ഫൈസയുടെ മുഖത്ത് ഇതിപ്പോ എന്തുണ്ടായി എന്ന സംശയമായിരുന്നു. കളിപ്പാട്ടം തട്ടിപ്പറിക്കപ്പെട്ട ഒരു കുട്ടിയുടെ ദൈന്യത അവളില്‍ നിഴലിച്ചു. സാരികൾ നേരെയാക്കി,പെട്ടെന്ന് തന്നെ മുഖത്തും കഴുത്തിലും മാറിലുമെല്ലാം പറ്റിക്കിടന്ന ചായം തുടച്ചുകളഞ്ഞ് അവർ ടോയ്‌ലെറ്റിൽ നിന്നിറങ്ങി.
കീ കൊടുത്ത ഒരു പാവയെ പോലെ ഫൈസ ജ്യോതിയുടെ പുറകെ നടന്നു. “ജ്യോതി, എന്താടി പറ്റിയത്? ഒന്ന് പറഞ്ഞിട്ട് പോ…” ഫൈസ ഒരു കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. സങ്കടമല്ല അവളുടെ മുഖത്ത്, ഭയമാണ്. ധൃതിയില്‍ നടക്കുന്ന ജ്യോതിയുടെ കൈ പിടിച്ച് അവൾ നിർത്തി.
“ജ്യോതി, അറിയാതെ പറ്റിപ്പോയതാ. നീ ഇതാരോടെങ്കിലും പറഞ്ഞാല്‍ ഞാന്‍ കെട്ടിത്തൂങ്ങി ചാവും… പറയല്ലേ… പ്ലീസ്… ” ഫൈസയുടെ വിരലുകള്‍ പുതുമഴയിലെ പച്ചില പോലെ വിറക്കുന്നുണ്ടായിരുന്നു.
“ഇല്ല… ആരോടും പറയില്ല…” ജ്യോതി ഉറപ്പ് കൊടുത്തു. ഫൈസയുടെ ഉള്ളിലെ ഭയം ജ്യോതിക്ക് കാണാനുണ്ടായിരുന്നു. പക്ഷെ അവളുടെ കൂടെ നിന്ന് ആശ്വസിപ്പിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ. മൈക്കിൽ നിന്ന് വരുന്ന അനൗൺസ്മെന്റുകളോ ചുറ്റും നടക്കുന്ന ആഘോഷങ്ങളോ അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു വലിയ കല്ലെടുത്ത് അടിച്ചത് പോലെ തോന്നുന്നുണ്ടായിരുന്നു ജ്യോതിക്ക്. അവളുടെ ഉള്ളില്‍ കുറ്റബോധമാണ്. എന്തിനാണ് കുറ്റബോധമെന്ന് മാത്രം അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. രാജി…! രാജിയുടെ മുഖം മാത്രം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു… പക്ഷേ എന്തിന്?
വേഗം പരിപാടികൾ കഴിഞ്ഞ് വീട്ടിലെത്തണം എന്ന് മാത്രമേ ജ്യോതിക്ക് ഉണ്ടായിരുന്നുള്ളൂ. കരഞ്ഞുവീർത്ത കണ്ണുകൾ കൂട്ടുകാരികളിൽ നിന്നൊളിക്കുവാൻ ഫൈസ പാടുപെടുന്നത് ജ്യോതി കണ്ടു. അവളും കൂട്ടുകാരോട് അധികം ഇടപഴകാൻ നിന്നില്ല. അത്രയും ആളുകൾക്കിടയിൽ അവൾക്കെന്തോ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവസാനത്തെ പാട്ടും കഴിഞ്ഞ് മൈക്കിൽ പരിപാടികള്‍ അവസാനിച്ചതിന്റെ അനൗൺസ്മെന്റ് വന്നപ്പോള്‍ ആശ്വാസമാണ് തോന്നിയത്.
തിരിച്ച് പോകുമ്പോള്‍ സ്കൂട്ടറിന്റെ പുറകിലിരിക്കുമ്പോൾ താൻ വല്ലാതെ തളർന്നു പോകുന്നതായി ജ്യോതിക്ക് തോന്നി. ഭൂമിക്ക് അടിയിലേക്ക് താന്‍ ആഴ്ന്നു പോകുമെന്ന് അവൾ ഭയപ്പെട്ടു. ജ്യോതി തന്റെ വലതുകൈ രാജിയുടെ വയറിനെ ചുറ്റിപ്പിടിച്ചു. ആഴ്ന്നു പോകുന്ന തന്നെ ഈ ഭൂമിയില്‍ പിടിച്ചുനിർത്താൻ അവൾക്ക് അങ്ങനെ ഒരു നങ്കൂരം വേണമായിരുന്നു. രാജി ഇടക്കൊന്ന് തിരിഞ്ഞ് നോക്കി. പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുന്നത് തുടര്‍ന്നു.