അവൾ വണ്ടിയുടെ വേഗത കുറച്ച് അയാളെ നോക്കി …
വിനയചന്ദ്രൻ നിവർന്നിരുന്നു …
“എന്താ കാര്യം …?” അവൾ ചോദിച്ചു.
“എന്റെ മനസ്സു പറയുന്നത് അവനോടൊപ്പം മറ്റൊരാൾ കൂടി നിനക്കെതിരെ ഉണ്ട് എന്നാണ് … ”
” ആര് …….??” അവളുടെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളി ….
” അതെനിക്കറിയില്ല … ”
” വിനയേട്ടൻ വെറുതെ ഊഹിക്കാതെ ….”
” ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമാകാം … ”
അഭിരാമി ഒന്നും മിണ്ടിയില്ല …
” എന്റെ ഊഹം ശരിയാണെങ്കിൽ ഇന്ന് ഒന്നുകൂടി അവൻ നിന്നെ വിളിക്കും … ”
” എന്തിന്…?” അഭിരാമിയുടെ ഹൃദയം പിടച്ചു തുടങ്ങി …
” നമ്മൾ തമ്മിൽ കോൺടാക്റ്റ് ഉണ്ട് , അതായത് നിന്നെ സഹായിക്കാൻ ഒരാളുണ്ട് എന്നവനറിഞ്ഞാൽ പറഞ്ഞത് പ്രാവർത്തികമാക്കുക എളുപ്പമല്ല എന്നവനറിയാം … ”
വിനയചന്ദ്രൻ പറഞ്ഞു നിർത്തിയതും അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു …
ചെറിയ വിറയലോടെ ഫോണിലേക്ക് നോക്കിയ അഭിരാമി നടുങ്ങി വിറച്ച് വിനയചന്ദ്രനെ നോക്കി.
രാജീവ് കോളിംഗ് ….
അഭിരാമി ഇൻഡിക്കേറ്ററിട്ടു കൊണ്ട് ഇടത്തേക്ക് വണ്ടി ചേർത്തു ….
” അയാളാ…” അവളുടെ സ്വരം വിറച്ചിരുന്നു….
കാർ നിന്നു ….
ഫോണിലെ പേര് കണ്ടതും വിനയചന്ദ്രന്റെ മുഖവും വിളറി വെളുത്തിരുന്നു …
“എടുക്ക്…”
അയാൾ പറഞ്ഞു …
റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് അഭിരാമി കോൾ സ്പീക്കർ മോഡിലിട്ടു ….
“പഴയ മച്ചുണൻ കാമുകനാണല്ലേ പുതിയ രക്ഷകൻ ….?”
അടുത്ത് നിന്നെന്ന പോലെ രാജീവിന്റെ സ്വരം ഇരുവരും കേട്ടു.
“സ്റ്റിച്ച് നാലെണ്ണമുണ്ട്… ആ കത്തി എന്റെ കയ്യിൽ തന്നെയുണ്ട് ….” ഭീഷണിയുടെ സ്വരത്തിൽ രാജീവ് പറഞ്ഞു …
” പറഞ്ഞത് മറക്കണ്ട … നീയിനി ആരെയൊക്കെ കൂട്ടു പിടിച്ചാലും ….”
രാജീവ് മുഴുമിപ്പിക്കുന്നതിനു മുൻപേ അവൾ കോൾ കട്ടാക്കി.
“വിനയേട്ടാ ..” ഭയത്തോടെ അവൾ വിളിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല …
” എന്റെ അച്ഛന്റെ സ്വത്തുക്കൾ …. അയാളെ കല്യാണം കഴിച്ചു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തുള്ളൂ ….”