സവിത്രിയില്‍ പരിഭ്രമം വളര്‍ന്നു.
“മേനോന്‍ ചേട്ടനും സാവിത്രിയ്ക്കും അറിയുമായിരുന്നില്ലേ അത്?”
അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുമ്പില്‍ സാവിത്രി പതറി.
അവരുടെ മിഴികള്‍ നനഞ്ഞു.
കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങി.
“സാരമില്ല…!”
ഊര്‍മ്മിള പറഞ്ഞു.
“എനിക്ക് എന്‍റെ ഉത്തരം കിട്ടി…”
അപ്പോള്‍ പുറത്ത് വാഹനവ്യൂഹങ്ങള്‍ വന്ന് നിറഞ്ഞു.
അവരിരുവരും താഴേക്ക് നോക്കി.
പന്തലിനപ്പുറം ആദ്യം വന്ന് നിന്ന പട്ടാളവാഹനത്തില്‍ നിന്നും രാകേഷ് ചാടിയിറങ്ങി.
തുടര്‍ന്ന് വിമലും റെജിയും മറ്റു മിലിട്ടറി ഉദ്യോഗസ്ഥന്മാരും.
“എഹ്!”
ചുറ്റും നോക്കി രാകേഷ് അദ്ഭുതപ്പെട്ടു.
“എന്ത് പറ്റി? എന്താ ഇതൊക്കെ ഇങ്ങനെ?”
മറിഞ്ഞ് കിടക്കുന്ന ഇരിപ്പിടങ്ങളും ദ്വാരം വീണ അലങ്കാരത്തുണികളും അവസാനം കത്തിക്കരിഞ്ഞ മണ്ഡപവും കണ്ട് എല്ലാവരും അന്ധാളിച്ചു.
മുഖത്ത് അടിയേറ്റ പാടുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അങ്ങോട്ടോടി വന്നു.
“എന്തായിത് രാജൂ?”
രാകേഷ് അയാളോട് ചോദിച്ചു.
“എന്തായീ കാണുന്നതൊക്കെ?”
“ജോയല്‍ ബെന്നറ്റ് വന്നിരുന്നു ഇവിടെ സാര്‍!”
സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഭയം വിട്ടുമാറാതെ പറഞ്ഞു.
രാകേഷ് അവിശ്വസനീയതയോടെ തന്‍റെ കൂട്ടുകാരെ നോക്കി.
പിന്നെ തന്‍റെ പിന്നാലെ കാറില്‍ നിന്നുമിറങ്ങിവന്ന പദ്മനാഭനെയും.
“ഇവിടെയോ?”
രാകേഷ് ശബ്ദമുയര്‍ത്തി ചോദിച്ചു.
“അതിനര്‍ത്ഥം…?”
രാകേഷ് ആലോചിച്ചു.
“നമ്മളെ ഇവിടെ നിന്നും മാറ്റാന്‍ അവന്‍ കണ്ടെത്തിയ തന്ത്രം! പക്ഷെ….നമ്മളെ ഇവിടെ നിന്നും മാറ്റിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ? അയാളുടെ ലക്‌ഷ്യം നമ്മളല്ലേ? അയാളെ പിടിക്കാനുള്ള ഫോഴ്സ് അല്ലെ നമ്മള്‍? നമ്മളെ കൊല്ലാന്‍ നമ്മള്‍ ഉള്ളിടത്തേക്കല്ലേ അവന്‍ വരേണ്ടത്….അതിന് പകരം?”