അതിനിടയിൽ അഭിരാമിയുടെ ജീവിതത്തിലും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. പണമായിരുന്നു വില്ലൻ …
പിള്ള മരുമകനെ കണ്ണടച്ചു വിശ്വസിച്ചു. ബിസിനസ്സ് ആവശ്യം പറഞ്ഞ് ഒരു ബിൽഡിംഗ് രാജീവ് കൈക്കലാക്കി. സ്വർണ്ണവും അല്ലാതെ കൈപ്പറ്റിയിട്ടുള്ള പണവും അതിനു പുറമെയായിരുന്നു. തന്റെ മരുമകൻ ഇത്തിൾക്കണ്ണിയാണെന്ന് പിള്ള തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
പിള്ള കേസു കൊടുത്തു.
ഒത്തുതീർപ്പും അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. അഭിരാമിയെയും മകനേയും വീട്ടിലാക്കി രാജീവ് പ്രതികാരം തുടങ്ങി. അതിനിടയിൽ രാജീവിന്റെ പരസ്ത്രീ ഗമനം കൂടി അറിഞ്ഞതോടെ പിള്ള രാജീവിനെ തകർക്കാനുള്ള വഴികൾ തേടി … ഒന്നും വിജയം കാണാതെ പോയതോടെ പിള്ളയ്ക്ക് ഭ്രാന്തായി.
എല്ലാം കണ്ടും കേട്ടും മനസ്സാ കരഞ്ഞും വീടിനകത്ത് നാമജപവുമായി കഴിഞ്ഞിരുന്ന ഹേമലതയുടെ നിർബന്ധ പ്രകാരം തമിഴ്നാട്ടിലെ തിരുച്ചെന്തൂർ കോവിലിലേക്ക് പിള്ളയും ഹേമലതയും പോയി. തിരിച്ചു വന്നത് ജീവനറ്റായിരുന്നു.
കാർ ആക്സിഡന്റിൽ അവർ കൊല്ലപ്പെടുമ്പോൾ അതിനു പിന്നിൽ രാജീവ് ആണെന്ന് പരക്കെ ശ്രുതിയുണ്ടായിരുന്നുവെങ്കിലും തെളിവില്ലായിരുന്നു.
മാസങ്ങളോളം അതിനു പിന്നാലെ അഭിരാമി കളക്ട്രേറ്റിലും പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങിയെങ്കിലും അതൊന്നും എവിടെയും എത്തിയില്ല … കാരണം ആർക്കും അതിന് താല്പര്യമില്ലായിരുന്നു .. അഭിരാമിയുടെ കൂടെ ആരും ഇല്ലായിരുന്നു താനും.
പിള്ളയുടെയും ഭാര്യയുടെയും മരണത്തിന്റെ ശൂന്യതയിലേക്ക് രാജീവ് വീണ്ടും നുഴഞ്ഞു കയറി …
ഒരാശ്രയവും ഇല്ലാതിരുന്ന അഭിരാമിക്ക് മറ്റൊരു നിർവ്വാഹവുമില്ലായിരുന്നു.
ബന്ധുക്കളില്ല ….
ഉള്ള ബന്ധുക്കൾ അകൽച്ചയിലും …
കുറച്ചു മാസങ്ങൾ കുഴപ്പമില്ലായിരുന്നു. രാജീവ് അതിനു ശേഷം തനി സ്വഭാവം പുറത്തു കാണിച്ചു തുടങ്ങി.
രാജീവിന്റെ കൂടെ മറ്റൊരു സ്ത്രീയെ നഗ്നരായി കാണേണ്ട സാഹചര്യം ഉണ്ടായതോടെ അഭിരാമി ആ ബന്ധത്തിന് ഫുൾ സ്റ്റോപ്പിട്ടു.
നിലവിൽ രണ്ട് കേസ് നടക്കുന്നുണ്ട് …
ഒന്ന് അച്ഛൻ തുടങ്ങി വെച്ച സാമ്പത്തിക കേസ് … രണ്ട് , വിവാഹ മോചന കേസ് ….
രാജീവുമായുള്ള ബന്ധം ഫുൾ സ്റ്റോപ്പിട്ട ശേഷമാണ് അഭിരാമി വിനയചന്ദ്രനെ വിളിച്ചു തുടങ്ങിയത് …
പ്രേമ, കാമ പൂർത്തീകരണമൊന്നും ആ വിളിക്കു പിന്നിൽ ഇല്ലായിരുന്നു.
വീട്ടുകാരുടെ സ്വാർത്ഥതയ്ക്കും ദുരഭിമാനത്തിനും സ്വന്തം ജീവിതം തന്നെ ബലി കൊടുക്കേണ്ടി വന്ന രണ്ടാത്മക്കളുടെ സല്ലാപങ്ങൾ മാത്രമായിരുന്നു അത് …