കാറ്റിരമ്പി.
“നേരത്തെയോ?”
ഋഷി ഭയത്തോടെ ചോദിച്ചു.
“അപ്പം നമ്മള് നേരത്തെ മരിക്കാന്‍ പോകുവാണോ?”
“അല്ല എന്‍റെ മുത്തേ,”
അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് സെലിന്‍ പറഞ്ഞു.
“ഞാന്‍ മോനെ നേരത്തെ മരിക്കാന്‍ വിടുവോ? ഞാന്‍ ആദ്യം പോകും. പിന്നെ കുറെ ഒരുപാട് കൊല്ലം ഒക്കെ കഴിഞ്ഞ് മുത്ത് ഇവിടെ വരുമ്പം ഞങ്ങള് വരും. ഞാനും അച്ചായനും. ഇതേ സ്ഥലത്ത് ഇങ്ങനെ മുത്ത് നിക്കുമ്പം. ഞങ്ങള്‍ അന്നേരം അപ്പൂപ്പന്‍താടികളായും തുമ്പികളായും വരും. എന്‍റെ മുത്തിനെ അന്നേരം ഞങ്ങള് ചിറകില്‍ കേറ്റി പറന്ന് പൊങ്ങിപ്പോകും…”
തടാകക്കരയില്‍ മുളങ്കാടിന്‍റെ രൂപത്തില്‍ നിന്ന പച്ചക്കോട്ട കാറ്റിലമര്‍ന്ന്‍ ജലപ്പരപ്പിനെ തൊടാന്‍ ശ്രമിച്ചു.
കാറ്റ് കടന്ന് വന്നു അപ്പൂപ്പന്‍താടികളെയും തുമ്പികളെയുമുലച്ചു.
“എന്നെ എടുത്തോണ്ട് പോകാന്‍മാത്രം വലുതായിരിക്കുമോ നിങ്ങടെ ചിറകുകള്‍?”
ഋഷി ചോദിച്ചു.
“ഞങ്ങള് മുത്തിനെ കൊണ്ടോകാന്‍ വരുമ്പം മോന്‍ അന്നേരം ഒരു കുഞ്ഞ് തുമ്പിയായി മാറും. രണ്ട് വലിയ തുമ്പികള്‍ക്ക് ഒരു കൊച്ചു തുമ്പിയെ കൊണ്ടോകാന്‍ പറ്റില്ലേ?”
“നോക്ക്!”
ഋഷി വടക്കേ ചക്രവാളത്തിലേക്ക് വിരല്‍ ചൂണ്ടി.
അവിടെ ചെറിയ കറുത്ത പൊട്ടുകള്‍ പോലെ പക്ഷികള്‍ പറക്കുന്നുണ്ടായിരുന്നു.
വെയില്‍ മൂടിയ പര്‍വ്വതങ്ങള്‍ക്ക് പിമ്പില്‍ നിന്നാണ് അവര്‍ പറന്നുയരുന്നത്.
അവ സാവധാനം അവര്‍ നില്‍ക്കുന്നിടത്തേക്ക് പറന്നുവന്നു.
“അത് എന്നാ പക്ഷികളാ?”
ലീനയോട് ഋഷി ചോദിച്ചു.
“മനസ്സിലാക്കാന്‍ പാടാ,”
ലീന പറഞ്ഞു.
“അത് ചിറകടിക്കുന്ന രീതി കണ്ടോ? നോക്കിക്കേ! മുമ്പോട്ട് ചിറകടിക്കുമ്പം സ്പീഡില്‍. പൊറകോട്ടടിക്കുമ്പം പതുക്കെ. അത് ഏറ്റോം വടക്കൊള്ള രാജ്യത്തുന്നാ,”
“സൈബീരിയ,”
ഋഷി പറഞ്ഞു.
“വടക്കുന്നോ?”
ലീന ഭയത്തോടെ ചോദിച്ചു.
“അച്ചായന്‍ പാടുന്ന ഒരു പാട്ടുണ്ട്….. വടക്കൂന്ന് വരുന്ന പക്ഷികള്‍ മരണ സന്ദേശം