രാകേഷ് കാണുന്നില്ല എന്നുറപ്പ് വരുത്തിക്കൊണ്ട് പദ്മനാഭന്‍ തമ്പി ഗായത്രിയുടെ കാതില്‍ അടക്കത്തില്‍ പറഞ്ഞു.
“ദോഷമുണ്ടാക്കുന്നതൊന്നും പറഞ്ഞേക്കരുത്…”
അവള്‍ ഉത്തരമൊന്നും പറയാതെ തന്നെപ്രതീക്ഷിച്ച് ലോണില്‍ ഇരിക്കുന്ന രാകേഷിന്റെയടുത്തേക്ക് ചെന്നു.
തന്‍റെ സമീപത്തേക്ക് നടന്നടുക്കുന്ന ഗായത്രിയുടെ വിസ്മിത സൌന്ദര്യത്തിലേക്ക് രാകേഷ് സ്വയം മറന്ന് മിഴികള്‍ നട്ടു.
പിന്നെ സ്വയം ശാസിച്ചു.
യൂ ആര്‍ ഓണ്‍ ഡ്യൂട്ടി നൌ, യൂ ഡോഗ്!
ഗായത്രി ഇളംവെളുപ്പ് നിറത്തിലുള്ള ചുരിദാര്‍ സ്യൂട്ട് ആയിരുന്നു ധരിച്ചിരുന്നത്.
മാറില്‍ ക്രീം നിറത്തില്‍ ഒരു ഷാള്‍.
അവള്‍ അടുത്തെത്തിയപ്പോള്‍ അവന്‍ എഴുന്നേറ്റു.
രാകേഷ് ഒരു നിമിഷം ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു.
“ഇരിക്കൂ…”
തനിക്കെതിരെയുള്ള കസേര ചൂണ്ടി അവന്‍ അവളോട് പറഞ്ഞു.
ഒന്ന് തലകുനിച്ചതിനു ശേഷം അവള്‍ അവന്‍ പറഞ്ഞതനുസരിച്ച് അവനഭിമുഖമായി ഇരുന്നു.
രാകേഷ് അവളെ നോക്കി ഒന്ന് മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
പിന്നെ അവള്‍ മുമ്പില്‍ കാണുന്ന മലനിരകളിലേക്ക് നോക്കി.
“ഗായത്രി…”
അവളുടെ മുഖത്തേക്ക് നോക്കി രാകേഷ് വിളിച്ചു.
ദൂരെ മലനിരകളില്‍ കണ്ണുകള്‍ പതിപ്പിച്ചിരുന്ന അവള്‍ വിളി കേട്ട് അവന്റെോ മുഖത്തേക്ക് നോക്കി.
“ഞാന്‍ വന്നത് ഒഫീഷ്യല്‍ ആയാണ്… അത്ര സുഖകരമായി ഗായത്രിയ്ക്ക് അത് തോന്നില്ല…”
ഗായത്രി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
സൗഹൃദം നിഴലിക്കുന്ന പുഞ്ചിരിയല്ല.
മറിച്ച് തറഞ്ഞു കയറാന്‍ ശേഷിയുള്ള കുറെ ചോദ്യങ്ങള്‍ ഒളിപ്പിച്ച പുഞ്ചിരി.
അങ്ങനെയാണവന് തോന്നിയത്.
“രാകേഷ് ഒഫീഷ്യല്‍ വേഷത്തില്‍ ആണല്ലോ…”
ഗായത്രി പറഞ്ഞു.
“അതുകൊണ്ട് തന്നെ എന്നെ കാണാന്‍ വന്നത് ഒഫീഷ്യല്‍ ആയിരിക്കാം എന്ന് ഞാന്‍ കരുതിയിരുന്നു…”
“അപ്പോള്‍ ആരെക്കുറിച്ച് അന്വേഷിക്കാന്‍ ആണ് വന്നതെന്നും അറിയാമല്ലോ,”
“ജോയല്‍ ബെന്നറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണ് എന്ന് എനിക്കറിയാം,”
ഗായത്രിയുടെ പെട്ടെന്നുള്ള മറുപടി അയാളെ അല്‍പ്പമൊന്നമ്പരപ്പിച്ചു.
“അങ്ങനെ തോന്നാന്‍ കാരണം?”