“നടക്ക്!”
ഗുഹാമുഖത്തേക്ക് നോക്കി.സന്തോഷ് ആജ്ഞാപിച്ചു. തീര്‍ഥയാത്രാ സംഘം അനുസരണയോടെ അങ്ങോട്ട് നടന്നു. ഗുഹയ്ക്കകം വലിയൊരു ഹാള്‍ പോലെ തോന്നിച്ചു. വാതിലുകള്‍, വലിയ തൂണുകള്‍, ഹാളില്‍ നിന്ന് ഉള്ളിലേക്ക് വേറെയും മാര്‍ഗ്ഗങ്ങള്‍. അവ മുറികള്‍ പോലെ തോന്നിച്ച ഗുഹാന്തര്‍ഭാഗത്തേക്ക് പോകുന്നു. പെട്ടെന്ന്, ഹാളിന്‍റെ മുകളില്‍, ബാല്‍ക്കണിപോലെ പണിത ഒരു ഭാഗത്തേക്ക് ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് അവര്‍ കണ്ടു.
“ജോയല്‍ ബെന്നറ്റ്!”
സന്ദേശ് വാര്യര്‍ അടുത്ത് നിന്ന രോഹിത് ഈശ്വറിന്റെ കാതില്‍ മന്ത്രിച്ചു.
“എഹ്?”
ഞെട്ടിത്തരിച്ച് രോഹിത് ജോയലിനെ നോക്കി.
“ഈശ്വരാ! ഇതാണോ? ഇവനാണോ ജോയല്‍ ബെന്നറ്റ്? എങ്കില്‍ നമ്മുടെ കാര്യം തീര്‍ന്നു…”
അയാളെ വിറയ്ക്കാന്‍ തുടങ്ങി. സന്ദേശ് വാര്യര്‍ പറഞ്ഞത് മറ്റെല്ലാവരും കേട്ടിരുന്നു. അവരുടെ മുഖങ്ങള്‍ മുകളിലേക്ക് ഭയത്തോടെ നീണ്ടു. ഓരോരുത്തരുടെയും മിഴികള്‍ തന്‍റെ മുഖത്ത് ഭയത്തോടെ പതിയുന്നത് അവന്‍ കണ്ടു. അപ്പോഴേക്കും സന്തോഷും ഷബ്നവും അവിടേയ്ക്ക്, അവന്‍റെയടുത്തേക്ക് വന്നു.
“നിങ്ങള്‍ക്ക് സംഭവിച്ച അസൌകര്യത്തില്‍ ഖേദിക്കുന്നു!”
ഘനഗാംഭീര്യമുള്ള സ്വരത്തില്‍ ജോയല്‍ പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞാണ് അവരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഗായത്രിയെ അവന്‍ കാണുന്നത്. അദ്ഭുതവും ദേഷ്യവും കലര്‍ന്ന, വിടര്‍ന്ന മിഴികളോടെ അവന്‍ സന്തോഷിനെ നോക്കി. സന്തോഷ് പുഞ്ചിരിച്ചു.
“ഇതെന്താ?”
ജോയല്‍ ഇരുവരോടും അടക്കിയ ശബ്ദത്തില്‍ തിരക്കി.
“ബസ്സില്‍ കേറി കഴിഞ്ഞാ ഞങ്ങള് കാണുന്നെ, ഏട്ടാ!”
ഷബ്നം പറഞ്ഞു.
“അവരെ മാത്രം ഒഴിവാക്കി മറ്റുള്ളവരെ മാത്രം കൊണ്ടുവരാനാണ് ആദ്യം ഞാനും ചിന്തിച്ചേ!”
സന്തോഷ് അറിയിച്ചു.
“പിന്നെ തോന്നി, ഗായത്രിയും അമ്മയും കൂടെ ഉണ്ടേല്‍ അഡീഷണല്‍ അഡ്വാന്‍ടേജാണ് നമുക്ക്… നമ്മുടെ ആവശ്യത്തിന്…”
“അത് ശരിയാ….”
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ജോയല്‍ പറഞ്ഞു.
“നമ്മള് ഉദ്ദേശിച്ച വി ഐ പി കളേക്കാള്‍ ഒരൊന്നരക്കിലോ തൂക്കം കൂടും പദ്മനാഭന്! അങ്ങേരുടെ ഭാര്യേം മോളും ഉണ്ടേല്‍, അവരെ വെച്ച് ബാര്‍ഗൈന്‍ ചെയ്താ നമ്മടെ ആളുകളെ നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പോലീസ് വിട്ടയയ്ക്കും…”
അവന്‍ പിന്നെ ഗായത്രിയുടെ മുഖത്തേക്ക് തറച്ചു നോക്കി. അവളും ദേഷ്യം കത്തുന്ന കണ്ണുകള്‍കൊണ്ട് അവനെ അളന്നു.
“നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ….”