ഗായത്രി ദേവി ജാഗ്രതയോടെ ശ്രദ്ധിച്ചു.
“ബ്രഹ്മനിഷ്ഠകളും തപോബലവും പുരോഹിതനുണ്ടായിരിക്കണം. പുരോഹിതന്‍ മലിനപ്പെട്ടാല്‍ യാഗത്തിന് ഫലസിദ്ധിയുണ്ടാവില്ല,”
രാഹുല്‍ തന്‍റെ സ്വരം മൃദുലമാക്കാന്‍ ശ്രമിച്ചു.
“ഞാന്‍ പറഞ്ഞു വരുന്നത് ദിവ്യയെക്കുറിച്ചാണ്,”
അയാള്‍ തുടര്‍ന്നു.
“നല്ല കുട്ടിയാണവള്‍. ഈശ്വരാംശമേറെയുള്ളവള്‍. സുകൃതികളായ മാതാ പിതാക്കള്‍ക്കെ അവളെപ്പോലെ ഒരു മകള്‍ ജനിക്കൂ. പക്ഷേ…”
ഗായത്രി ദേവിയുടെ മുഖത്ത് ആകാംക്ഷ നിറയുന്നത് അയാള്‍ കണ്ടു.
“പക്ഷെ ആ കുട്ടിയ്ക്ക് ഞാനൊരു തപസ്വിയാണെന്നോ വൈദികനാണെന്നോ ബ്രഹ്മനിഷ്ഠകള്‍ പാലിക്കുന്ന ഒരു പുരോഹിതനാണെന്നോ ചിന്തകളില്ല,”
ഗായത്രി ദേവി ശിരസ്സ് കുനിച്ചു.
താന്‍ പറഞ്ഞു വരുന്നത് അവര്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് രാഹുല്‍ അറിഞ്ഞു.
“തമ്പുരാട്ടി ദിവ്യയുടെ അമ്മയാണ്. ഒരു മകളെ ഫലപ്രദമായി സ്വാധീനിക്കാനും തിരുത്താനും മനസ്സിലാക്കാനും കഴിയുന്നത് അമ്മയ്ക്കാണ്. ഞാന്‍ പറഞ്ഞു വരുന്നത് തമ്പുരാട്ടിക്ക് മനസ്സിലാവുന്നുണ്ടോ?”
“ഉവ്വ്,”
മുഖമുയര്‍ത്തി അവര്‍ പറഞ്ഞു.
ഒരു നിമിഷത്തെ നിശബ്ദത അവര്‍ക്കിടയില്‍ നിറഞ്ഞു.
“എനിക്കാ കുട്ടിയോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. ഒരു വൈദികന്‍ അങ്ങനെയായിരിക്കാന്‍ പാടില്ല. പക്ഷെ ആ കുട്ടി എന്നെക്കുറിച്ച് സങ്കല്‍പ്പിക്കുന്നത് പോലെയായിത്തീരാന്‍ എനിക്ക് കഴിയില്ല. ഞാന്‍ മനസ്സിലകിയിടത്തോളം കുമാരി പെട്ടെന്ന്‍ പിന്തിരിയുമെന്നും തോന്നുന്നില്ല,”
ഗായത്രി ദേവിയില്‍ നിന്നും ഒരു ദീര്‍ഘ നിശ്വാസം അയാള്‍ കേട്ടു.
“തമ്പുരാട്ടി ദിവ്യക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. ഉപദേശിക്കണം. തിരുത്തണം,”
“ഉവ്വ്,”
വീണ്ടും അല്‍പ്പ നിമിഷങ്ങളുടെ നിശബ്ദത കടന്നുവന്നു.
“…എങ്കില്‍ ഞാന്‍,”
തൊഴു കൈകളോടെ ഗായത്രി ദേവി എഴുന്നേറ്റു.
രാഹുലും.
വാതില്‍ക്കലോളം നടന്നിട്ട് അവര്‍ തിരിഞ്ഞു നിന്നു.
അവര്‍ രാഹുലിന്‍റെ കണ്ണുകളിലേക്ക് നോക്കി.
“ദിവ്യയെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാം,”
അവര്‍ രാഹുലിനോട് പറഞ്ഞു.
“ഉപദേശിക്കാം. തിരുത്താന്‍ പ്രേരിപ്പിക്കാം. എന്നെയും അവളുടെ അച്ഛനേയും അവള്‍ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് ഇപ്പോള്‍ അതിനേക്കാള്‍ അങ്ങനെ സ്നേഹിക്കുന്ന അവള്‍ ചിലപ്പോള്‍ ആ സ്വപ്നം ഉപേക്ഷിച്ചേക്കാം..”