സൂര്യനെ പ്രണയിച്ചവൾ 21 [Smitha]

Posted by

“എഴുന്നെക്ക് വാര്യരെ!”

സന്തോഷ്‌ അയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി.

“പട്ടുസാരിയാണോ അതോ പാളത്തൊപ്പിയാണോ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ വസ്ത്രം എന്ന വിഷയത്തെക്കുറിച്ച് നാളെ നമുക്ക് ജനം ടീവീലും കൈരളീലും ഒക്കെ പ്രൈം ടൈമില്‍ ഘോരഘോരം അണ്ണാക്ക് പൊട്ടുന്ന വരെ വായ്‌വെടിവെക്കേണ്ടതല്ലേ? അതിന് അറ്റ്‌ലീസ്റ്റ് നീ ജീവനോടെ എങ്കിലും വേണ്ടേ? എണീക്കെടാ!”

എല്ലാവരും എഴുന്നേറ്റു. വരിവരിയായി ഡോറിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ്‌ ഷബ്നം ഗായത്രിയെ കാണുന്നത്.

“റബ്ബേ!”

അവള്‍ അറിയാതെ മന്ത്രിച്ചു.

“ഈ കുട്ടിയുണ്ടായിരുന്നോ ഇതിനകത്ത്?”

അവള്‍ സ്വയം ചോദിച്ചു. സന്തോഷും അവളെ കണ്ടു.

“സന്തോഷ്‌ ചേട്ടാ? ഇനി എന്ത് ചെയ്യും?”

അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു.

അയാള്‍ ഒരു നിമിഷം ആലോചിച്ചു.

“ഒന്നും ചെയ്യാനില്ല…ലെറ്റ്‌ ഹേര്‍ ആള്‍സോ ജോയിന്‍!”

അയാള്‍ പറഞ്ഞു. മറ്റുള്ളവരോടൊപ്പം പുറത്തേക്കിറങ്ങവേ സന്തോഷിന്‍റെ നേരെയും ഷബ്നത്തിന് നേരെയും ഗായത്രി രൂക്ഷമായി നോക്കി. ഷബ്നം അപ്പോള്‍ മുഖം തിരിച്ചു.

“ആ കുട്ടീടെ നോട്ടം, എന്‍റെ സന്തോഷ്‌ ചേട്ടാ! എന്ത് ചെയ്യാം!”

നിസ്സഹായത നിഴലിക്കുന്ന സ്വരത്തില്‍ ഷബ്നം പറഞ്ഞു. അവരോരുത്തരും ഭയന്നും നിലവിളിച്ചും പൊട്ടിപ്പഴകിയ വാനിലേക്ക് കയറി. അതിനുള്ളില്‍ തോക്കുധാരികളായ സംഘം നിന്നിരുന്നു.

“അതി തീട്ടം മൂത്രോം ഒന്നുമില്ല മാഡംസ്!”

ഇരിക്കാന്‍ മടിച്ചവരെ നോക്കി, പ്രത്യേകിച്ച് സ്ത്രീകളെ നോക്കി രാമപ്പന്‍ പറഞ്ഞു.

“പഴയ ഇന്ത്യന്‍ മേഡ് ടാറ്റ കമ്പനി വണ്ടിയാണ്… ഓഡീം വോക്സ് വേഗനും ഒന്നും നമ്മടെ സൈറ്റിലേക്ക് കേറില്ല! അതാ!”

ഗായത്രി വരുന്നത് കണ്ട് സംഘാംഗങ്ങള്‍ ആദ്യമൊന്ന് പരുങ്ങി. അവര്‍ ചോദ്യരൂപത്തില്‍ സന്തോഷിനെ നോക്കി. അയാള്‍ കുഴപ്പമില്ല എന്ന അര്‍ത്ഥത്തില്‍ അവരെ നോക്കി. കാടിനുള്ളിലേക്ക് വണ്ടി കയറി. ദുര്‍ഘടമായ കാട്ടുപാതയിലൂടെ, ചിലപ്പോള്‍ പാതയില്ലാത്ത പുല്‍പ്പുറത്ത് കൂടി വാന്‍ കുലുങ്ങിയും ഇളകിയും സഞ്ചരിച്ചു. വാനിനുള്ളില്‍ നിലവിളിയും പ്രാര്‍ഥനകളും മുഴങ്ങി. തോക്കേന്തിയ സംഘം ഭീഷണമായ ഭാവത്തോടെ അവരെ നോക്കി. ഏകദേശം രണ്ടു മണിക്കൂറിനു ശേഷം വാന്‍ അവരുടെ താവളത്തിലെത്തി.

“ഇറങ്ങ്!”

ഉണ്ണി ഡോര്‍ തുറന്നപ്പോള്‍ സന്തോഷ്‌ ആജ്ഞാപിച്ചു. സ്ത്രീകളും പുരുഷന്മാരും ഭയത്തോടെ ചുറ്റുപാടുകള്‍ വീക്ഷിച്ചുകൊണ്ട് പതിയെ അതിനുള്ളില്‍ നിന്നും ഇറങ്ങി. ഇടിഞ്ഞു പൊളിഞ്ഞ, ചിരപുരാതനമെന്നു തോന്നിക്കുന്ന ഒരു ക്ഷേത്രപരിസരമാണ് അതെന്നു അവര്‍ മനസ്സിലാക്കി. കാടിന്‍റെ ഇരുളിനും തണുപ്പിനുമകത്ത് അങ്ങനെ ഒരു കെട്ടിടാവശിഷ്ടം ഒരപൂര്‍വ്വതയായിരുന്നു. കെട്ടിടത്തിന് മുമ്പില്‍ വന്‍ ശിലകള്‍കൊണ്ട് നിര്‍മ്മിതമായ ഒരു ഗുഹാമുഖം.

Leave a Reply

Your email address will not be published. Required fields are marked *