“ഏതോ ഒരു പെണ്‍കുട്ടി എന്നെ പ്രേമിക്കുന്നു, ഞാനത് ഓര്‍ത്ത് ടെന്‍ഷനടിക്കുന്നു…അതൊക്കെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ എന്തൊരു രസമായിരുന്നല്ലേ?”
അസഹ്യതയോടെ ഗായത്രി അവനെ നോക്കി.
“നേഹയും സഫീനയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടതിന്റെ രഹസ്യം ഇപ്പഴല്ലേ മനസ്സിലായത്! എത്രപേരോട് ഈ ജോക്ക് ഷെയര്‍ ചെയ്തു ഗായത്രി, എന്നെ ഇങ്ങനെ പറ്റിക്കുന്ന വിവരം? അതാണോ!”
ജോയല്‍ അത് പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഗായത്രിയുടെ വിരലുകള്‍ ജോയലിന്റെ ചുണ്ടുകളില്‍ അമര്‍ന്നു.
“ഞാന്‍ ജോയലിനെ പറ്റുക്കുവാന്ന്‍ ആര് പറഞ്ഞു?”
അവളുടെ ശബ്ദമുയര്‍ന്നു. മുറിവേറ്റതിന്റെ ക്രൌര്യം അവളുടെ ശബ്ദത്തില്‍ നിറഞ്ഞിരുന്നു.
അവളുടെ വിരല്‍തുമ്പുകള്‍ തന്‍റെ ചുണ്ടുകളില്‍ അമര്‍ന്ന നിമിഷം ജോയലിന്റെ ഉള്ളൊന്നു പതറി.
വിരലുകളുടെ മൃദുത്വവും ഊഷ്മളതയും അകതാരിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു അനുഭൂതി.
“പറ്റിക്കുവല്ലാരുന്നെന്നോ?”
അവള്‍ വിരലുകള്‍ മാറ്റിയപ്പോള്‍ ജോയല്‍ ചോദിച്ചു.
“എന്നുപറഞ്ഞാല്‍? എന്നുപറഞ്ഞാല്‍ കാര്‍ഡില്‍ പറഞ്ഞിരിക്കുന്നത് ഒക്കെ റിയല്‍ ആണെന്നോ?”
ജോയലിന്റെ ചോദ്യത്തിന് മുമ്പില്‍ ആദ്യം ഗായത്രി ഒന്ന് സംഭ്രമിച്ചു.
പക്ഷെ പെട്ടെന്ന് അത് മനോഹരമായ ഒരു ലജ്ജയായി.
അവന്‍റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയതിന് ശേഷം അവള്‍ മുഖം കുനിച്ചു.
“ഗായത്രി….”
ജോയല്‍ ഒരു ചുവടുകൂടി അവളുടെ നേര്‍ക്ക് വെച്ചു.
അവളവനെ ഉറ്റു നോക്കി.
“എന്‍റെ പപ്പാ ആരാന്ന് അറിയാല്ലോ…”
അവന്‍ പറഞ്ഞു.
“ജേണലിസത്തില്‍ ഡോക്റ്ററേറ്റ് ഉണ്ട് പപ്പയ്ക്ക്. അധികം അങ്ങനെ ആരുമില്ല നമ്മുടെ രാജ്യത്ത്. എന്നുവെച്ചാല്‍ ഹൈലി എജ്യൂക്കേറ്റഡ് ആണ് എന്‍റെ പപ്പാ! പക്ഷെ മമ്മാ പറയുന്നത് പപ്പയ്ക്ക് വിദ്യാഭ്യാസം മാത്രേ ഉള്ളൂ വിവരം ഇല്ല എന്നാണു. എന്ന് വെച്ചാല്‍ വിദ്യാഭ്യാസത്തെ പ്രായോഗികമായി പണം സമ്പാദിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്താന്‍ പപ്പയ്ക്ക് അറിയില്ല എന്ന്…”
ഗായത്രി ജോയല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാതെ അവനെ ആകാക്ഷയോടെ നോക്കി.
“ആ പപ്പാടെ മോനാണ് ഞാന്‍!”
അവന്‍ തുടര്‍ന്നു.
“വിവരം കുറയും. എന്നാലും തീരെയില്ലാതില്ല….”