വീടെത്തിയപ്പോള്‍ സന്ധ്യയായിരുന്നു. ലീന അപ്പോള്‍ വീട്ടില്‍ ഉണ്ടാകുമെന്ന് ഡെന്നീസ് വിചാരിച്ചിരുന്നില്ല. പള്ളിയില്‍ ക്രിസ്മസ്സ് സംബന്ധിച്ചുള്ള പ്രാര്‍ത്ഥനകളിലോ പുല്‍ക്കൂടുണ്ടാക്കുന്നതിലോ ഒക്കെയാണ് മമ്മി സമയം കണ്ടെത്തിയിരുന്നത്. ഇന്ന് പക്ഷെ അവന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാവാം, ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോള്‍ തന്നെ വീടിന് മുമ്പില്‍ കാര്‍ ഷെഡ്ഢിനടുത്ത് ബുള്‍ബുള്‍ പക്ഷികളും പഞ്ചവര്‍ണ്ണങ്ങളും ബഹളമുണ്ടാക്കുന്ന വലിയ കൂടിനടുത്ത് അവള്‍ നിന്നിരുന്നു.
“മമ്മി!”
അവന്‍ ഉച്ചത്തില്‍ വിളിച്ചു.
“ഒഹ്!”
തിരിഞ്ഞു നോക്കിയ ലീനയുടെ മുഖം അദ്ഭുതം കൊണ്ടും സന്തോഷം കൊണ്ടും പ്രകാശിച്ചു.
അടുത്തെത്തിയപ്പോള്‍ അവള്‍ അവന്‍റെ തല മുടിയില്‍ തഴുകി.
“എന്ത് പറ്റി മോനു? ആകെ കോലം കെട്ട്!നീ മര്യാദയ്ക്ക് ഒന്നും കഴിക്കാറില്ലേ?”
“പോ മമ്മി!”
അവളുടെ സാരിത്തുമ്പില്‍ പിടിച്ച് അവന്‍ പറഞ്ഞു.
“പത്ത് മിനിറ്റ് കടേല്‍ പോയി സാധനം വാങ്ങി തിരിച്ചു വന്നാലും മമ്മി ഇത് തന്നെ പറയും!ഞാനെന്തെരെ കേട്ടതാ!”
അവള്‍ ചിരിച്ചു.
“എത്ര ദിവസം ഉണ്ട് മോനൂ വെക്കേഷന്‍?”
അവന്‍റെ തോളില്‍ കൈയ്യിട്ട് അകത്തേക്ക് നടക്കവേ ലീന ചോദിച്ചു.
“ഒന്‍പത് ദിവസം. മമ്മിയ്ക്കോ?”
“ഞങ്ങള്‍ ബാങ്ക് എമ്പ്ലോയീസിന് എന്ത് അവധി മോനൂ? രണ്ടു മൂന്ന്‍ ദിവസത്തേക്ക് അപ്ലൈ ചെയ്ത് നോക്കാം.”
ലീന പറഞ്ഞു.
“പക്ഷെ ഔട്ടിംഗ് ഒക്കെ നടക്കുവോ എന്നു സംശയമാ മോനൂ. സോണല്‍ മാനേജറും ടീമും ഒക്കെ ഇന്‍സ്പെക്ഷന് വരും. അതിന്‍റെ കുറച്ച് വര്‍ക്ക് ഹെവി ആണ്”
“അത് കാര്യമാക്കണ്ട.”
അകത്ത് ഹാളില്‍ മേശപ്പുറത്ത് ബാഗ് വെച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“മമ്മി അങ്ങനെ ലീവ് എടുക്കാത്ത ആളല്ലേ? മൂന്ന്‍ ദിവസം ഒക്കെ ലീവ് എടുത്തേ പറ്റൂ. ഔട്ടിംഗ് എന്തായാലും വേണം. കാരണം എന്‍റെ ചങ്ക് വരുന്നുണ്ട് ക്രിസ്മസ് കൂടാന്‍.”
“ആര് ഋഷിയോ?”
“അതെ. അവന്‍ ഇത്തവണ എന്തായാലും വരും. ആകെ എക്സൈറ്റഡ് ആണവന്‍.”
“നോക്കട്ടെ, രണ്ടു ദിവസത്തെ ലീവ് പോസ്സിബിള്‍ ആണോന്ന്!”
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കാര്യക്കോട് ശാഖ ബ്രാഞ്ചില്‍ ഓഫീസര്‍ ആണ് ലീന. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവളുടെ ഭര്‍ത്താവ് സാമുവല്‍ ജോണ് ഒരു തൃശൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. പോലീസ് അന്വേഷണം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. കൂട്ടുകാരും സാമുവലിന്റെ വീട്ടുകാരും ലീനയെ പഴിച്ചു. ദൌര്‍ഭാഗ്യങ്ങള്‍ക്കൊക്കെ കാരണം ലീനയാണ് എന്ന് വിധിയെഴുതി. എങ്കിലും ആയിടയ്ക്കാണ് അവള്‍ക്ക് സ്റ്റേറ്റ് ബാങ്കില്‍ പ്രോബേഷണറി ഒഫീസറായി അവള്‍ക്ക് നിയമനം ലഭിച്ചത്. അത് വലിയൊരു ആശ്വാസമായി. അത്കൊണ്ട് ഡെന്നീസിനെ വളര്‍ത്താനും തുടര്‍ ജീവിതത്തിനും ബുദ്ധിമ്മുട്ടൊന്നുമുണ്ടായില്ല.