“ആ…ആരെ?
അവന്‍ സാവധാനം ചോദിച്ചു.
“മാധവന്‍ ചേട്ടനെ…”
അവള്‍ പെട്ടെന്ന് പറഞ്ഞു.
“എഹ്?!!”
അവന്‍ അതിരില്ലാത്ത അദ്ഭുതത്തോടെ അവളെ നോക്കി. അദ്ഭുതം പിന്നെ ഭയമായി.
“മാധവന്‍ ചേട്ടനെയോ? ആന്‍റി എന്നാ തമാശ പറയുവാണോ? അത്രേം തണ്ടും തടീം ആരോഗ്യോം ഒള്ള ഒരാളെ! അതും ഒരു പോലീസ്കാരനെ?”
“അപ്പം നീ കരാട്ടെ പഠിക്കാനാ, കുങ്ങ്‌ഫൂ പഠിക്കാനാ എന്നൊക്കെ പറഞ്ഞ് നൈറ്റി പോലത്തെ വെള്ള ഉടുപ്പും ഒക്കെ വലിച്ചു കേറ്റി എങ്ങോട്ടാ പോകുന്നെ? ആവശ്യനേരത്ത് ഒരാളെ തല്ലാന്‍ പോലും പറ്റീല്ല എങ്കി എന്ത് കാര്യത്തിനാ നീയതൊക്കെ പഠിക്കുന്നെ? വെറുതെ മസില്‍ ഒണ്ടാക്കാനോ?”
ഡെന്നീസ് അവളെ ചമ്മലോടെ നോക്കി.
“അതെന്താ? മാധവന്‍ ചേട്ടന്‍ ആന്‍റിയെ എന്താ ചെയ്തെ, ഞാന്‍ അയാളെ തല്ലാനും കാലൊടിക്കാനുമൊക്കെ?”
ചമ്മല്‍ മാറ്റി അവന്‍ ചോദിച്ചു. അപ്പോള്‍ ഗേറ്റിനു വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. അവന് ഉത്തരം പറയുന്നതിന് മുമ്പ് അത് കേട്ട് അവള്‍ പുറത്തേക്ക് ഒന്ന് നോക്കി.അവനും. അപ്പോള്‍ പുറത്ത് നിന്ന് നിലാവില്‍ മുറ്റത്തേക്ക് കയറി നിര്‍ത്തിയ ജീപ്പില്‍ നിന്നും സുധാകരനും പ്രശാന്തും ഇറങ്ങുന്നത് അവര്‍ കണ്ടു. മറ്റൊരാള്‍ കൂടിയുണ്ട്. അയാള്‍ മുഖം തിരിച്ച് മുറ്റത്ത് തന്നെ നില്‍ക്കുകയാണ്.
“മാധവേട്ടന്‍!”
മുറ്റത്ത് നില്‍ക്കുന്ന ആളെക്കണ്ട് ഡെന്നീസ് മന്ത്രിച്ചു. സുനിത അത് കേട്ട് ഒന്ന് വിറച്ചു. ഭയത്തോടെ അവള്‍ ഡെന്നീസിനെ നോക്കി. അപ്പോഴേക്കും കൈകള്‍ നിറയെ സാധനങ്ങളുമായി പ്രശാന്തും സുധാകരനും അകത്തേക്ക് കയറി.
“എടാ പ്രശാന്തേ…”
ഡെന്നീസ് പ്രശാന്തിനെ നോക്കി. പ്രശാന്ത് ചുണ്ടത്ത് വിരല്‍ വെച്ച് നിശബ്ദനായിരിക്കാന്‍ അവനോട് പറഞ്ഞു.
“മോനെ, നീ അല്‍പ്പ സമയം ഒന്ന് അകത്തെ മുറിയിലേക്ക് പോ,”
സുധാകരന്‍ ഡെന്നീസിനോട് പറഞ്ഞു. അവന്‍ അകത്തേക്ക് പോയി.
“സുനീ…”
അങ്ങനെ വിളിച്ചു കൊണ്ട് സുധാകരന്‍ സുനിതയെ നോക്കി.
“മാധവേട്ടന്‍ വന്നിട്ടുണ്ട്…നിന്നെ ഒന്ന് കാണാന്‍…”
അവള്‍ ഭയന്ന് പ്രശാന്തിനെ നോക്കി. എന്നിട്ട് ദേഷ്യത്തോടെ സുധാകരനെയും.
“നമ്മള് കരുതിയ പോലെ മാധവേട്ടന്‍ കൊടകില്‍ ഒന്നും പോയതല്ല…”
സുധാകരന്‍ പറഞ്ഞു.
“ഹോസ്പ്പിറ്റലില്‍ ആയിരുന്നു മാധവേട്ടന്‍…കക്ഷിക്ക് ഭയങ്കര മനസ്താപം ഉണ്ട്…ശരിക്കും..നിന്നെ കണ്ട് മാപ്പ് പറയാന്‍ വന്നതാ…ഞാന്‍ മാധവേട്ടനെ അകത്തേക്ക് വിളിക്കുവാ…”