“ന്താ ത് …?”
” ഈ വീടിന്റെ ഒരു ചാവിയാ…”
“ന്തിന്…?”
“അയാളെന്നാ വന്ന് കൊല്ലുകാന്നറിയില്ലല്ലോ … എന്റെ ബോഡി എടുത്തോണ്ട് പോകാൻ വാതിൽ തല്ലിപ്പൊളിക്കാനിട വരുത്തണ്ട … ”
” മോളെന്തൊക്കെയാ യീ പറയുന്നേ…?”
“അമ്മിണിയമ്മയും കേട്ടതല്ലേ അയാൾ പറഞ്ഞത് …?”
” ന്ന് വച്ച് അങ്ങനെ അവൻ ചെയ്യോ ….?”
“എന്റെ അച്ഛനെ വെല്ലുവിളിച്ച് അവൻ പറഞ്ഞത് നിങ്ങൾ മറന്നോ…?”
അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല …
” ഇത് കയ്യിലിരിക്കട്ടെ …”
അവൾ ബലമായി താക്കോൽ അവരുടെ കയ്യിൽ വെച്ചു കൊടുത്തു.
” അജു ഇന്ന് വന്നേക്കും ….” അവൾ പറഞ്ഞു.
” അതാ നല്ലത് … ഒരാള് കൂട്ടുള്ളത് നല്ലതാ… ഞാനത് മോളോട് എങ്ങനെയാ പറയണേന്ന് കരുതിയിരിക്കുവായിരുന്നു … ”
” അമ്മിണിയമ്മ സമയമായെങ്കിൽ പൊയ്ക്കോ…”
“മോൻ വന്നിട്ട് പൊയ്ക്കോളാം…”
“അവൻ ഒരുപാട് രാത്രിയാകും വരാൻ … ”
രണ്ടു കിലോമീറ്റർ മാറിയാണ് അമ്മിണിയമ്മയുടെ വീട് . മരിച്ചു പോയ മകന്റെ ഭാര്യയും രണ്ടു കുട്ടികളും ആണ് അവരുടെ കൂടെ വീട്ടിലുള്ളത്.
ഏഴുമണിയായപ്പോഴേക്കും മനസ്സില്ലാ മനസ്സോടെ അമ്മിണിയമ്മ പോകാനിറങ്ങി …
അവർ പോയ ശേഷം വാതിലുകളും ജനലുകളും അടച്ച് അഭിരാമി മുറിയിൽ കയറി …
വർഷങ്ങളായുള്ള പതിവാണത്…
അവൾക്ക് അസുഖങ്ങളോ മറ്റോ വരുമ്പോഴാണ് അമ്മിണിയമ്മ അവിടെ താമസിക്കുക ..
ആ കിടപ്പിലാണ് അഭിരാമി അജയ് നേയും വിനയചന്ദ്രനേയും ട്രീസയേയുമൊക്കെ വിളിച്ചിരുന്നത് …
മതിൽക്കെട്ടിനപ്പുറം അടുത്തടുത്തായി വീടുകളുണ്ട് …
ഇന്നലെ വരെ ആരും കൊല്ലുമെന്ന ഭയം അവൾക്കില്ലാത്തതിനാൽ ആ വലിയ വീട്ടിൽ പേടി തോന്നിയിരുന്നില്ല … പക്ഷേ ഇന്നു മുതൽ വല്ലാത്തൊരു ഭയം തന്നെ പിടികൂടിയത് അവളറിഞ്ഞു തുടങ്ങിയിരുന്നു …
പാതിരാത്രി വരെ ആലോചിച്ചിട്ടും വിനയചന്ദ്രന്റെ മനസ്സിൽ എന്താണെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല …
വിനയേട്ടൻ മാത്രമേ തന്നെ രക്ഷിക്കുവാനുള്ളൂ …
മദ്യപാനിയാണെങ്കിലും ആരോഗ്യം ക്ഷയിച്ചവനാണെങ്കിലും ഒരു പുരുഷൻ തരുന്ന കരുതലിന്റെ വില അവൾ അനുഭവിച്ചറിഞ്ഞു.
വിനയേട്ടൻ ചതിക്കില്ല ….
അഥവാ ചതിച്ചാൽ തന്നെ തന്റെ മകനുണ്ടല്ലോ കൂടെ ….