രാകേഷ് പദ്മനാഭന്‍ തമ്പിയെ നോക്കി.
“അങ്കിള്‍…”
രാകേഷ് അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.
“അവന്‍ ഇങ്ങോട്ട് വന്നു…എന്തിന്? എന്‍റെ മണ്ഡപം കത്തിച്ചു …ഇവടെ മുഴുവന്‍ താറുമാറാക്കി…എന്താ അതിന്‍റെ അര്‍ഥം?”
രാകേഷിന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ തമ്പി ഒന്ന് പകച്ചു.
“അതിപ്പോ …”
അയാള്‍ തപ്പിത്തടഞ്ഞു.
“മോനൊരു വാണിംഗ് തരാന്‍…മണ്ഡപം ഒക്കെ കത്തിച്ച് …അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ മോന്‍ ഇതീന്ന് പേടിച്ചു പിന്മാറും എന്ന് അവന്‍ കരുതുന്നുണ്ടാവും….”
‘ഊഹും!!”
രാകേഷ് നിഷേധാര്‍ത്ഥത്തില്‍ മൂളി.
“അതൊന്നും അല്ല… ഞാന്‍ അവനെ പഠിച്ചിട്ടുണ്ട്..അവന്‍റെ നേച്ചര്‍ മനസ്സിലാക്കിയിട്ടുണ്ട്…അത് വെച്ചു നോക്കുമ്പോള്‍ അവന്‍ വാണിങ്ങിന്റെ ആളല്ല. ആക്ഷന്‍റെ ആളാ…ഇങ്ങോട്ട് വന്ന് എന്‍റെ കല്യാണ മണ്ഡപം കത്തിക്കണമെങ്കില്‍ ദേര്‍ ഈസ് സംതിംഗ് ഐ ഡോണ്ട് നോ ഓര്‍ ഐ ഷുഡ് നോ….”
“അങ്ങനെ ഒന്നുമല്ല മോനെ!”
പദ്മനാഭന്‍ തമ്പി അവനെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം കൂടി നടത്തി.
“ശരി…”
രാകേഷ് ചിരിച്ചു.
“മണ്ഡപം കത്തിച്ചാണ് കളിയെങ്കില്‍ ഞാനും കളിക്കാം ഒരു കളി. അങ്കിളേ! ഇനി അവനെ പിടിച്ചിട്ട് മാത്രമേ നിശ്ചയോം കെട്ടും ഒക്കെയുള്ളൂ… അത് ഞാന്‍ തീരുമാനിച്ചു…അതിന് മുമ്പ് കല്യാണോം കെട്ടും ഒന്നുമില്ല. സത്യം!”
അവന്‍റെ ദൃഡ സ്വരത്തിലുള്ള വാക്കുകള്‍ പദ്മനാഭനെ മാത്രമല്ല, ചുറ്റും കൂടിയിരുന്നവരെപ്പോലും അമ്പരപ്പിച്ചു.
വിമലും റെജിയും രാകേഷിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്ന്‍ നോക്കി.
“എന്താടാ നോക്കുന്നെ?”
രാകേഷ് അവരുടെ നേരെ ശബ്ദമുയര്‍ത്തി.
“ഈ ശപഥവും പ്രതിജ്ഞേം ഒക്കെ ഭീഷ്മര്‍ക്കും തച്ചോളി ഒതേനന്‍മാര്‍ക്കും മാത്രമുള്ളതല്ല…നമുക്കും ആവാം!”
അത് പറഞ്ഞ് അവന്‍ സൈനിക വാഹനത്തിന് നേരെ നടന്നു.
റെജിയും വിമലും പിന്നാലെയും.
“ആ ജോയല് വന്ന് നിന്‍റെ ഷൂസ് കത്തിക്കാഞ്ഞത് നന്നായി!”
റെജി പിറുപിറുത്തു.