ഇടയ്ക്കവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി ..
11: 20…
അമ്മിണിയമ്മ ഫ്ലോർ കഴുകി തുടച്ച് വൃത്തിയാക്കി പോയിരുന്നു …
പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മിണിയമ്മ ഹാളിൽ വന്നു …
“വിനയേട്ടനാ ….”
സൗമ്യ ഭാവത്തിൽ അഭിരാമി പറഞ്ഞു …
” ഇതങ്ങു കൊടുത്തേക്ക് ….”
കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവരുടെ നേരെ നീട്ടി അഭിരാമി പറഞ്ഞു..
ചോദ്യ ഭാവത്തിൽ അവളെ നോക്കി പണവും വാങ്ങി, അമ്മിണിയമ്മ പുറത്തേക്ക് പോയി …
അഞ്ചു മിനിറ്റിനകം അവരോടൊപ്പം വിനയചന്ദ്രനും കയറി വന്നു..
നരച്ച ജീൻസും കറുത്ത ഷർട്ടും ധരിച്ച് താടിയും മുടിയും അലങ്കോലമായിക്കിടക്കുന്ന മെലിഞ്ഞ രൂപത്തെക്കണ്ട് അവളൊന്നു വല്ലാതെയായി ….
“വിനയേട്ടൻ … ” അവളുടെ ഹൃദയം പതിയെ മന്ത്രിച്ചു …
വളരെ സാവകാശം അയാൾ ഹാളിലേക്ക് കയറി വന്നു …
” ഞാൻ ചായയെടുക്കാം കുഞ്ഞേ ….”
“വേണ്ട … ഇച്ചിരി വെള്ളവും ഗ്ലാസ്സും ഇങ്ങെടുത്താൽ മതി … ”
പറഞ്ഞിട്ട് വിനയചന്ദ്രൻ ടീപ്പോയ്ക്കടുത്തു കിടന്ന ചൂരൽക്കസേരയിലേക്ക് ചാഞ്ഞു.
മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ട ശേഷം അവൾ അയാൾക്കരുകിലേക്ക് വന്നു …
“നീയിരിക്ക് ….” വിനയചന്ദ്രൻ പറഞ്ഞു. അയാളുടെ നോട്ടം അടുക്കള വാതിലിനു നേർക്കായിരുന്നു …
അയാളുടെ ഇടതു വശത്തേക്ക് ഒരു കസേര വലിച്ചിട്ട് അഭിരാമി ഇരുന്നു..
” എന്നതാ കാര്യം ….?” അയാൾ അക്ഷമനായി …
” പറയാം … ”
അമ്മിണിയമ്മ ട്രേയിൽ ഒരു ഗ്ലാസ്സും തണുത്ത വെള്ളവുമായി വന്നു.
ചില്ലു കോപ്പയിൽ നാരങ്ങാ അച്ചാറും എരിവുള്ള മിച്ചറും എടുത്ത് അവർ ടീപ്പോയിലേക്ക് വെച്ചു.
ഉപദംശകങ്ങൾ എത്തിയ നിമിഷം തന്നെ അയാൾ തന്റെ അരയിൽ തിരുകി വെച്ചിരുന്ന ഒരു അര ലിറ്ററിന്റെ ബ്രാണ്ടിക്കുപ്പിയെടുത്തു.
“നീയിത് കാര്യമാക്കണ്ട ..”
വിറയ്ക്കുന്ന കൈകളോടെ കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടയിൽ അയാൾ പറഞ്ഞു.
“രാവിലെ തുടങ്ങിയിട്ടുണ്ടല്ലോ… നല്ല മണം ….”
അവൾ മൂക്കു ചുളിച്ചു..
” ഇന്നലത്തേതിന്റെയാ ….”
മുക്കാൽ ഗ്ലാസ്സ് ബ്രാണ്ടിക്കു മുകളിലേക്ക് അയാൾ പതിയെ വെള്ളം ചെരിച്ചു …