” വിനയേട്ടാ … അത് …?”
” ചാവി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചോളാം…”
” പോകുമ്പോൾ കാർ കൊണ്ടുപോകരുത്.. ബസ്സിനോ ടാക്സിക്കോ പോവുക … ”
അഭിരാമി ഒന്നും മിണ്ടിയില്ല …
“ദൂരയാത്രയാണെങ്കിൽ രണ്ടോ മൂന്നോ വണ്ടി ആവശ്യമില്ലെങ്കിലും മാറിക്കയറിയേക്കണം … ”
സമ്മതിക്കുന്ന മട്ടിൽ അഭിരാമി അറിയാതെ തല കുലുക്കി.
” ഒരു കാര്യം കൂടി ….”
അയാൾ അവളുടെയടുത്തേക്ക് വന്ന് കുനിഞ്ഞു …
“നിങ്ങൾ ചെല്ലുന്ന സ്ഥലം എന്നെ ഒന്ന് വിളിച്ചു പറയുക.. അതിനു ശേഷമോ മുൻപോ ഫോൺ ഓൺ ചെയ്തേക്കരുത് … ”
” ഫോണില്ലാതെ … ”
” ഏറിയാൽ പത്തു ദിവസം അഭി …. ഇതിന്റെ നെല്ലും പതിരും നമുക്ക് തിരിച്ചെടുക്കാം … ”
” എവിടെപ്പോകാനാ …?”
” എനിക്കിപ്പോൾ അങ്ങനെയുള്ള കണക്ഷൻസ് ഒന്നുമില്ലെന്ന് നിനക്കറിയില്ലേ … അത് നീ തീരുമാനിക്കുക … അല്ലെങ്കിൽ അജയ് കൂടി വന്നിട്ട് തീരുമാനിക്ക് … ”
” അവനോട് പറയണ്ടേ….?”
” വരുമ്പോഴേ പറയണ്ട … ”
അവൾ കാർ പിന്നോട്ടെടുത്തു … ഗേയ്റ്റിനരുകിലേക്ക് കാർ ഇറങ്ങിയപ്പോഴേക്കും അയാൾ പിന്നാലെ ഓടിച്ചെന്നു….
അയാളെ റിയർ വ്യൂ മിററിൽ കണ്ട് അവൾ കാർ നിർത്തി …
“എന്താ വിനയേട്ടാ ….?”
“പറഞ്ഞതൊന്നും മറക്കരുത് … അതുപോലെ തന്നെ ചെയ്തേക്കണം. ഫോൺ എടുക്കണ്ട എന്ന് അജയ് നോട് കർശനമായി പറഞ്ഞേക്കണം … ”
” ഉം… ”
മൂളിയിട്ട് അവൾ കാർ മുന്നോട്ടെടുത്തു …
അവൾ വീട്ടിൽച്ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അജയ് യുടെ മെസ്സേജ് വന്നിരുന്നു. പതിനൊന്നര കഴിയുമ്പോഴേക്കും അവൻ വീട്ടിലെത്തും എന്നായിരുന്നു പറഞ്ഞത്.
അമ്മിണിയമ്മ അവൾക്ക് ചായയെടുത്തു.
അവൾ ചായ കുടിക്കുന്നതും നോക്കി അവർ ചുമരും ചാരി നിന്നു.
“എന്തായി മോളേ ….?”
“എന്താകാൻ …? ”
പറഞ്ഞിട്ട് ചായക്കപ്പുമായി അവൾ റൂമിലേക്ക് പോയി .. തിരികെ വന്നത് ഒരു ചാവിയുമായായിരുന്നു.
” അമ്മിണിയമ്മ ഇത് പിടി ..”