അയാളുടെ കണ്ണുകള്‍ അസഹ്യമായ വേദന കൊണ്ട് അടഞ്ഞു.
പരിഭ്രമത്തോടെ ദിവ്യ അയാളെ താങ്ങിപ്പിടിച്ചു.
“എന്ത്..എന്ത് പറ്റി..സാര്‍?”
അയാള്‍ വിഷമിച്ച് കണ്ണുകള്‍ തുറന്നു.
പിന്നെ അവളെ നോക്കി.
“താഴെ…!”
അയാള്‍ വേദനയുടെ അസഹ്യതയില്‍ പറഞ്ഞു.
“ഈശ്വരാ!!”
അവള്‍ നടുങ്ങിപ്പോയി.
അയാളുടെ കാല്‍ച്ചുവട്ടില്‍ നിന്ന്‍ വേഗത്തില്‍ നീങ്ങാന്‍ തുടങ്ങുന്ന ഉഗ്രവിഷമുള്ള ഒരു സര്‍പ്പത്തെ അവള്‍ നിലാവില്‍ കണ്ടു.
“ഭഗവതീ…”
അവള്‍ അയാളെ ഒരു വിധം ചായിച്ച് ഇരുത്തി.
തന്‍റെ മാറില്‍ നിന്ന്‍ ഷാള്‍ എടുത്ത് അവള്‍ അയാളുടെ കാലില്‍ മുറിവിന് മുകളിലായി കെട്ടി.
എന്നിട്ട് കെട്ടിനടിയില്‍ സമീപത്ത് കിടന്ന ഒരു മരക്കമ്പെടുത്തു വെച്ചു.
പിന്നെ ചടുല വേഗതയില്‍ മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്തു.
“ഹലോ ഡോക്റ്റര്‍ സുനില്‍ അങ്കിള്‍….എന്താ ഇല്ലേ? ടൂര്‍ ആണോ..മൈ ഗോഡ്!!”
അവള്‍ പിന്നെ മറ്റൊരു നമ്പര്‍ ഡയല്‍ ചെയ്തു.
“ഏലിയാമ്മ ചേച്ചീ….ങ്ങ്ഹാ…ദിവ്യ… തോമാച്ചായന്‍ എന്ത്യേ…? ങ്ങ്ഹേ? കല്യാണത്തിനോ…?”
തനിക്ക് തലചുറ്റുന്നത് പോലെ ദിവ്യക്ക് തോന്നി.
“സാര്‍! ഗെറ്റിന്‍ ദ കാര്‍ …ക്വിക്ക്…!!”
അവള്‍ അയാളെപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു.
ഡോര്‍ തുറന്ന്‍ പിന്‍സീറ്റില്‍ ചായിച്ച് കിടത്തി.
പിന്നെ അതിവേഗത്തില്‍ അയാളെയുംകൊണ്ട് ചര്‍ച്ചിനടുത്തുള്ള ക്വാര്‍ട്ടെഴ്സിലേക്ക് കുതിച്ചു.
നിലാവില്‍ പള്ളിമുറ്റത്ത് ഫാദര്‍ ഗബ്രിയേല്‍ ഇരിക്കുന്നത് അവള്‍ കണ്ടു.
“ഫാദര്‍!!”
അദ്ധേഹത്തിന്‍റെയടുത്തെത്തി കാര്‍ നിര്‍ത്തി അവള്‍ തിടുക്കത്തില്‍, ഉച്ചത്തില്‍ വിളിച്ചു.
അദ്ദേഹം അദ്ഭുതപ്പെട്ടുകൊണ്ട് പെട്ടെന്ന്‍ എഴുന്നേറ്റു.
“എന്താ മോളെ?”
“ഫാദര്‍! ബാക്ക് ഡോര്‍ തുറക്ക്! സാറിനെ വിഷം തൊട്ടു. സാറിനെ അകത്ത് കൊണ്ടു പോയി കിടത്ത്!”
അദ്ദേഹം ഡോര്‍ തുറന്ന്‍ ഏകദേശം ശക്തിഹീനനായിക്കൊണ്ടിരിക്കുന്ന രാഹുലിനെ താങ്ങിയെഴുന്നേല്‍പ്പിച്ച് പുറത്ത് കൊണ്ടുവന്നു.