ജോയല്‍ തുടര്‍ന്നു.
“ഇങ്ങോട്ട് നിങ്ങളെ കൊണ്ടുവരുന്നതിന് മുമ്പ് നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ എന്തിനാണ് നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്ന്….”
അയാള്‍ എല്ലാവരെയും ആകെയൊന്നു നോക്കി.
“ഞങ്ങളുടെ കൂട്ടത്തിലെ നാല് പേരെ നിങ്ങളുടെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി…”
അവന്‍ തുടര്‍ന്നു.
“അവരെ തിരികെ കിട്ടുന്നതിനു നിങ്ങളുടെ സര്‍ക്കാരിനോട് വിലപേശാന്‍ ആണ് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്…സര്‍ക്കാറിന് വേഗം വിവേകമുദിച്ച്, ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാന്‍ എല്ലാവരും പ്രാര്‍ഥിക്കുക..അങ്ങനെയായാല്‍ എല്ലാവര്‍ക്കും പോകാം…അല്ലെങ്കില്‍ എല്ലാവര്‍ക്കും ഇവിടെ ഞങ്ങടെ കൈകൊണ്ട് ചാകാം! അതുകൊണ്ട് …”
“കൊള്ളാം!”
പെട്ടെന്ന് താഴെ നിന്ന് ഉച്ചത്തില്‍ ഗായത്രിയുടെ ശബ്ദം ഉയര്‍ന്നു.
“ടെററിസ്റ്റിന്‍റെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ കൊള്ളാം! വിവേകം! പ്രാര്‍ത്ഥന….”
അവളുടെ ശബ്ദത്തില്‍ പുച്ഛവും അവജ്ഞയും കലര്‍ന്നിരുന്നു. മറ്റുള്ളവര്‍ അവളെ അദ്ഭുതത്തോടെ നോക്കി.
“ഗായത്രി വേണ്ട!”
രോഹിത് ഈശ്വര്‍ ഗായത്രിയുടെ കാതില്‍, അടക്കത്തില്‍, പറഞ്ഞു.
“ലോക്കല്‍ ഭീകരന്‍ അല്ല… ഗവണ്മെന്റ് തലയ്ക്ക് വിലപറഞ്ഞിരിക്കുന്ന ഭീകരനാണ്! ഗായത്രിക്ക് അറിയില്ല ഇവമ്മാരുടെ നേച്ചര്‍!”
അപ്പോള്‍ ഗായത്രി അയാളെ ഒന്ന് നോക്കി.
“സംസാരിക്കാന്‍ പോയിട്ട് അവന്‍റെ മുഖത്ത് പോലും നോക്കാന്‍ കൊള്ളില്ല ഗായത്രി…”
സന്ദേശ് വാര്യരും പറഞ്ഞു.
“അതേ!”
പെട്ടെന്ന് ജോയലിന്റെ ശബ്ദം അവിടെ ഉയര്‍ന്നു കേട്ടു.
“മുഖത്ത് നോക്കാന്‍ പോലും പാടില്ല ഞങ്ങളുടെ! വാര്യര് പറഞ്ഞത് ശരിയാ! മുഖത്തേക്ക് പോലും നോക്കരുത്!”
താന്‍ അടക്കത്തില്‍ പറഞ്ഞ കാര്യം ജോയല്‍ കേട്ടതെങ്ങനെ എന്നോര്‍ത്ത് സന്ദേശ് വാര്യര്‍ അന്ധാളിച്ചു. അയാളില്‍ ഭയമിരമ്പി. ജോയലിന്റെ കണ്ണുകള്‍ അപ്പോള്‍ ഗായത്രിയില്‍ തറഞ്ഞു. അവളും അവന്‍റെ കണ്ണുകളിലേക്ക് നോക്കി. അപ്പോള്‍ ഇരുവര്‍ക്കുമിടയിലെ കാലം അതിന്‍റെ യവനിക ഒന്ന് മാറ്റി.
അപ്പോള്‍ സായാഹ്നമാവുകയായിരുന്നു. മണാലിയിലെ ഗോള്‍ഡന്‍ റെയിന്‍ബോ ക്ലബ്ബിലാണ് എല്ലാവരും. അതിലെ വിശാലമായ ഡിസ്ക്കോത്തെക്കില്‍. കടും നിറങ്ങള്‍ ഭംഗി കൂട്ടിയ വസ്ത്രങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചടുലമായി നൃത്തം ചെയ്യുമ്പോള്‍, അഭൌമമായ ഗഗനകൂടാരത്തില്‍ നിന്നെന്നപോലെ മദിപ്പിക്കുന്ന ലേസര്‍ കിരണങ്ങള്‍ നിറഞ്ഞു പ്രസരിച്ചു ചുറ്റും. കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ ദാഹവും ചുണ്ടുകളില്‍ അമര്‍ത്തിയൊളിപ്പിക്കാന്‍ പാടുപെടുന്ന പ്രണയലഹരിയുമായി അന്ന് അവള്‍ ഒരു കൈ തന്‍റെ അരക്കെട്ടിലും മറ്റേ കൈ തന്‍റെ തോളിലും പിടിച്ച് നൃത്തം ചെയ്യുകയായിരുന്നു.