ഡയാന പുഞ്ചിരി നിലനിർത്തി പറഞ്ഞു.
“പ്രാർത്ഥിച്ചോ!ശരിക്ക് പ്രാർത്ഥിച്ചോ!ഭർത്താവിന്റെ കാര്യത്തിൽ പ്രാർത്ഥിക്കാത്ത ഭാര്യ ഒരു നല്ല ഭാര്യയല്ലല്ലോ!”
ഭർത്താവിന്റെ കാര്യത്തിലോ?
അനിതയ്ക്ക് വീണ്ടും സംശയമേറി.
“അനിത എന്താ നെറ്റി ചുളിക്കുന്നെ?”
“ചേച്ചി ഉദ്ദേശിക്കുന്നത് മനസ്സിലാകാഞ്ഞിട്ടാ…”
“ഏയ് …അനിത ചുമ്മാ പൊട്ടി കളിക്കുന്നതാണ് എന്നെനിക്കറിയാം,”
ഡയാന ചിരിച്ചു.
“ഇല്ല ചേച്ചി ..എനിക്കൊന്നും മനസ്സിലായില്ല…”
ഡയാന അനിതയെ ഒന്ന് നോക്കി.
“അനിതയുടെ ശ്രീരാഗ് ചേട്ടൻ വർക്ക് ചെയ്യുന്നത് എന്റെ ഹസ് ജോർജ്ജ് വർക്ക് ചെയ്യുന്ന ടെക്‌നോ കോർപ്പിൽ തന്നെയല്ലേ?”
“പിന്നല്ലാതെ!”
അനിത ചിരിച്ചു.
“ചേച്ചിയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ?’
“അല്ല ,അനിത ഇങ്ങനെ പൊട്ടി കളിക്കുമ്പം എനിക്കും ആകാല്ലോ.അതുകൊണ്ട് ചോദിക്കുന്നതാ,”
അവളുടെ വാക്കുകളിൽ എന്തൊക്കെയോ മുള്ളുകളുണ്ട്. പക്ഷെ എന്താണത്? അനിതയ്ക്ക് വല്ലായ്ക തോന്നി.
“ഇല്ല ചേച്ചി…”
അവൾ പുഞ്ചിരി മായ്ച്ച് കളഞ്ഞുകൊണ്ട് പറഞ്ഞു.
“ഞാൻ അങ്ങനെ അറിയാവുന്നത് അറിയില്ലാത്ത ഭാവം നടിച്ചിട്ടില്ല …അതുകൊണ്ടാ.ചേച്ചി എന്താ ഉദ്ദേശിക്കുന്നെ?”
“ശരി!”
ഡയാന ശബ്ദമുണ്ടണ്ടാക്കാതെ ചിരിച്ചു.
“അതിനിത്രേം സീരിയസ്സാവുമൊന്നും വേണ്ട…അനിതേടെ ഹസ് ശ്രീരാഗും എന്റെ കണവൻ ജോർജ്ജും ആണല്ലോ കമ്പനീടെ വൈസ് പ്രസിഡന്റ് പോസ്സിബിൾ ലിസ്റ്റിലെ രണ്ടുപേർ…”