
രാജിയുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു.
“കാര്യമായ പ്രാർത്ഥനയാണല്ലോ. എന്താണ് പ്രാർത്ഥിച്ചത്?”
രാജി കളിയാക്കികൊണ്ട് ചോദിച്ചു. ജ്യോതി അതിന് ഒന്ന് ചിരിച്ചതേയുള്ളു. അമ്പലത്തിന് വലം വെച്ച് പ്രസാദവും വാങ്ങി പടി തൊട്ടുവണങ്ങി ഇറങ്ങി കഴിഞ്ഞപ്പോള്‍ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഇലക്കീറിൽ നിന്ന് ചന്ദനം മോതിരവിരൽ കൊണ്ട് തൊട്ടെടുത്ത് രാജി ജ്യോതിയുടെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു. ഒരു ചെത്തിപ്പൂവും തുളസിയിലയും എടുത്ത് രാജി തന്റെ മുടിയില്‍ ചൂടി. പിന്നെ ആ പുഷ്പാഞ്ജലി അവൾ ജ്യോതിക്ക് നേരെ നീട്ടി. ചന്ദനമെടുത്ത് രാജിയുടെ വിരിഞ്ഞ നെറ്റിയില്‍ ചാർത്തണമെന്ന് ജ്യോതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രസാദം കിട്ടിയപ്പോൾ തന്നെ രാജി അത് സ്വയം തൊട്ടിരുന്നു. പൂവും തുളസിയുമെടുത്ത് ജ്യോതി തന്റെ മുടിയില്‍ ചൂടി.
“പാലട കിട്ടാത്തതിന്റെ പിണക്കത്തിലാണോ?”
നടത്തത്തിനിടയിൽ തെല്ലൊരു കുസൃതിയോടെ രാജി ചോദിച്ചു.
“ഏയ്… അങ്ങനൊന്നൂല്ല”
ജ്യോതി പറഞ്ഞു.
“അത് വെറുതെ… പിന്നെന്താ നീ മിണ്ടാതെ നടക്കുന്നേ? ഇതുവരെ എന്നോട് ഒന്ന് മിണ്ടിയില്ലല്ലോ”.
അതില്‍ ഒരല്പം പരിഭവമുണ്ടായിരുന്നു.
“ഞാനിങ്ങനെ ഓരോന്ന് ആലോചിച്ച്… ”
” എന്താലോചിച്ച്?”
“പ്രത്യേകിച്ച് ഒന്നൂല്ല”
ജ്യോതി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.
“എനിക്കറിയാം പിണക്കമാണെന്ന്”.
“അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ വച്ഛോ”
ജ്യോതി കെറുവിച്ചു.
” അങ്ങനെ വെക്കാന്‍ മനസ്സില്ലെങ്കിലോ?”
രാജിയുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരിയുണ്ടായിരുന്നു.
ജ്യോതിക്കാണെങ്കിൽ ചെറിയൊരു ദേഷ്യവും ചെറിയൊരു ചിരിയും ഒരുമിച്ചാണ് വന്നത്. അവൾ രാജിയെ നോക്കി പല്ലിറുമ്മി പുഞ്ചിരിച്ചു. ഇത് കണ്ട രാജി പെട്ടെന്ന് തന്നെ ജ്യോതിയെ പിടിച്ച് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അപ്രതീക്ഷിതമായി ഉമ്മ കിട്ടിയപ്പോള്‍ ജ്യോതി ഒരു നിമിഷം സ്തബ്ധനായി നിന്നു.
“എന്റെ ഓണസമ്മാനാ. വച്ചോ…. പിണക്കത്തിന് ബെസ്റ്റാ കുഞ്ഞാ…”
രാജി ഓടി.
നിക്കടീ അവിടെ എന്നും പറഞ്ഞ് ജ്യോതി പുറകെ വച്ചുപിടിച്ചു. ആവണിവെയിൽ പാകിയ നാട്ടുവഴിയിലൂടെ ഇരുവരും വീട്ടിലേക്കോടി. നടുമുറിയിലിരുന്ന് സദ്യവട്ടത്തിനുള്ള കായ്കറികൾ അരിയുകയായിരുന്ന അമ്മ ഒരു മിന്നായം പോലെ മക്കള്‍ രണ്ടും ഓടി അകത്തേക്ക് പോകുന്നത് കണ്ടു.