അവൾക്ക് നൊന്തെന്നു മനസിലായ എന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു. ആ മുഖം എന്റെ നെഞ്ചിന് എത്ര ആഴമുണ്ടോ അത്രയും ആഴത്തിൽ പതിഞ്ഞു. ചെയ്തത് തെറ്റായി പോയി. ഈശ്വരാ.. അപ്പോഴേക്കും വണ്ടി അമ്പല കവാടത്തിന്റെ വിശാലമായ പറമ്പിലേക്ക് കയറി. ഒന്നുരണ്ടു കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. പുറത്ത് ആളുകൾ കുറവാണു.
“നീതു..
എടി നീതു…”
എന്റെ വിളികൾക്ക് അവൾ മിണ്ടിയതേ ഇല്ല. നെഞ്ച് നുറുങ്ങുന്ന ഒരു ഫീൽ. വണ്ടി നിർത്തി രണ്ടാളും ഇറങ്ങി കഴിഞ്ഞ് ഞാനവളുടെ കയ്യിൽ പിടിച്ച് മാപ്പപേക്ഷിച്ചു. തമാശക്ക് ചെയ്തത് അവൾക്ക് നൊന്തെങ്കിൽ അത് കുറ്റം തന്നെയാണ്. കണ്ണുനീരിന്റെ ഓളം വെട്ടുന്ന വിതുമ്പേണ്ട തരത്തിൽ എത്തിയ അവളുടെ മുഖം കണ്ട് എനിക്ക് ആകെ വിഷമമായി. ചെയ്തത് തെറ്റാണ്. അല്ലെങ്കിലും വേദനിപ്പിക്കാൻ പാടുണ്ടോ. ഓരോ പണ്ടാര തോന്നൽ. ഞാൻ അവിടെ കുനിഞ്ഞിരുന്നു അവളുടെ കാലിൽ പിടിച്ചു.
“അയ്യേ ഹരിയേട്ടാ..”
സ്വര ഇടർച്ചയോടെ അവൾ കാലു പുറകോട്ട് വലിച്ചു.
“പറ എന്നോട് ക്ഷമിച്ചു എന്ന് പറ.”
“എണീക്ക്..”
“പറ..”
“ഇതാ ആരെങ്കിലും കാണും..”
“പറയാതെ എണീക്കില്ല…”
“ക്ഷമിച്ചു ക്ഷമിച്ചു.. എണീക്ക്..”
അത് കേട്ടതും അവൻ തല ഉയർത്തി അവളെ നോക്കി മുഖത്ത് ഗോഷ്ഠി രൂപം വരുത്തി കൊണ്ട് ചിരിച്ചു. അതവളെ ചിരിപ്പിക്കാനുള്ള അടവായിരുന്നു. അത് ഏതായാലും ഏറ്റു. നീതുവിന് ചിരി പൊട്ടിയപ്പോൾ അവളുടെ കണ്ണുകളിൽ തളം കെട്ടിയ കണ്ണീർ പുറത്തേക്ക് തെറിച്ചു പോയി. അത് കണ്ട് എനിക്കാകെ വല്ലാതെയായി. ഞാൻ എഴുന്നേറ്റു. കണ്ണ് തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിക്കുന്ന അവളെ എനിക്ക് വാരിപുണരണമെന്ന് എന്ന് തോന്നി. ചുറ്റും നോക്കിയപ്പോൾ അനുകൂല സാഹചര്യമാണ്. കാറിന്റെ മറവിൽ ഒട്ടും സമയം കളയാതെ അവളെ ഞാനെന്റെ മാറോടണച്ചു.
“സോറി പെണ്ണേ.. അറിയാതെ ചെയ്തു പോയതാ. നോവിക്കണമെന്ന് ഉദ്ദേശിച്ചില്ല.”
പാതി കള്ളം മറഞ്ഞ മനസ്സിൽ വന്നത് ഞാൻ പറഞ്ഞു. അതിനുത്തരമെന്നോണം അവളുടെ തേങ്ങലിനൊപ്പം മൂക്ക് വലിക്കുന്ന ശബ്ദമാണ് കേട്ടത്. അതിനിടക്ക് അവൾക്ക് മൂക്കിൽ നിന്നും ഒലിച്ചു തുടങ്ങിയിരുന്നു. ചുറ്റിലും നോക്കി ഞാനവളെ വേർപ്പെടുത്തി.
“ടവൽ എടുത്തിട്ടുണ്ടോ??”
ഇല്ലെന്നവൾ തലയാട്ടി.