ഏട്ടത്തി ഇന്ന് പ്രാണനോളം പോന്ന പ്രണയമായ അവരുടെ പ്രണയകഥ.
*******************************
“ഏട്ടത്തിക്ക് പൊക്കൂടെ ഇവിടുന്ന് എവിടേക്കെങ്കിലും, എന്തിനാ ഈ ദുഷ്ടനെ സഹിച്ചു ജീവിക്കണേ…”
അടുക്കള വാതിൽപ്പുറത്തു അടി കൊണ്ടു വീങ്ങിയ കവിളിൽ ഐസ് വെച്ചു പതിയെ തഴുകുമ്പോൾ കിച്ചു നീരജയോട് ചോദിച്ചു.
ചോര പൊടിഞ്ഞ ചുണ്ടു വലിച്ചൊരു നേർത്ത ചിരി മാത്രമായിരുന്നു അവളുടെ മറുപടി, അതിനും മുകളിൽ അവൻ കണ്ടത് കണ്ണിന്റെ കോണിൽ പൊടിഞ്ഞ നീർക്കണം ആയിരുന്നു.
നീരജയെ ഏട്ടൻ കൃഷ്ണൻ കെട്ടി വീട്ടിൽ കൊണ്ടു വന്നു രണ്ടാമത്തെ ആഴ്ച്ച തുടങ്ങി കിച്ചു കണ്ടു തുടങ്ങിയതാണ് പട്ടിയെ പോലെ കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ചട്ടവും ചിട്ടയും പഠിപ്പിക്കുന്ന കാട്ടാളനെ.
പ്ലസ് ടു വിനു പഠിക്കുന്ന പതിനേഴ്കാരന്, വീടിന്റെ കാരണവ സ്ഥാനമുള്ള പതിനൊന്നു വയസ്സിന് മൂപ്പുള്ള, ദേഷ്യവും അഹങ്കാരവും കൈ മുതലായുള്ള ദയ തൊട്ടു തീണ്ടിയിട്ടില്ലാത്ത കൃഷ്ണനെ പേടി ആയിരുന്നു,
നാട്ടിലും വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കി, മദം പൊട്ടിയ ഒറ്റയാനെ പോലെ നടക്കുന്ന ഏട്ടനെ,
പേടിക്കൊപ്പം വളരും തോറും വെറുപ്പ് കൂടി ഊതിയിറക്കിയാണ് ഏട്ടൻ എന്ന പദം കിച്ചു അറിഞ്ഞത്.
ഒറ്റയാനെ തളക്കാൻ പെണ്ണിന് കഴിയും എന്ന വിവരമില്ലായ്മയ്ക്ക്.
ഏതോ പാവപ്പെട്ട വീട്ടിലെ മൂന്നു മക്കളിൽ മൂത്ത നീരജയെ ഏട്ടന് വേണ്ടി കണ്ടെത്തിയ വല്യമ്മ സുമയോട് അവനു കലിയടങ്ങാത്ത ദേഷ്യം ആയിരുന്നു,
അവനെക്കാൾ അഞ്ചു വയസ്സ് മാത്രം മൂപ്പുള്ള തുമ്പപ്പൂ പോലെ ഭംഗിയുള്ള നീരജയെ ഏട്ടൻ കെട്ടിക്കൊണ്ടു വീട്ടിലേക്ക് വരുമ്പോൾ, ഏട്ടത്തിയെ എങ്കിലും നല്ലോണം നോക്കണേ എന്നു മാത്രമേ കിച്ചു പ്രാർത്ഥിച്ചിട്ടുള്ളൂ,
എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെയായി മാറി,
പെണ്ണിനോടുള്ള ആദ്യത്തെ അഭിനിവേശം കൃഷ്ണന് രണ്ടാഴ്ച്ച കൊണ്ടു കെട്ടടങ്ങി,
മധുവിധുവിന്റെ കളി ചിരികൾ ഉയരേണ്ട മുറിയിൽ നിന്നു, നിസാഹായായ പെണ്ണിന്റെ തേങ്ങലും, അടികൊണ്ടു പുളയുന്ന കരച്ചിലുകളും മാത്രം പല രാത്രികളിൽ നിശബ്ദത കീറിമുറിച്ചപ്പോൾ, കിച്ചു പല തവണ പ്രാകിയിരുന്നു,
അവരുടെ അമ്മ അമലയ്ക്ക് പോലും ആ കാട്ടാളനെ തടയാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല,