“കാർപെറ്റ് വിരിച്ചത് പോലെയാ പുല്ലിവിടെ? പിന്നെന്തിനാണ് പായൊക്കെ?”
എല്ലാവരും പുൽത്തകിടിയിലേക്ക് നടന്നു.
“ഇഷ്ടമായോ ഫിറോസ്?”
ഫിറോസ് വരുന്നതിന് കാത്ത് നിൽക്കവേ അഭിരാമി വിളിച്ചു ചോദിച്ചു.
“ഗ്രാൻഡ്!!”
അവൻ തന്റെ ഇഷ്ടമറിയിച്ചു.
“ഏല്ലാരും വന്നേ!”
മുമ്പേ നടന്ന് പുൽപ്പുറത്ത് പായ വിരിച്ച ശേഷം കൊച്ചുത്രേസ്സ്യാ പറഞ്ഞു.
“വിശക്കുന്നുണ്ടാവില്ലേ? ഞാൻ വിളമ്പാൻ പോകുവാ!”
“പോയേക്കാം!”
അനുപമ എല്ലാവരോടും പറഞ്ഞു.
“അല്ലെങ്കിൽ ചേട്ടത്തിക്ക് കലി കേറും! വാ!”
മറ്റുള്ളവർ ചിരിച്ചു.
കൊച്ചുത്രേസ്സ്യായും വർക്കിയും ഭക്ഷണപ്പായ്ക്കറ്റുകൾ വെച്ച ബാഗുകൾ എടുത്തു കൊണ്ട് വന്നിരുന്നു.
“എല്ലാരും ഇരുന്നേ ആദ്യം!”
“ഓ! എന്റെ ചേട്ടത്തി..!”
അനിൽ പറഞ്ഞു.
“ഇങ്ങു തന്നാ മതീന്നെ! എന്നെതിനാ ഈ ഇരിക്കുന്നെ?”
“നിന്നോണ്ട് കഴിച്ചാ നട്ടെല്ല് വളയും!”
കൊച്ചുത്രേസ്സ്യാ പറഞ്ഞു.
“ങ്ഹേ!”
ഫിറോസ് അദ്‌ഭുതത്തോടെ ചോദിച്ചു.
“ചേട്ടത്തിയും ഡോക്റ്ററാണോ?”
“പിന്നില്ലേ!”
വർക്കി പരിഹാസ സ്വരത്തിൽ പറഞ്ഞു.
“ആശാൻ കളരീൽ വരെ ഓരോ മാസോം തോറ്റ് പഠിച്ച മൊതലാ!”
“ഒന്ന് പോ മനുഷ്യാ!”
തെർമൽ കെറ്റിൽ തുറന്ന് ഗ്ലാസ്സുകളിലേക്ക് ചൂടുള്ള ചായ പകർന്നുകൊണ്ട് അവൾ വർക്കിയെ എതിരിട്ടു.
“ഞാൻ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചതാ,”
“അന്നേരം കെട്ടിക്കാൻ പ്രയവായി!”
സിൽവർ പേപ്പറിൽ പൊതിഞ്ഞ ഭക്ഷണ പാക്കറ്റ് ഓരോരുത്തർക്കും കൈമാറുന്നതിനിടയിൽ വർക്കി പറഞ്ഞു.
കേട്ട് നിന്നവർ പിന്നെയും ചിരിച്ചു.
ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയുള്ള സ്ഥലമാണ് അതെന്ന് ഫിറോസ് പറഞ്ഞു.
അവിടെ ഒരു റിസോർട്ട് പണിയാൻ ഡോക്റ്റർ പ്രവീണിന് തോന്നിയത് ബിസിനെസ്സ് സംബന്ധിച്ച അയാളുടെ ഉൾക്കാഴ്ച്ചയുടെ തെളിവാണ് എന്ന് അയാൾ പ്രശംസിച്ചു.
ലണ്ടനിൽ താൻ ചെയ്യുന്ന കമ്പനിയിൽ സഹപ്രവർത്തകരായും ക്ളൈൻറ്റുകളായും വിപുലമായ ഒരു സുഹൃദ്വലയം തനിക്കുണ്ടെന്നും അവരിൽ ഭൂരിഭാഗവും യാത്രാപ്രിയരാണ് എന്നും നല്ല ഒരു ക്യാൻവാസിംഗ് താൻ ഡോക്റ്റർ പ്രവീണിന്റെ റിസോർട്ടിന് വേണ്ടി ചെയ്യുമെന്നും ഫിറോസ് പറഞ്ഞു.
അതിനിടയിൽ പാട്ടും ഡാൻസുമൊക്കെ അരങ്ങേറി.
“കൊച്ചുത്രേസ്സ്യായെ,”
ഉല്ലാസമൊക്കെ തകർക്കുന്നതിനിടയിൽ വർക്കി ഭാര്യയെ വിളിച്ചു.
“എന്നതാ?”
നാടൻ പാട്ട് പാടി തകർക്കുന്നതിനിടയിൽ കൊച്ചുത്രേസ്സ്യാ വിളികേട്ടു.
“എടീ സാറിന്റെ വീട്ടീന്ന് പൊരുമ്പം വേറെ ചില ഐറ്റം ഒക്കെ നമ്മള് കൊണ്ടന്നില്ലാരുന്നോ? അതെന്ത്യേ?”