എല്ലാവരും ഭയന്ന് വിറങ്ങലിച്ച് അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നു.
“ഞാന്‍ സന്തോഷ്!”
തോക്കുയര്‍ത്തി സന്തോഷ് പറഞ്ഞു.
“പോലീസ് റെക്കോഡില്‍ എന്‍റെ പേര് വീരപ്പന്‍ സന്തോഷ് എന്നാ! അല്ല ഇത് നമ്മടെ വാര്യരദ്ദേഹവല്ല്യോ? വാര്യര്‍ക്കൊക്കെ എന്നെ അറിയാം…പിന്നെ തുളസീമണി മാഡത്തിനും അറിയാം…മാഡത്തിന്‍റെ ഹസ്ബന്‍ഡ്…എന്നെപ്പറ്റിയൊക്കെ നിയമസഭേല്‍ ഘോരഘോരം പ്രസംഗിച്ചതല്ലേ? എന്താ മാഡം ഇത്? മാഡത്തിന്‍റെ ഹസ്ബന്‍ഡ് ഒന്നാന്തരം കമ്മ്യൂണിസ്റ്റ് അല്ലെ? പണ്ട് യൂത്തിന്റെ ഒക്കെ അഖിലേന്ത്യാ നേതാവോക്കെ ആരുന്നില്ലേ? കമ്മ്യൂണിസ്റ്റിന്‍റെ ഭാര്യക്ക് അമ്പലോം പള്ളീം ഒക്കെ ആകാല്ലോ അല്ലെ? ഹഹഹ….ആങ്ങ് ..അത് എന്തേലും ആകട്ടെ!”
സന്തോഷിന്‍റെ മുഖത്തെ ചിരിമാഞ്ഞു.
“ഈ വണ്ടിയിലുള്ള നിങ്ങളെ ഞങ്ങള് കസ്റ്റഡിയിലെടുക്കുവാ!” ബസ്സിനുള്ളില്‍ നിന്നും വീണ്ടും ഭയന്ന് വിറച്ച കരച്ചില്‍ ശബ്ദമുയര്‍ന്നു.
“ഞങ്ങടെ കൂട്ടത്തിപ്പെട്ട നാല് പേരെ പോലീസ് പിടിച്ചു, ഇന്നലെ! നിങ്ങളെ വെച്ച് വെലപേശുവാ!…”
“അതിനു ഞങ്ങള്‍…”
രോഹിത് ഈശ്വര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. സന്തോഷ് തോക്കിന്‍റെ പാത്തി അയാള്‍ക്ക് നേരെ ഉയര്‍ത്തി. അത് താഴുന്നതിനു മുമ്പ് നിലവിളിയോടെ രോഹിത് സീറ്റിലേക്ക് അമര്‍ന്നു.
“ഒരക്ഷരം കേള്‍ക്കരുത് ഒരു പന്നീടെം നാവില്‍ നിന്ന്!”
ഭീഷണമായ ശബ്ദത്തില്‍ സന്തോഷ് പറഞ്ഞു.
“പേടിച്ച് കരയുവോ നെലവിളിക്കുവോ ഒക്കെ ചെയ്തോ! പക്ഷെ അലമ്പുണ്ടാക്കരുത്! സോഫ്റ്റ് ആയി കരഞ്ഞോണം! മനസ്സിലായോ മിസ്സിസ് മാളവികാ ബലരാമന്‍!”
പെട്ടെന്ന് അങ്ങോട്ടേക്ക് ഉണ്ണിയും രവിയും ഷബ്നവും കയറി സതീഷും വന്നു.
“ജനഗണമന പാടുമ്പം നമ്മള് അല്ല നമ്മളല്ല നിങ്ങള് അറ്റന്‍ഷന്‍ മോഡില്‍ നിക്കുവേലെ?”
സന്തോഷ് ചോദിച്ചു.
“അത്രേം അച്ചടക്കത്തോടെ പുറത്തേക്ക് ഇറങ്ങിക്കെ. എന്നിട്ട് ദോണ്ടേ, ആ കാണുന്ന ലക്ഷ്വറി ബസ്സില്ലേ? അതിലേക്ക് അങ്ങ് കയറിക്കെ!”
അയാള്‍ പുറത്തേക്ക് തോക്ക് ചൂണ്ടി പറഞ്ഞു. അവിടെ വളരെ പഴയ, പൊളിയാറായ ഒരു വാന്‍ കിടന്നിരുന്നു.
“സതീഷേ!”
സന്തോഷ് സതീഷിനോടു പറഞ്ഞു.
“നീ വെളീല്‍ നിക്ക്! എന്നിട്ട് മന്ദം മന്ദം ഇറങ്ങി വരുന്ന ഈ വി ഐ പികള്‍ നമ്മടെ വണ്ടീല്‍ കേറുമ്പം അവര് തരുന്ന ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്ക്!”
“ഓക്കേ!”
സതീഷ് ചിരിച്ചു. അവന്‍ പുറത്തേക്കിറങ്ങി. സന്തോഷ് ഉടനെ ബസ്സിനകത്ത് നിന്നും റൂഫിലേക്ക് നിറയൊഴിച്ചു. റൂഫിന്‍റെ മനോഹാരിതയെ ഭേദിച്ചുകൊണ്ട് വെടിയുണ്ടകള്‍ പുറത്തേക്ക് ചിതറിയപ്പോള്‍ ഭയംകൊണ്ട് വിറങ്ങലിച്ച് എല്ലാരും എഴുന്നേറ്റു.